പെട്ടിമുടി ദുരന്ത ബാധിതര്‍ക്കുള്ള സഹായധനം നാളെ വിതരണം ചെയ്യും, വീടുകളും ഈ മാസം കൈമാറും
ഇടുക്കി: പെട്ടിമുടി ദുരന്ത ബാധിതര്‍ക്കുള്ള സര്‍ക്കാര്‍ സഹായധനം നാളെ കൈമാറും. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്, മരിച്ച 44 പേരുടെ അനന്തരാവകാശികള്‍ക്കാണ് ആദ്യഘട്ടത്തില്‍ സഹായധനം നല്‍കുന്നത്. ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് നിര്‍മിച്ച് നല്‍കുന്ന വീടുകളും ഈ മാസം കൈമാറും.
ദുരന്തബാധിതര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനത്തിന്റെ ആദ്യഘഡു കിട്ടി. ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും സംസ്ഥാന സര്‍ക്കാരും കണ്ണന്‍ദേവന്‍ കമ്ബനിയും പ്രഖ്യാപിച്ച സഹായധനം നല്‍കിയിരുന്നില്ല. ഇതിനെതിരെ പരാതി ഉയര്‍ന്നതോടെയാണ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കി സര്‍ക്കാര്‍ പണം കൈമാറുന്നത്. പെട്ടിമുടി ദുരന്തത്തില്‍ 70 പേരാണ് മരിച്ചത്.
ഇതില്‍ സഹായധനം നല്‍കുന്നതിനായി 44 പേരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. മൂന്നാറില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എംഎം മണി അഞ്ച് ലക്ഷം രൂപ വീതം അനന്തരാവകാശികള്‍ക്ക് കൈമാറും.
ദുരന്തത്തില്‍ മരിച്ച മറ്റ് 26 പേരുടെ അനന്തരാവകാശികള്‍ക്കും വൈകാതെ സഹായധനം നല്‍കും. എട്ട് കുടുംബങ്ങള്‍ പെട്ടിമുടി ദുരന്തത്തെ അതിജീവിച്ചിരുന്നു. ഇവര്‍ക്കായി മൂന്നാര്‍ കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് കണ്ണന്‍ദേവന്‍ കമ്ബനി നിര്‍മിച്ച് നല്‍കുന്ന വീടുകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. വീടുകള്‍ ഈ മാസം അവസാനത്തോടെ കൈമാറാനാകുമെന്നാണ് പ്രതീക്ഷ.
Comments (0)