കേരളത്തില്‍ വൈദ്യുതി വിതരണ രംഗത്ത് സ്വാകാര്യ കമ്പനികള്‍ വരുന്നത് ഭയക്കുന്നത് ആര്?

കേരളത്തില്‍ വൈദ്യുതി വിതരണ രംഗത്ത് സ്വാകാര്യ കമ്പനികള്‍ വരുന്നത് ഭയക്കുന്നത് ആര്?

ഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പാസ്സാക്കിയ വൈദ്യുതി നിയമ ഭേദഗതി ബില്ലില്‍ ഷോക്കടിച്ചിരിക്കുകയാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡും ഇടത്, വലത് മുന്നണികളും ട്രേഡ് യൂണിയനുകളും.കേരളമാണ് ഈ ബില്ലിനെ ശക്തമായി എതിര്‍ക്കുന്നത്. രാജ്യത്താകെ വൈദ്യുതി നിരക്ക് ഏകീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പാര്‍ലമെന്റില്‍ ബില്ല് പാസ്സാക്കിയത്. മൊബൈല്‍ ഫോണ്‍കോള്‍, ഡേറ്റ നിരക്കുകള്‍ മത്സരാധിഷ്ഠിതമാക്കിയതിന് സമാനമായ പദ്ധതിയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. വൈദ്യുതി മേഖലയില്‍ മൂലധന നിക്ഷേപവും മത്സരവും വര്‍ദ്ധിപ്പിക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. അതായത് കുറഞ്ഞ വിലയില്‍ ആര് വൈദ്യുതി നല്‍കിയാലും അവര്‍ക്ക് സ്വാഗതം. ഏത് കമ്പനിക്കും വൈദ്യുതി വാങ്ങുകയും വില്‍ക്കുകയും ചെയ്യാമെന്നതിനാല്‍ വൈദ്യുതി ബോര്‍ഡുകളുടെ കുത്തക അവസാനിക്കും. ഉപഭോക്താവിന് ഇഷ്ടാനുസരണം സേവനദാതാവിനെ തിരഞ്ഞെടുക്കാം. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ വൈദ്യുതി നിരക്ക് ഈടാക്കുന്ന സംസ്ഥാനം കേരളമാണ്. ഇക്കഴിഞ്ഞ ജൂണില്‍ 6. 60 ശതമാനം നിരക്ക് വദ്ധിപ്പിച്ചതിലൂടെ 1000 കോടി രൂപയുടെ അധികവരുമാനമാണ് വൈദ്യുതി ബോര്‍ഡിനുണ്ടായത്. 1.50 രൂപ മുതല്‍ 7.90 രൂപ വരെയാണിപ്പോള്‍ യൂണിറ്റിന് നിരക്ക്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്. എന്നിട്ടും സംസ്ഥാന വൈദ്യുതി ബോര്‍ഡ് മറ്റേതൊരു പൊതുമേഖലാ സ്ഥാപനം പോലെയും കൊടിയ നഷ്ടത്തിലാണ്. വൈദ്യുതി രംഗത്തെ രാഷ്ട്രീയ അതിപ്രസരവും മാനേജ്‌മെന്റിനെപ്പോലും വരുതിയില്‍ നിറുത്തിയുള്ള ട്രേഡ്യൂണിയനുകളുടെ അഴിമതി ഭരണവും മൂലമാണ് ബോര്‍ഡ് നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയതെന്ന് ജനങ്ങള്‍ക്കറിയാം. വൈദ്യുതി നിരക്ക് അടിയ്ക്കടി വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്നത് ഇക്കാരണങ്ങളാലാണ്. ഏറ്റവും കുറഞ്ഞ നിരക്കില്‍ ജലത്തില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന കേരളത്തിലെ വൈദ്യുതി നിരക്ക് തൊട്ടയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലേതിനെക്കാള്‍ നാലിരട്ടിയാണ്. അഴിമതിയും കെടുകാര്യസ്ഥതയും മാത്രമല്ല, ഏറ്റവും ഉയര്‍ന്ന നിരക്കും ഈടാക്കുന്ന വൈദ്യുതി ബോര്‍ഡെന്ന ഒറ്റയാനെ മറ്റൊരു വഴിയില്ലാത്തതിനാലാണ് ഉപഭോക്താക്കള്‍ സഹിക്കുന്നത്. മെച്ചപ്പെട്ട സേവനവും കുറഞ്ഞ നിരക്കുമായി ഈ രംഗത്തേക്ക് ആര് വന്നാലും അവര്‍ ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്യും. പൊതുമേഖലയെന്നോ സ്വകാര്യ മേഖലയെന്നോ ഉള്ള വേര്‍തിരിവൊന്നും ഉപഭോക്താക്കള്‍ക്ക് വിഷയമാകില്ല.
    ആം ആദ്മി ഭരിക്കുന്ന ഡല്‍ഹിയില്‍ 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കാമെന്ന് തെളിയിച്ച മാതൃക ജനങ്ങളുടെ മുന്നിലുണ്ട്. ഇപ്പോള്‍ അത് പഞ്ചാബിലേക്കും വ്യാപിപ്പിച്ചു. ഇന്ത്യയിലെ മെട്രോ നഗരങ്ങളിലും ലോകത്തെ വികസിത രാജ്യങ്ങളിലുമെല്ലാം കാലങ്ങളായി സ്വകാര്യ കമ്പനികളാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. കേരളത്തിലെ മൂന്നാറില്‍ കാലങ്ങളായി വൈദ്യുതി വിതരണം നടത്തുന്നത് ടാറ്റ കമ്പനിയാണ്. ടാറ്റ അടക്കം 8 ലൈസന്‍സികള്‍ക്ക് സംസ്ഥാനത്ത് സ്വന്തമായി വൈദ്യുതി വിതരണമുണ്ട്. ഐ.ടി പാര്‍ക്കുകളാണ് ഇതില്‍ മിക്കതും. വൈദ്യുതി ബോര്‍ഡില്‍ നിന്ന് ഇവര്‍ വാങ്ങുന്ന വൈദ്യുതിയുടെ നിരക്ക് നിശ്ചയിക്കുന്നത് റഗുലേറ്ററി കമ്മിഷനാണ്. ടെലികോമും വിമാനവും സ്വകാര്യവത്ക്കരിച്ചു ഇന്ത്യയില്‍ ടെലികോം മേഖലയിലേക്ക് സ്വകാര്യ കമ്പനികള്‍ കടന്നു വന്നതോടെയുണ്ടായ വിപ്‌ളവകരമായ മാറ്റം ഉപഭോക്താക്കള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ബി.എസ്.എന്‍.എല്‍ എന്ന പൊതുമേഖലാസ്ഥാപനത്തിനൊപ്പം സ്വകാര്യ കമ്പനികള്‍ കൂടി കടന്നുവന്നതോടെ മൊബൈല്‍ ഫോണ്‍കോള്‍, ഡേറ്റ, ഇന്റര്‍നെറ്റ് രംഗങ്ങളില്‍ ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കാനുള്ള അവസരമാണ് ലഭിച്ചത്. കുറഞ്ഞ നിരക്കുകളും മെച്ചപ്പെട്ട സേവനവും നല്‍കുന്ന കമ്പനികള്‍ നോക്കി തിരഞ്ഞെടുക്കുന്നതിനാല്‍ ഇവ നല്‍കാന്‍ കമ്പനികള്‍ മത്സരിക്കുകയാണ്.
    എയര്‍ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും കൈകാര്യം ചെയ്തിരുന്ന വ്യോമഗതാഗത രംഗത്തേക്ക് സ്വകാര്യ കമ്പനികള്‍ കൂടി വന്നതോടെ വ്യോമഗതാഗതം മെച്ചപ്പെടുകയും യാത്രക്കാര്‍ക്ക് ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ടായി. രാജ്യത്തെ വിമാനത്താവളങ്ങളിലും സ്വകാര്യ പങ്കാളിത്തമുണ്ടായത് അടുത്ത കാലത്താണ്. ലോകമെമ്പാടും ഒറ്റ കമ്പോളമായി മാറിയപ്പോള്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം കൂടാതെ ഒരു രാജ്യത്തിനും സാമ്പത്തികമായി മുന്നേറാന്‍ ആകാത്ത സ്ഥിതിവിശേഷമാണ് സംജാതമായത്. ഖജനാവ് മുടിച്ചു കൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതിന്റെ ഉദാഹരണങ്ങളാണ് കേരളത്തിലെ വൈദ്യുതി ബോര്‍ഡും കെ.എസ്.ആര്‍.ടി.സിയും. ഈ സാഹചര്യത്തിലാണ് പാര്‍ലമെന്റ് പാസ്സാക്കിയ വൈദ്യുതി ഭേദഗതി നിയമത്തെയും വിലയിരുത്തേണ്ടത്. ലക്ഷങ്ങള്‍ ശമ്പളമായി വാങ്ങിയിട്ടും പണിയെടുക്കാതെ ട്രേഡ്യൂണിയന്‍ കളിച്ചു നടക്കുന്ന ജീവനക്കാരാണ് വൈദ്യുതി ബോര്‍ഡിനെ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചതെന്നത് തര്‍ക്കമറ്റ കാര്യമാണ്. വൈദ്യുതി മേഖലയിലേക്ക് സ്വകാര്യ സംരംഭകര്‍ കടന്നു വരുന്നതിനെ ശക്തമായി എതിര്‍ക്കുന്നവര്‍ സംസ്ഥാനത്തെ ട്രേഡ്യൂണിയനുകളും രാഷ്ട്രീയ കക്ഷികളും മാത്രമാണ്. ദേഹം വിയര്‍ക്കാതെ ലഭിച്ചുകൊണ്ടിരിക്കുന്ന കോടികളുടെ വരുമാനം നിലയ്ക്കുമെന്നതാണ് ഇക്കൂട്ടരെ ആശങ്കയിലാക്കുന്നത്. എതിര്‍ക്കുന്നവരുടെ നിലപാട് പൊതുപണം കൊണ്ട് കെട്ടിപ്പടുത്ത വൈദ്യുതി ബോര്‍ഡിനെ സ്വകാര്യ സംരംഭകര്‍ക്ക് അടിയറ വയ്ക്കുന്നുവെന്നാണ് ബില്ലിനെ എതിര്‍ക്കുന്നവരുടെ നിലപാട്.
    സംസ്ഥാനത്ത് നഗരപ്രദേശങ്ങളില്‍ മാത്രമാകും സ്വകാര്യ സംരംഭകര്‍ കേന്ദ്രീകരിക്കുകയെന്നും ഗ്രാമങ്ങളിലേക്ക് എത്തില്ലെന്നും ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ സ്വകാര്യ സംരംഭകരുടെ ഇഷ്ടാനുസരണം വൈദ്യുതി വിതരണം നടത്താന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ കമ്പനികള്‍ക്ക് വൈദ്യുതി വിതരണ ശൃംഖല ഉപയോഗിക്കാന്‍ നല്‍കുന്നത് സൗജന്യമായല്ലെന്നും അതിന് ഫീസ് ഈടാക്കുമെന്നും കേന്ദ്ര ഊര്‍ജ്ജ മന്ത്രി ആര്‍.കെ സിംഗും വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ തോന്നിയ പടി വൈദ്യുതിക്ക് വില കൂട്ടാനും സ്വകാര്യ കമ്പനികള്‍ക്ക് കഴിയില്ല. നിരക്കിന്റെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ പരിധി നിശ്ചയിക്കുന്നത് സംസ്ഥാന റഗുലേറ്ററി അതോറിറ്റികളായിരിക്കും. അതിനാല്‍ ഇതിനിടയിലെ നിരക്ക് മാത്രമേ ഈടാക്കാന്‍ കഴിയുകയുള്ളൂ. അതിനാല്‍ ആരാണ് കുറഞ്ഞ നിരക്കില്‍ കാര്യക്ഷമമായി വൈദ്യുതി നല്‍കുന്നതെന്ന് നോക്കി അവരെ തിരഞ്ഞെടുക്കാനുള്ള അവസരം ഉപഭോക്താവിന് ലഭിക്കും. കര്‍ഷകര്‍ക്കും മറ്റും നിലവില്‍ നല്‍കി വരുന്ന സബ്‌സിഡികള്‍ ഇല്ലാതാക്കുകയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു. വ്യവസായങ്ങളില്ല, മുഖ്യം ഗാര്‍ഹികം കേരളത്തില്‍ 70 ശതമാനം വൈദ്യുതിയും ഉപയോഗിക്കുന്നത് ഗാര്‍ഹിക ഉപഭോക്താക്കളാണ്. ശേഷിക്കുന്നത് കമേഷ്യല്‍ വിഭാഗക്കാരും. തുച്ഛമായ ശതമാനം വൈദ്യുതി മാത്രമാണ് വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടിലാകട്ടെ, 60 ശതമാനം വൈദ്യുതിയും ഉപയോഗിക്കുന്നത് വ്യവസായത്തിനാണ്. അതിനാലാണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാനാകുന്നത്. കേരളത്തിലും 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യമെന്നാണ് പറയുന്നത്. എന്നാല്‍ 41 യൂണിറ്റായാല്‍ എല്ലാ യൂണിറ്റിനും നിരക്ക് നല്‍കണം. അതിനാല്‍ മാസം 40 യൂണിറ്റ് മാത്രം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കളെ കണ്ടെത്താന്‍ മഷിയിട്ട് നോക്കേണ്ടി വരും.
    കാലങ്ങളായി വൈദ്യുതി ഉത്പാദനവും വിതരണവും കുത്തകയാക്കിയ വൈദ്യുതി ബോര്‍ഡ് ആധുനികവത്കരണം നടപ്പാക്കുന്നതില്‍ ഏറെ പിന്നിലാണ്. ഭൂഗര്‍ഭ കേബിളുകള്‍ വഴിയാണ് മിക്ക വിദേശ രാജ്യങ്ങളിലും വൈദ്യുതി വിതരണം. ഇവിടെ കാലവര്‍ഷമോ കാറ്റോ അടിച്ചാല്‍ മരം വീണും മറ്റും വൈദ്യുതി തകരാറിലാകും. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കാന്‍ മുന്‍ ചെയര്‍മാന്‍ ബി.അശോക് ശ്രമം നടത്തിയെങ്കിലും അദ്ദേഹത്തെ യൂണിയനുകള്‍ പുകച്ച് പുറത്ത് ചാടിച്ചു. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കിയാല്‍ മാത്രം ബോര്‍ഡ് ലാഭത്തിലാകുമെന്ന് ബോര്‍ഡിലുള്ളവര്‍ തന്നെ പറയുന്നു. പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതി ദശലക്ഷക്കണക്കിലാണ്. ഇതിന് കരാര്‍ നല്‍കിയിട്ടുള്ള സ്ഥാപനങ്ങള്‍ യൂണിറ്റൊന്നിന് ഒരു പൈസ വീതം കമ്മിഷന്‍ നല്‍കിയാലും കോടികളാണ് പലര്‍ക്കും കമ്മിഷനായി ലഭിക്കുന്നത്. ഇത് എവിടെയൊക്കെ എത്തുമെന്നത് അറിയാത്തവരായി ആരുമില്ല. ഇത്തരക്കാരാണ് കേന്ദ്രം പാസ്സാക്കിയ ബില്ലില്‍ ഷോക്കേറ്റ് നില്‍ക്കുന്നത്. ഉപഭോക്താക്കളുടെ നന്മയോ ക്ഷേമമോ അല്ല ഇത്തരക്കാരുടെ ലക്ഷ്യം.