യോഗിയുടെ ഓഫീസ് കേന്ദ്രീകരിച്ച്‌ സ്വര്‍ണവും ഡോളറും കടത്തിയിട്ടില്ല; പിണറായിക്ക് മറുപടിയുമായി കെ. സുരേന്ദ്രന്‍‍

യോഗിയുടെ ഓഫീസ് കേന്ദ്രീകരിച്ച്‌ സ്വര്‍ണവും ഡോളറും കടത്തിയിട്ടില്ല; പിണറായിക്ക് മറുപടിയുമായി കെ. സുരേന്ദ്രന്‍‍

ചങ്ങരംകുളം: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിക്കാന്‍ പിണറായി വിജയന് യോഗ്യതയില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. യു.പി മുഖ്യമന്ത്രിയുടെ കാല് കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത പിണറായിക്കില്ലെന്നും ചങ്ങരംകുളത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. യോഗി ആദിത്യനാഥ് അഴിമതി നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ഓഫീസ് ഡോളറും സ്വര്‍ണവും കടത്തിയിട്ടില്ല. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ കിടന്നിട്ടില്ല. യോഗി വരും മുമ്ബ് യുപിയിലെ ആരോഗ്യമേഖല തകര്‍ച്ചയിലായിരുന്നു. അവിടെ നിന്നാണ് കൊവിഡിനെ ഫലപ്രദമായി നേരിടാന്‍ അദ്ദേഹത്തിന് സാധിച്ചത്. എന്നാല്‍ കൊവിഡില്‍ ദയനീയമായി പരാജയപ്പെട്ട സര്‍ക്കാരാണ് പിണറായിയുടേത്. പിണറായി യോഗിയെ കുറ്റം പറയുന്നത് പരിഹാസ്യമാണ്. അഴിമതിയിലും തൊഴിലില്ലായ്മയിലും കൊവിഡ് രോഗികളുടെ എണ്ണത്തിലും നമ്ബര്‍ വണ്ണായ കേരളത്തെ യോഗിക്ക് വിമര്‍ശിക്കാനാവില്ലെന്നാണ് പിണറായി പറയുന്നതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കും മുമ്ബ് അദ്ദേഹത്തിന്റെ ഔദാര്യത്തിലാണ് സി.പി.എം നിലനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി മറക്കരുത്. കേരളത്തിന് പുറത്ത് എല്ലാ സ്ഥലത്തും രാഹുലിന്റെ പാര്‍ട്ടിയുടെ സഖ്യകക്ഷിയാണ് സിപിഎം. സഖ്യകക്ഷിയെ എന്തിനാണ് വിമര്‍ശിക്കുന്നത് എന്ന് മുഖ്യമന്ത്രി പറയണം. രണ്ട് പാര്‍ട്ടികളും കേരളത്തിലും പരസ്യ സഖ്യം തുടങ്ങണം. പിണറായി നാടകം കളിക്കുകയാണ്. സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ വരുമ്ബോള്‍ പിണറായി അസ്വസ്ഥനാകുന്നു. ഇത്രയും കാപട്യക്കാരനായ ഒരു മുഖ്യമന്ത്രി വേറെയില്ല.

പിണറായി ഇടയ്ക്കിടെ നിലപാട് മാറ്റുകയാണ്. മുഖ്യമന്ത്രി ആരെയൊക്കെ കാണുന്നു അദ്ദേഹത്തെ ആരൊക്കെ കാണുന്നു എന്നറിയാന്‍ സംവിധാനമില്ലേ? കോടിക്കണക്കിന് രൂപയുടെ കരാര്‍ ഒപ്പിടാന്‍ വന്നവരെ കണ്ടെത് ഓര്‍മ്മയില്ലെന്ന് ലാഘവത്തോടെ പറയാന്‍ മുഖ്യമന്ത്രിക്ക് എങ്ങനെ കഴിയുന്നു? മുഖ്യമന്ത്രിയുടെ ഓഫീസില്‍ തുടര്‍ച്ചയായി ദുരൂഹതയുണ്ടാകുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ സര്‍ക്കാര്‍ അറിഞ്ഞു കൊണ്ടാണ് നടത്തിയത്. മുഖ്യമന്ത്രിക്കും മേഴ്‌സിക്കുട്ടിയമ്മയ്ക്കും ഇ.പി ജയരാജനും എല്ലാം അറിയാമായിരുന്നു. തിരഞ്ഞെടുപ്പിനെ മറയാക്കി കരാര്‍ നടപ്പിലാക്കാനാണ് ഇവര്‍ ശ്രമിച്ചത്. കടലാസ് കമ്ബനിക്ക് യാനങ്ങളും ബോട്ടും കൊടുക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തിയത് ഇതിന്റെ ഉദ്ദാഹരണമാണ്. അഴിമതിക്കെതിരെ പ്രതിപക്ഷം പ്രതികരിക്കുമ്ബോള്‍ കോണ്‍?ഗ്രസ്- ബി.ജെ.പി സഖ്യമെന്ന പഴഞ്ചന്‍ നിലപാട് സി.പി.എമ്മുകാര്‍ ഒന്ന് മാറ്റിപിടിക്കണം. മലപ്പുറത്ത് ലീഗിനെ നേരിടുന്ന കാര്യത്തില്‍ സിപിഎം പരാജയമാണ്. ഇവര്‍ക്കിടയില്‍ ചില ഇടനിലക്കാരുണ്ട്. ലീഗിന് കോണ്‍ഗ്രസിനെ അവഗണിച്ച്‌ മുന്നോട്ട് പോവാനാണ് ശ്രമിക്കുന്നത്.തുഞ്ചന്‍ പറമ്ബിലെ എഴുത്തച്ഛന്റെ പ്രതിമയെ എന്തിന് ലീഗ് എതിര്‍ക്കുന്നുവെന്ന് അവര്‍ വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.