ജീവനക്കാരന്റെ സമയോചിതമായ ഇടപെടലില്‍ ഗുഡ്സ് ട്രെയിനിന്റെ അപകടം ഒഴിവായി; മഹേഷിന് റെയില്‍വേയുടെ പ്രശംസാപത്രവും കാഷ് അവാര്‍ഡും
കൊച്ചി: സമയോചിതമായ ഇടപെടലിലൂടെ ഗുഡ്സ് ട്രെയിന്‍ അപകടം ഒഴിവാക്കിയ ട്രാഫിക് വിഭാഗം ജീവനക്കാരന്‍ എം.മഹേഷിന് അഭിനന്ദന പ്രവാഹം. തിരുവനന്തപുരം ഡിവിഷനല്‍ ജനറല്‍ മാനേജര്‍ ആര്‍.മുകുന്ദ് പ്രശംസാപത്രവും കാഷ് അവാര്‍ഡും മഹേഷിന് സമ്മാനിച്ചു. നിരവധി സംഘടനകളും മഹേഷിനെ ആദരിച്ചു.
കഴിഞ്ഞ എട്ടിന് വല്ലാര്‍പാടത്ത് നിന്നും 80 കണ്ടെയ്‌നറുകളുമായി ബെംഗളുരുവിലേക്ക് പുറപ്പെട്ട ഗുഡ്സ് ട്രെയിനിനെയാണ് മഹേഷ് അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. അസാധാരണമായ ശബ്ദം കേട്ടതിനെതുടര്‍ന്ന് അപകടം മനസിലാക്കിയ മഹേഷ് പിന്നോട്ട് ഓടി ഗാര്‍ഡിനെ ചുവപ്പു കൊടി കാണിക്കുകയായിരുന്നു. ഈ സമയം ട്രെയിനിന്റെ പകുതി വേമ്ബനാട്ട് പാലത്തിലേക്ക് കയറിയിരുന്നു.
മഹേഷ് ചുവപ്പ് കൊടി വീശിക്കൊണ്ട് പിന്നോട്ട് ഓടുന്നതു കണ്ട ഗാര്‍ഡ് ഉടന്‍ തന്നെ എമര്‍ജന്‍സി ബ്രേക്ക് ചെയ്ത് ട്രെയിന്‍ നിര്‍ത്തുകയും ലോക്കോപൈലറ്റിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇരുപത്തിയഞ്ചാമത്തെ വാഗണിലെ ചക്രങ്ങള്‍ക്ക് തകരാര്‍ കണ്ടെത്തുകയായിരുന്നു. മെക്കാനിക്കല്‍ ജീവനക്കാരെത്തി തകരറുള്ള വാഗണ്‍ ഒഴിവാക്കിയ ശേഷമാണ് ട്രെയിന്‍ പുറപ്പെട്ടത്. തകരാര്‍ മഹേഷിന്റെ ശ്രദ്ധയില്‍പ്പെടാതെ ട്രെയിന്‍ മുന്‍പോട്ടു പോകുകയായിരുന്നുവെങ്കില്‍ പാലത്തിന് മുകളില്‍ വച്ച് പാളം തെറ്റി കായലിലേക്ക് മറിയുമായിരുന്നു.



Author Coverstory


Comments (0)