കൊറോണ പ്രതിരോധത്തിലും യുക്രെയ്ന്‍ പ്രതിസന്ധിയിലും കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ പ്രശംസനീയം; ഷെയ്ഖ് ഹസീന

കൊറോണ പ്രതിരോധത്തിലും യുക്രെയ്ന്‍ പ്രതിസന്ധിയിലും കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ പ്രശംസനീയം; ഷെയ്ഖ് ഹസീന

ന്യൂഡല്‍ഹി : അയല്‍ രാജ്യങ്ങള്‍ക്ക് കൊറോണ വാക്സിന്‍ ലഭ്യമാക്കുന്ന പദ്ധതിയായ വാക്സിന്‍ മൈത്രിയ്ക്ക് നന്ദി അറിയിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. റഷ്യ യുക്രെയ്ന്‍ യുദ്ധ സാഹചര്യത്തില്‍ യുക്രെയ്നില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ കഴിഞ്ഞതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയും ചെയ്തു. മൈത്രി വാക്‌സിന്‍ പദ്ധതി വഴി കോടി കണക്കിന് ഡോസ് വാക്‌സിനാണ് അയല്‍രാജ്യങ്ങള്‍ക്ക് ലഭ്യമാക്കിയത്. കൊറോണ വിഷയത്തില്‍ മോദി കരുതലോടെ പ്രവര്‍ത്തിച്ചു. വാക്സിന്‍ മൈത്രി ഒരു മികച്ച കാര്യമായിരുന്നു. ബംഗ്ലാദേശിന് പുറമേ നിരവധി രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിയെന്നും അവര്‍ ചൂണ്ടിക്കാട്ടി. ആപല്‍ഘട്ടത്തില്‍ സഹായം നല്‍കിയതിന് നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചതിനൊപ്പം ബംഗ്ലാദേശ് വിദ്യാര്‍ത്ഥികളെയും രക്ഷിച്ചു. ഓപ്പറേഷന്‍ ഗംഗ വഴിയാണ് ഇന്ത്യ യുദ്ധത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തിയത്. ഇരു സന്ദര്‍ഭങ്ങളിലും സൗഹാര്‍ദ്ദപരമായ പൊരുമാറ്റമാണ് മോദിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ഇന്ത്യയുമായുള്ള സഹവര്‍ത്തിത്വം വര്‍ദ്ധിപ്പിക്കുമെന്നും ഹസീന വ്യക്തമാക്കി. ബംഗ്ലാദേശിന്റെ വിശ്വസ്ത സുഹൃത്തും പരസ്പര സഹകരണത്തിന് വളരെ പ്രാധാന്യം നല്‍കുന്ന രാജ്യവുമാണ് ഇന്ത്യയെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.