കെഎസ്‌ആര്‍ടിസിയുടെ മൂന്നാര്‍ 'സൈറ്റ് സീങ്' സര്‍വീസ് വന്‍വിജയം; 18 ദിവസം കൊണ്ട് വരുമാനം ഒന്നര ലക്ഷം രൂപ

കെഎസ്‌ആര്‍ടിസിയുടെ മൂന്നാര്‍ 'സൈറ്റ് സീങ്' സര്‍വീസ് വന്‍വിജയം; 18 ദിവസം കൊണ്ട് വരുമാനം ഒന്നര ലക്ഷം രൂപ

മൂന്നാര്‍: വിനോദസഞ്ചാരികള്‍ക്ക് വേണ്ടി ആരംഭിച്ച കെ.എസ്.ആര്‍.ടി.സിയുടെ 'സൈറ്റ് സീങ്' സര്‍വീസ് വന്‍വിജയം. ജനുവരി ഒന്നിന് ആരംഭിച്ച സര്‍വീസ് തിങ്കളാഴ്ചവരെ 1,55,650 രൂപ കളക്ഷന്‍ നേടി. 250 രൂപയാണ് ടിക്കറ്റ് നിരക്ക്. പഴയ മൂന്നാര്‍ ഡിപ്പോയില്‍നിന്ന് ടോപ് സ്റ്റേഷനിലേക്കാണ് പുതിയ സര്‍വീസ്. രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന സര്‍വീസ്, ടീ മ്യൂസിയം, റോസ് ഗാര്‍ഡന്‍, ഫോട്ടോ പോയിന്റ്, മാട്ടുപ്പട്ടി, എക്കോ പോയിന്റ്, കുണ്ടള വഴി ടോപ് സ്റ്റേഷനിലെത്തി മടങ്ങും.

എല്ലായിടങ്ങളിലും സഞ്ചാരികള്‍ക്ക് ചുറ്റിക്കാണുന്നതിനുള്ള സമയം അനുവദിക്കും. കെ.എസ്.ആര്‍.ടി.സി. ബസില്‍ 100 രൂപാ നിരക്കില്‍ വിനോദ സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനുള്ള സ്ലീപ്പര്‍ കോച്ച്‌ സംവിധാനവും വന്‍വിജയമാണ്.

മൂന്ന് ബസുകളിലായി 48 പേര്‍ക്ക് താമസിക്കാവുന്ന സംവിധാനമാണ് ഡിപ്പോയില്‍ ഒരുക്കിയിരിക്കുന്നത്. നവംബര്‍ 14-നാണ് സര്‍വീസ് ആരംഭിച്ചത്. തിങ്കളാഴ്ച വരെ 3,33,300 രൂപ വരുമാനമായി ലഭിച്ചു.