ജയകൃഷ്ണൻ പൊതുപ്രവർത്തകർക്ക് ഉദാത്ത മാതൃക-സദാനന്ദൻ മാസ്റ്റർ
കാര്യകർത്താക്കൾക്ക് മാതൃകയാവുന്ന ഉത്തമ വ്യക്തിയാണ് ജയകൃഷ്ണൻ മാസ്റ്ററുടേതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി സദാനന്ദൻ മാസ്റ്റർ പറഞ്ഞു.യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ ആയിരുന്ന കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ ഇരുപത്തിയൊന്നാം ബലിദാന ദിനത്തോടനുബന്ധിച്ച് കണ്ണൂർ മാരാർജി ഭവനിൽ യുവമോർച്ച സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹത്തായ ആദർശത്തിലധിഷ്ഠിതമായി ത്യാഗോജ്വലമായ പ്രവർത്തനം നടത്തിയ ജയകൃഷ്ണൻ മാസ്റ്ററുടെ ജീവിതം ഒരു പാഠപുസ്തകമായി കാണണമെന്നും പുതുതലമുറയ്ക്ക് അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു
ആദർശത്തിന്റെ ദീപസ്തംഭമായി ജ്വലിച്ചുനിന്ന അദ്ദേഹത്തിന്റെ ത്യാഗത്തെ നാം തിരിച്ചറിയണം. കേരളത്തിൽ ആസന്നമായിരിക്കുന്ന സാമൂഹിക പരിവർത്തനത്തിന്റെ പശ്ചാത്തലമൊരുക്കിയതിൽ പ്രധാന പങ്കുവഹിച്ച കാര്യകർത്താക്കളിൽ പ്രഥമ ഗണനീയനാണ് സ്വർഗ്ഗീയ കെ ടി ജയകൃഷ്ണൻ മാസ്റ്ററും പന്ന്യന്നൂർ ചന്ദ്രനും. സാമൂഹ്യസേവനമാണ് സംഘടനാ പ്രവർത്തനം എന്ന് ഓരോരുത്തരും തിരിച്ചറിയണം. നിരാലംബരുടെയും നിസ്സഹായരുടെയും കണ്ണീരൊപ്പാൻ കഴിയുന്ന പ്രവർത്തനമാണ് എല്ലാരും നടത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ലോക്കപ്പിനെ പുൽകിയ സിപിഎം നേതാക്കൾ ഇന്ന് ലോക്കറിന് വേണ്ടി നെട്ടോട്ടത്തിലാണ്. കമ്മ്യൂണിസ്റ്റുകൾക്ക് ലോക്കപ്പ് പാഠശാലയും പ്രേരണാ സ്രോതസ്സുമായിരിക്കുന്നു. എന്നാൽ ഇന്ന് സ്വർണക്കട്ടികളാണ് നേതാക്കളുടെ ആവശ്യം. നേതാക്കൾക്കും നേതാക്കളുടെ മക്കൾക്കും എന്തും ആകാം എന്നതാണ് സിപിഎമ്മിലെ ഇപ്പോഴത്തെ സ്ഥിതി. നിലനിൽപ്പിനുവേണ്ടി കൈ കാലിട്ടടിക്കുകയാണ് പാർട്ടി. അപമാനകരമായ പതനത്തിലേക്ക് ആഴ്ന്നിറങ്ങുകയാണ് പാർട്ടി. ആന്തൂരിൽ മാത്രം ശേഷിക്കുന്ന സിപിഎം കുറച്ചുകാലം കൊണ്ട് ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാവും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണ അധ്യക്ഷത വഹിച്ചു. സിപിഎമ്മിന്റെ കൊലക്കത്തിക്കിരയാകാതെ ഒരൊറ്റ രാഷ്ട്രീയ പാർട്ടിയും കേരളത്തിൽ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. അസഹിഷ്ണുതയുടെ പ്രത്യയശാസ്ത്രം കേരളത്തിൽ അനിവാര്യമായ തകർച്ചയുടെ വക്കിലെത്തി നിൽക്കുകയാണ് അദ്ദേഹം പറഞ്ഞു. അഴിമതിയുടെ കാര്യത്തിൽ എൽഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാർ പരസ്പരം മത്സരിക്കുകയാണ് . ജീവിച്ചിരുന്ന ജയകൃഷ്ണൻ മാസ്റ്ററേക്കാൾ ബലിദാനിയായ ജയകൃഷ്ണൻ മാസ്റ്ററെ സിപിഎം ഭയപ്പെടുത്തുകയാണ്. ബലിദാനം കൊണ്ട് സംഘപ്രസ്ഥാനങ്ങളെ തീർത്തുകളയണമെന്ന് സിപിഎം കരുതിയെങ്കിൽ അദ്ദേഹത്തിന് ബലിദാനത്തിൽ നിന്നും സംഘപ്രവർത്തകർക്ക് ശക്തമായ ഉണർവ് ലഭ്യമാക്കി എന്നും അദ്ദേഹം പറഞ്ഞു
ബിജെപി ജില്ലാ പ്രസിഡന്റ് എം ഹരിദാസ് അനുസ്മരണ സംഭാഷണം നടത്തി. യുവമോർച്ച സംസ്ഥാന സെക്രട്ടറി ഗണേഷ്. ട്രഷറർ അനൂപ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ബിജു എളക്കുഴി, ജില്ലാ വൈസ് പ്രസിഡന്റ് വിജയൻ വട്ടിപ്രം ജില്ലാ ട്രഷറർ യു ടി ജയന്തൻ തുടങ്ങിയവർ ബലിദാനി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനത്തിന് നേതൃത്വം നൽകി യുവമോർച്ച ജില്ലാ പ്രസിഡണ്ട് അരുൺ കൈതപ്രം സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി അർജുൻ മാവിലക്കണ്ടി നന്ദിയും പറഞ്ഞു.
Comments (0)