എറണാകുളത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം; സംസ്ഥാനത്തെ ആദ്യ ഭൂഗര്‍ഭ സബ്സ്റ്റേഷന്റെ ഉദ്ഘാടനം ഇന്ന്
കൊച്ചി: സംസ്ഥാനത്തെ ആദ്യ ഭൂഗര്‍ഭ വൈദ്യുതി സബ്സ്റ്റേഷന്‍ ഇന്ന് നാടിന് സമര്‍പ്പിക്കും. ഭൂഗര്‍ഭ കേബിളിലൂടെ വൈദ്യുതി എത്തുന്ന സംസ്ഥാനത്തെ ആദ്യ 220 കെവി ജിഐഎസ് സബ്‌സ്റ്റേഷന്റെ ഉദ്ഘാടനം കൊച്ചി കലൂരില്‍ മന്ത്രി എം എം മണി നിര്‍വഹിക്കും. ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയിലുള്‍പ്പെടുത്തി 200 കോടി ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതോടെ മെട്രോ നഗരത്തിലെ വൈദ്യുതി പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരമാകും.
1993ല്‍ സ്ഥാപിച്ച 110 കെവി സബ്സ്റ്റേഷന്‍ വര്‍ഷങ്ങള്‍ക്കുമുമ്ബേ പരമാവധി ശേഷിയിലെത്തിയിരുന്നു. നിലവിലെ വൈദ്യുതി ആവശ്യം പോലും നിര്‍വഹിക്കാനാകാത്ത സാഹചര്യത്തിലാണ് പുതിയ സബ്സ്റ്റേഷന്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
2018 ഫെബ്രുവരിയില്‍ നിര്‍മാണം തുടങ്ങി. ബ്രഹ്മപുരത്തുനിന്ന് കാക്കനാട് തുതിയൂരിലേക്കുള്ള നാലര കിലോമീറ്റര്‍ ലൈന്‍ മുകളിലൂടെയാണ്. അവിടെനിന്ന് ആദര്‍ശ് നഗര്‍, പാലച്ചുവട്, വെണ്ണല, ദേശീയപാത 66 വഴി പാലാരിവട്ടത്തേക്കും കൊച്ചാപ്പിള്ളി റോഡുവഴി കലൂരിലേക്കും റോഡുകള്‍ വെട്ടിപ്പൊളിക്കാതെ എച്ച്‌ഡിഡി യന്ത്രസംവിധാനത്തിലൂടെയാണ് ഒന്നരമീറ്റര്‍ ആഴത്തില്‍ 1200 എംഎം കേബിളുകളിട്ടത്.
കേബിളുകള്‍ കൂട്ടിയോജിപ്പിക്കാന്‍ വിവിധയിടങ്ങളില്‍ 15 മീറ്റര്‍ നീളത്തിലും രണ്ടു മീറ്ററോളം വീതിയിലും 16 ജോയ്നിങ് ചേംബറുകളുണ്ട്. ഗ്യാസ് ഇന്‍സുലേറ്റഡ് സബ്സ്റ്റേഷന്‍ അരയേക്കറോളം ഭാഗത്താണ് സ്ഥാപിച്ചിട്ടുള്ളത്. സാധാരണ 220 കെവി സബ്സ്റ്റേഷന്‍ സ്ഥാപിക്കാന്‍ കുറഞ്ഞത് നാലേക്കര്‍ സ്ഥലം വേണം. വെള്ളക്കെട്ട് ഭീഷണി പരിഗണിച്ച് ഉയര്‍ത്തിയാണ് പുതിയ സബ്സ്റ്റേഷന്‍ നിര്‍മിച്ചിട്ടുള്ളത്.
Comments (0)