ആശങ്ക അകന്നു: കനാൽ വഴി എത്തിയ കാട്ടാനക്കൂട്ടം കാടുകയറി- അജിതാ ജയ്ഷോർ
അങ്കമാലി : കൂട്ടംതെറ്റി ഇടതുകര കനാലിലൂടെ ഒഴുകിയെത്തിയ കാട്ടാനക്കൂട്ടം ഒടുവിൽ കാടണഞ്ഞു. ഇതോടെ നാട്ടുകാരുടെയും ഒപ്പം കാട്ടാനക്കൂട്ടത്തിൻറയും ഭീതിയകന്നു.ഒരു കുട്ടിയാനയും മൂന്ന് പിടിയാനകളുമാണ് തിങ്കളാഴ്ച ഇടതുകര കനാലിലൂടെ മൂക്കന്നൂർ എടലക്കാട് എത്തിയത്. കുട്ടിയാനയെ രക്ഷിക്കാനുള്ള ശ്രമത്തിൽ കനാലിലെ ഒഴുക്കിൽപ്പെട്ടാണ് ആനക്കൂട്ടം എടലക്കാട് എത്തിയത്.എടലക്കാട് റബ്ബർ തോട്ടത്തിൽ കയറിക്കൂടിയ കാട്ടാനക്കൂട്ടം നാട്ടുകാരെ ഭയാശങ്കയിലാക്കി. പോലീസും നാട്ടുകാരുമെല്ലാം ശ്രമിച്ചിട്ടും ആനക്കൂട്ടത്തെ തിരിച്ചയയ്ക്കാനായില്ല.
ഒടുവിൽ ചൊവ്വാഴ്ച പുലർച്ചെയാണ് ആനക്കൂട്ടം കാടണഞ്ഞത്. റബ്ബർ തോട്ടത്തിൽ നിന്ന് ആനാട്ടുചോല നടപ്പാലത്തിനു സമീപം കനാലിലേക്ക് ഇറങ്ങിയ ആനക്കൂട്ടം 300മീറ്ററോളം മുകളിലേക്ക് ചെന്നശേഷം കനാലിൻറെ വടക്കേ ബണ്ടിലേക്ക് കയറി.തുടർന്ന് സമീപത്തെ റബ്ബർ തോട്ടത്തിലേക്കിറങ്ങി
നിധീനി എസ്റ്റേറ്റിന് സമീപം മൂക്കന്നൂർ-ഏഴാറ്റുമുഖം റോഡ് കുറുകെ കടന്ന്, എസ്റ്റേറ്റ് ഗേറ്റ് പൊളിച്ച്, വെള്ളപ്പാറ റോഡ് വഴി പുലർച്ചെ അഞ്ചോടെ പ്ലാൻറഷൻ റബർ തോട്ടത്തിലേക്ക് പ്രവേശിച്ചു.ഒമ്പതംഗ ആനക്കൂട്ടത്തിൽ നിന്ന് കൂട്ടം തെറ്റിയാണ് ഈ ആനകൾ കനാലിലൂടെ എടലക്കാടെത്തിയത്. ആനകൾ വന്നവഴിയേ മാത്രമേ തിരിച്ചുപാകൂ എന്ന ധാരണയിൽ കനാലിലെ വെള്ളം നിർത്തിയിരുന്നു. പകൽ മുഴുവൻ റബ്ബർ തോട്ടത്തിൽ കഴിച്ചുകൂട്ടിയതല്ലാതെ ആനകൾ കനാൽ ഭാഗത്തേക്ക് വന്നില്ല.രാത്രി ഏഴരയോടെ മഴപെയ്തതിനാൽ രക്ഷാപ്രവർത്തനങ്ങളും തടസ്സപ്പെട്ടു. ഇതിനിടെ കനാലിന് തെക്കുഭാഗത്തു
ള്ള ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. നൂറോളം വനം-പോലീസ് ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. അങ്കമാലി സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ മേഖലയിൽ ശക്തമായ സുരക്ഷാ നടപടികൾ സ്വീകരിച്ചിരുന്നു.
Comments (0)