കലിങ്ക് പുനർനിർമ്മാണം സാവധാനമെന്ന് ആക്ഷേപം...
വൈപ്പിൻ: വൈപ്പിൻ- പള്ളിപ്പുറം സംസ്ഥാന പാത പുനർ നിർമാണത്തിന് മുന്നോടിയായി എടവനക്കാട് പകുതിഭാഗം പൊളിച്ചിട്ട കലിങ്ക് പുനർ നിർമിക്കുന്നതിൽ മെല്ലെപ്പോക്കെന്ന് ആക്ഷേപം.പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ പണികൾ ഉഷാറാക്കിയിരുന്നെങ്കിലും പിന്നീട് മെല്ലെപ്പോക്കായിരുന്നുവെന്ന് സ്ഥലവാസികൾ പറയുന്നു.എടവനക്കാട് വാച്ചാക്കൽ യൂണിയൻ ബാങ്കിന് മുന്നിലെ കലിങ്ക് ആണ് പൊളിച്ച ശേഷം പുനർനിർമ്മിക്കാതെ അധികൃതർ ഉഴപ്പുന്നത്.ഒരാഴ്ചമുമ്പ് പകുതിഭാഗം പൊളിച്ചിട്ട് ബോർഡും സ്ഥാപിച്ചു പോയതാണ് കരാറുകാരൻ.സംസ്ഥാനപാതയെന്ന പരിഗണനയിൽ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്തു തീർക്കേണ്ട ജോലികൾ സാധാരണ ഒരു പോക്കറ്റ് റോഡിലെ കലുങ്കുകൾ പൊളിച്ചിട്ടിരിക്കുന്ന ലാഘവത്തോടെയാണ് പൊതുമരാമത്തിന്റെയും കരാറുകാരന്റെയും നടപടികൾ.ഇതിനിടെ വാട്ടർ അതോറിറ്റി അധികൃതർ സ്ഥലത്ത് എത്താതെ കലുങ്ക് നിർമ്മാണ കരാർ എടുത്തയാൾ തോന്നിയപോലെ റോഡ് മാന്തി പൊളിച്ചതിനെ തുടർന്ന് കുടിവെള്ള പൈപ്പ് ലൈൻ തകർന്നതിനാൽ ഈ ഭാഗത്ത് പല വീടുകളും കുടി വെള്ള വിതരണം തടസ്സപ്പെട്ടു കിടക്കുകയാണ്.പൈപ്പ് ലൈൻ കിട്ടിയ വിവരം വാട്ടർ അതോറിറ്റിയെയോ വാട്ടർ അതോറിറ്റിയുടെ മെയിന്റനൻസ് കരാറുകാരനെയോ അറിയിച്ചതുമില്ല.ഇതുപോലെതന്നെ മുരുക്കും പാടത്തും കലിങ്ക് പാതി പൊളിച്ചെങ്കിലും തൊഴിലാളികളുടെ മെല്ലെപ്പോക്ക് മൂലം അവിടെയും ഇതുവരെ ആദ്യ പാതയിലെ പണികൾ തീർന്നിട്ടില്ല. രണ്ടിടത്തും അപകട ഭീഷണിയും ഗതാഗതക്കുരുക്കും ഇപ്പോൾ പതിവാണ്.
Comments (0)