കേരളത്തിന്റെ വിളനിലത്തെ 'സൂര്യൻ'
കേരളത്തിന്റെ കാർഷിക വിപ്ലവത്തിന് പ്രധാന പങ്കുവഹിച്ച വ്യക്തിയും കാർഷിക കേരളത്തിന്റെ ഗുരുസ്ഥാനിയനുമാണ് കൃഷിവകുപ്പ് മുൻ ഡയറക്ടർ പ്രൊഫസർ ആർ. ഹേലി. ഹേലി എന്നാൽ സൂര്യൻ എന്നാണർത്ഥം പേര് അന്വർത്ഥമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും. കേരളത്തിന്റെ കാർഷിക മേഖലയ്ക്ക് അദ്ദേഹം അക്ഷരാർത്ഥത്തിൽ ഉദയസൂര്യൻ തന്നെയായിരുന്നു.
ബംഗളൂരു കാർഷിക കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് ഹേലി കാർഷിക രംഗത്തേക്ക് ഇറങ്ങിയത്.കൃഷിവകുപ്പ് ജനകീയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച അദ്ദേഹം, റബ്ബർ ബോർഡിൽ ജൂനിയർ ഓഫീസറായും തിരുവനന്തപുരം കൊച്ചി കൃഷിവകുപ്പിൽ കൃഷി ഇൻസ്പെക്ടറായും മല്ലപ്പള്ളിയിൽ അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ ഓഫീസർ ആയും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.കേരളത്തിൽ ആദ്യമായി കൃഷി ഭവനുകൾ ആരംഭിക്കുന്നതിനും ഗ്രൂപ്പ് ഫാർമിംഗ് ജനകീയമാക്കുന്നതിനും പങ്കുവഹിച്ചു.അഗ്രികൾച്ചർ ഇൻഫർമേഷൻ യൂണിറ്റിന് കീഴിൽ ആരംഭിച്ച "കേരളകർഷകന്റെ" എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.പിന്നീട് അത് ഫാം ഇൻഫർമേഷൻ ബ്യൂറോയായി.എഫ് .ഐ. ബി യിൽ പ്രിൻസിപ്പൽ ഇൻഫോർമേഷൻ ഓഫീസർ തസ്തിക സൃഷ്ടിച്ചതും അദ്ദേഹമാണ്.ഫാം ജേർണലിസം ജനപ്രിയമാക്കാനും സാധാരണക്കാരുടെ ഭാഷയിൽ കാർഷികരംഗത്തെ മുന്നേറ്റങ്ങൾ കർഷകരില്‍ എത്തിക്കാനും ശ്രദ്ധാലുവായിരുന്ന ഹേലി, കേരള കാർഷിക സർവകലാശാലയുടെ നയങ്ങൾ രൂപവൽക്കരിച്ച കൗൺസിൽ അംഗമായിരുന്നു.ആകാശവാണിയിലെ "വയലും വീടും" ദൂരദർശനിലെ "നൂറുമേനിയുടെ കൊയ്ത്തുകാർ" എന്നീ പരിപാടികളോടെ ലോകമെമ്പാടുമുള്ള മലയാളികൾക്ക് സുപരിചിതനായിരുന്നു അദ്ദേഹം.ആറ്റിങ്ങൽ കൊല്ലമ്പുഴ തിരുവിതാംകൂർ രാജകൊട്ടാരത്തിന് ഉടമസ്ഥതയിലുള്ള ധർമ്മ ആശുപത്രിയുടെ മാനേജിങ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.കാർഷിക സംബന്ധിയായ നിരവധി ലേഖനങ്ങളും പഠന സംബന്ധമായ നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.വി .വി രാഘവൻ കൃഷിമന്ത്രി ആയിരുന്ന കാലഘട്ടത്തിൽ അദ്ദേഹവുമായി ചേർന്ന് ഹേലി നടത്തിയ സേവനങ്ങൾ കാർഷിക കേരളം എന്നും ഓർമിക്കും...
Comments (0)