വാഗമണ്‍ ഭൂമി കൈയേറ്റം: ഉദ്യോഗസ്‌ഥരും കുടുങ്ങും
തൊടുപുഴ : വാഗമണ്ണില്‍ നടന്ന വന്‍ ഭൂമി കൈയേറ്റത്തിനു ഒത്താശ ചെയ്‌ത ഉദ്യോഗസ്‌ഥ സംഘവും കുടുങ്ങുമെന്ന് സൂചന. വാഗമണ്ണിലെ 55 ഏക്കര്‍ കൈയേറ്റം ഒഴുപ്പിക്കാന്‍ നടപടി തുടങ്ങിയതോടെയാണ് ഇതിന് ഒത്താശ ചെയ്‌ത ഉദ്യോഗസ്‌ഥരിലേക്കും അന്വേഷണം എത്തുന്നത്. 1994 കാലഘട്ടത്തില്‍ റവന്യൂ ഉദ്യോഗസ്‌ഥരുടെ സഹായത്തോടെ കൈയേറ്റഭൂമിക്ക് 12 പട്ടയങ്ങളുണ്ടാക്കിയശേഷം പ്ലോട്ടുകളാക്കി മുറിച്ചുവില്‍ക്കുകയായിരുന്നെന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കുന്നതിനായി പീരുമേട് എല്‍.ആര്‍. തഹസില്‍ദാരെ ചുമതലപ്പെടുത്തിയതിനൊപ്പം വ്യാജ പട്ടയങ്ങളുണ്ടാക്കി കൈയേറ്റത്തിന് ഒത്താശ ചെയ്‌ത ഉദ്യോഗസ്‌ഥര്‍ക്കെതിരേ അന്വേഷണത്തിന് ശിപാര്‍ശയും ചെയ്‌തിട്ടുണ്ട്. 1989 ല്‍ വാഗമണ്‍ റാണിമുടി എസ്‌റ്റേറ്റ് ഉടമ ജോളി സ്‌റ്റീഫന്‍, പിതാവ് കെ.ജെ. സ്‌റ്റീഫന്‍ എന്നിവര്‍ കൈയേറിയ ഭൂമി തിരിച്ചുപിടിക്കാനാണ് നടപടി ആരംഭിച്ചിരിക്കുന്നത്. ജോളിയുടെ മുന്‍ ഭാര്യ ഷേര്‍ളി മറ്റൊരു സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നപ്പോഴാണ് കൈയേറ്റം പുറത്തായത്. ഷേര്‍ളിയുടെ പേരിലുള്ള പത്തേക്കര്‍ സ്‌ഥലം വിട്ടുകിട്ടുന്നതിനുവേണ്ടിയാണ് പരാതി നല്‍കിയത്. കലക്‌ടര്‍ എച്ച്. ദിനേശന്റെ നിര്‍ദേശത്തെ തുടര്‍ന്ന് റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ സ്‌ഥലം പുറമ്ബോക്കാണെന്നും പട്ടയങ്ങള്‍ വ്യാജമാണെന്നും കണ്ടെത്തി.
കൈയേറ്റ ഭൂമിക്ക് പട്ടയം ഉണ്ടാക്കാന്‍ ഒത്താശ ചെയ്‌തത് പീരുമേട് താലൂക്കിലേയും വാഗമണ്‍ വില്ലേജിലേയും അന്നത്തെ ചില ഉദ്യോഗസ്‌ഥരാണെന്നു കണ്ടെത്തിയിട്ടുണ്ട്.
ഇവരുടെ പങ്കിനെക്കുറിച്ച് ക്രൈംബ്രാഞ്ചോ വിജിലന്‍സോ അന്വേഷിക്കണമെന്നാണ് നിര്‍ദേശം. റവന്യൂ വകുപ്പിനെ ഏല്‍പ്പിച്ചാല്‍ അന്വേഷണം അട്ടിമറിക്കപ്പെടാനുള്ള സാധ്യത പരിഗണിച്ചാണിത്. സര്‍ക്കാര്‍ കണക്കുപ്രകാരം 80 കോടി വിലവരുന്ന സ്‌ഥലമാണ് കൈയേറിയത്. ഇതിനായി വ്യാജ മേല്‍വിലാസത്തില്‍ ഉദ്യോഗസ്‌ഥരെ സ്വാധീനിച്ച് സര്‍വമുക്‌ത്യാര്‍ തയാറാക്കി പട്ടയവും തരപ്പെടുത്തി. പിന്നീട് ഇവയെല്ലാം ഒരാളുടെ പേരിലാക്കി. തുടര്‍ന്ന് ഇവ പ്ലോട്ടുകളാക്കി തിരിച്ച് വില്‍പനയും നടത്തി. ഇവരെ വിശ്വസിച്ച് സ്‌ഥലം വാങ്ങിയ നിരവധി പേരാണ് കുടുങ്ങിയത്. പല പ്ലോട്ടുകളും വന്‍കിടക്കാര്‍ ബിനാമികളുടെ പേരിലാണത്രേ വാങ്ങിയിരിക്കുന്നത്. ഏഴുതവണവരെ മറിച്ചുവിറ്റ സ്‌ഥലങ്ങളും കൂട്ടത്തിലുണ്ട്. സിനിമാനടന്‍, ന്യായാധിപന്‍, ബിനിസനുകാര്‍, രാഷ്‌ട്രീയക്കാര്‍ അടക്കമുള്ളവര്‍ക്ക് ഇവിടെ ഭൂമിയുണ്ടെന്നാണ് സൂചന. ഇരുനൂറിലേറെ റിസോര്‍ട്ടുകളാണ് ഇവിടെ ഉയരുന്നത്. ചില നിര്‍മാണങ്ങള്‍ നടന്നുവരുന്നുമുണ്ട്. സ്‌ഥലം വാങ്ങിയവരോട് രേഖകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പലരും ഇതിന് തയാറായില്ല.
അന്വേഷണം ഊര്‍ജിതപ്പെടുത്താന്‍ നിരവധി തവണ കലക്‌ടര്‍ നിര്‍ദേശിച്ചിരുന്നെങ്കിലുംഉദ്യോഗസ്‌ഥ-രാഷ്‌ട്രീയ സമ്മര്‍ദത്തില്‍ ഇത് ഇഴഞ്ഞുനീങ്ങി. എന്നാല്‍, കലക്‌ടര്‍ നിലപാട് കടുപ്പിച്ചതോടെ നടപടിക്ക് വേഗം കൈവന്നു. ഇതിന് എങ്ങനെയും തടയിടാനും നീക്കം തുടങ്ങിയിട്ടുണ്ട്.
Comments (0)