ചൂടേറുന്നു, പഴവിപണിക്കും
കോഴിക്കോട്: മീനച്ചൂട് കുംഭത്തില്തന്നെ തുടങ്ങിയതോടെ പഴവിപണിയും സജീവമായി. ജലാംശം കൂടുതലുള്ള പഴവര്‍ഗങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ. മധുര നാരങ്ങ, തണ്ണിമത്തന്, പപ്പായ തുടങ്ങിയവക്ക് വിലയും കുതിച്ചുയര്‍ന്നു. മധുര നാരങ്ങയുടെ സീസണ് അവസാനിക്കാറായതിനാല്‍ വില വളരെ കൂടുതലും ആവശ്യക്കാര്‍ ഏറെയുമാണ്.
കിലോക്ക് 65-70 രൂപ നിരക്കിലാണ് വില്പന. 50 രൂപയാണ് മൊത്ത വിലയെന്ന് പാളയത്തെ ടി.എന്‍ ഫ്രൂട്സ് വ്യാപാരി സൂരജ് പറഞ്ഞു.
പഞ്ചാബ്-രാജസ്ഥാനില്‍ നിന്ന് വരുന്ന ചിനു ഓറഞ്ച് കിലോക്ക് 45 രൂപക്കും മൊത്ത വില്പന കേന്ദ്രങ്ങളില്‍ ലഭ്യമാണ്. കിലോക്ക് 24 രൂപ ചില്ലറ വിലയുണ്ടായിരുന്ന പപ്പായക്ക് ഇപ്പോള്‍ 35 രൂപയാണ്. വെള്ള മുന്തിരി കിലോക്ക് 70 മുതല്‍ 100 രൂപ വരെ വിവിധ കടകളില്‍ ഇൗടാക്കുന്നുണ്ട്. കറുത്ത മധുര മുന്തിരിക്ക് 100 രൂപ മുതലാണ് വില.
തണ്ണിമത്തനും മികച്ച വില്പനയാണ്. കറാച്ചി വത്തക്ക എന്ന പേരില്‍ മൈസൂരില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന തണ്ണിമത്തനായിരുന്നു വിപണിയില്‍ സുലഭമായിരുന്നത്. 18-20 രൂപ നിരക്കിലാണ് വിറ്റിരുന്നത്. ഡിണ്ടിവനം തണ്ണിമത്തന് എത്തിയതോടെ ആളുകള്‍ അത് കൂടുതലായി ആവശ്യപ്പെടാന്‍ തുടങ്ങി. 20-25 രൂപയാണ് തണ്ണിമത്തന് വിവിധ കടകളില്‍ ഇൗടാക്കുന്നത്.
മഹാരാഷ്ട്രയില്‍നിന്ന് വരുന്ന തായ് പേരക്കക്ക് ആവശ്യക്കാരേറെയുണ്ട്. 120 - 140 രൂപയാണ് വില. ഉള്ളില്‍ വെള്ള നിറമുള്ള ഈ പേരക്ക പ്രമേഹ രോഗികള്‍ക്കും കഴിക്കാമെന്നതിനാലാണ് ഡിമാന്റ് കൂടുതല്‍. തമിഴ്നാട്ടില്‍നിന്ന് ഇതേ രൂപത്തിലുള്ള പേരക്ക വരുന്നുണ്ടെന്നും ഉള്ളില്‍ ചുവപ്പ് നിറത്തിലുള്ള ഇൗ പേരക്ക കിലോക്ക് 100 രൂപയാണ് വില.
Comments (0)