ആശുപത്രി സംരക്ഷണ ഓർഡിനൻസ്, രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും നേർക്കുള്ള ഇരുട്ടടിയും മനുഷ്യവകാശ നിഷേധവും

ആശുപത്രി സംരക്ഷണ ഓർഡിനൻസ്, രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും നേർക്കുള്ള ഇരുട്ടടിയും മനുഷ്യവകാശ നിഷേധവും
ആശുപത്രി സംരക്ഷണ ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. അധിക്ഷേപം, അസഭ്യം പറയൽ എന്നിവയും നിയമത്തിന്റെ പരിധിയിൽ വരുമെന്ന് റിപ്പോർട്ടുകൾ. രോഗികളോ കൂട്ടിരിപ്പുകാരോ വൈകാരികമായി പ്രതികരിച്ചാൽ പോലും അവർക്കെതിരെ കേസെടുക്കാം. ആക്രമിക്കണമെന്നില്ല, ശബ്ദമൊന്ന് ഉയർന്നാൽപ്പോലും പ്രശ്നമാണ്. ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തുനിന്നും അശ്രദ്ധയും അനാസ്ഥയും ഉണ്ടായാൽ പോലും രോഗികൾക്ക്‌ ചോദ്യം ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെടുന്നത് ഭീകരമാണ്. ഇത് ജനാധിപത്യത്തോടുള്ള അവഹേളനമാണ്. ആരോഗ്യപ്രവർത്തകർ തീർച്ചയായും സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്, തർക്കമില്ല. പക്ഷെ സംരക്ഷണത്തിന്റെ പേരിൽ പ്രിവിലേജ്ഡ് കമ്മ്യൂണിറ്റി എന്ന് മേനി നടിക്കാനും രോഗികളെ അവഗണിക്കാനും അനുവദിച്ചുകൂടാ. ഇപ്പോൾ ഡോക്ടർമാരിൽ ഒരു വിഭാഗം മെഡിക്കൽ എത്തിക്സ് ഫോളോ ചെയ്യാത്തവരും രോഗികളെ പിടിച്ചുപറിക്കുന്നവരുമാണ്. രോഗികൾക്ക് ചികിത്സ നിഷേധിച്ചാലും തെറ്റായ രോഗ നിർണ്ണയം നടത്തിയാലും തെറ്റായ ചികിത്സയിലൂടെ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കിയാലും ചോദ്യം ചെയ്യാൻ പാടില്ല എന്ന് വരുന്നത് അവകാശ നിഷേധമാണ്. ആരോഗ്യപ്രവർത്തകരും ആശുപത്രികളും രോഗികൾക്ക് വേണ്ടിയാണു. രോഗികളെ ഡോക്ടർമാരിൽ നിന്നും ആശുപത്രികളിൽ നിന്നും അകറ്റിനിർത്തുന്നതിനു മാത്രമേ ഈ ഓർഡിനൻസിലൂടെ സാധിക്കൂ. അതുമൂലം തകർന്ന് പോകുന്നത് ആരോഗ്യ സംവിധാനങ്ങളും അതിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസവുമാണ്. ദീർഘവീക്ഷണമില്ലാത്ത ഇത്തരം പരിഷ്കാരങ്ങളാണ് ഇവിടെ അരാജകത്വം സൃഷ്ടിക്കുന്നത്. അക്രമം നടന്നാൽ ഒരു മണിക്കൂറിനുള്ളിൽ FIR രജിസ്റ്റർ ചെയ്യണമെന്നും ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കണമെന്നും പ്രത്യേക കോടതികൾ സ്ഥാപിച്ചു ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും ഓർഡിനൻസിൽ വ്യവസ്ഥകളുണ്ടത്രേ. ഈ ശുഷ്‌കാന്തി സാധാരണ ജനങ്ങളുടെ കാര്യത്തിൽ എന്തെ ഇല്ലാത്തത്!!! പലപ്പോഴും രോഗികളോ കൂട്ടിരിപ്പുകാരോ അക്രമ സ്വഭാവം കാണിക്കുന്നത് മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് കൊണ്ടാണ്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഭ്യത തടയാനോ നിയന്ത്രിക്കാനോ എന്തെങ്കിലും നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാൻ കഴിയുമോ? ആരോഗ്യപ്രവർത്തകർക്ക് മാത്രമല്ല രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓർഡിനൻസിനകത്തു വ്യവസ്ഥകൾ ഉണ്ടാകുന്നത് നല്ലതാണ്. അങ്ങനെയാണെങ്കിൽ നിയമം കൂടുതൽ ജനകീയവും സുതാര്യവുമാകും. രോഗികൾക്ക് സംഘടനാ പിൻബലമില്ല, അതുകൊണ്ടുതന്നെ രോഗികളോടും കൂട്ടിരിപ്പുകാരോടും ആരോഗ്യപ്രവർത്തകർ മോശമായി പെരുമാറാനുള്ള സാദ്ധ്യതകൾ വളരെ കൂടുതലാണ്. മുൻകാല അനുഭവങ്ങളും അത് സാക്ഷ്യപ്പെടുത്തുന്നു. കൃത്യസമയത്തു ആവശ്യമായ ചികിത്സ ലഭിക്കാത്ത സാഹചര്യം ഉണ്ടാവാം. ഇത് ഒഴിവാക്കാനുള്ള വ്യവസ്ഥകൾ കൂടി കേരള ആരോഗ്യ രക്ഷാസേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ )നിയമത്തിൽ ഉൾപ്പെടുത്തേണ്ടതല്ലേ? മാത്രവുമല്ല ഈ നിയമം ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ള ഒന്നാണ്. അതിനെ തടയിടാനുള്ള വ്യവസ്ഥകളും വേണ്ടതല്ലേ!! ഭയാശങ്കകൾ കുന്നോളമാണ്. ഇത് സംബന്ധിച്ച് സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവരുമായി ചർച്ചകളും ഓർഡിനൻസിൽ ഭേദഗതികളും നടത്തി വേണം നിയമം നടപ്പാക്കാൻ അല്ലെങ്കിൽ ഏകപക്ഷീയമായി രോഗികളെയും കൂട്ടിരിപ്പുകാരെയും പീഡിപ്പിക്കാനും ഇപ്പോഴും ഈ മേഖലകളിൽ ചില ആശുപത്രി അധികൃതരും സർക്കാർ ഉദ്യോഗസ്ഥരും നടത്തുന്ന നിയമ ലംഘനങ്ങളും നിയമ ദുരു പയോഗങ്ങളും തുടരുമെന്നും നീതി നിഷേധങ്ങൾ ആവർത്തിക്കപ്പെടുകയുള്ളു എന്നും സെൻട്രൽ ഹ്യൂമൻ റൈറ്റ് ഫോറത്തിൻ്റെ ചെയർമാൻ ശ്രീ ഗണേഷ് പറമ്പത്ത് ഉന്നയിക്കുകയുണ്ടായി