നഗരം ഇരുട്ടിലാണെങ്കിലും രണ്ടാം പിണറായി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തിന് ലൈറ്റ് വാടകയ്‌ക്കെടുക്കാന്‍ കോര്‍പ്പറേഷന്‍ ചെലവാക്കിയത് പത്ത് ലക്ഷം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒന്നരക്കിലോമീറ്റര്‍ ദൂരത്തില്‍ റോഡിനിരുവശവും ദീപാലങ്കാരങ്ങള്‍ ഒരുക്കിയതിന് 9.71 ലക്ഷം രൂപ ചെലവിട്ട നഗരസഭയുടെ നടപടിയെച്ചൊല്ലി ഇന്നലത്തെ കൗണ്‍സിലില്‍ ഭരണ-പ്രതിപക്ഷ തര്‍ക്കം. ഗരത്തിലെ തെരുവുവിളക്ക് ക്ഷാമം അതിരൂക്ഷമാണെന്ന് കൗണ്‍സിലില്‍ മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍. അനില്‍ തന്നെ സ്ഥിരീകരിക്കുമ്പോഴാണ് ദീപാലങ്കാര വാടകയ്ക്ക് 10 ലക്ഷം രൂപ നഗരസഭ ചെലവഴിച്ചത്. കഴിഞ്ഞ മേയ് 27 മുതല്‍ ജൂണ്‍ 2 വരെയുള്ള കാലയളവില്‍ നഗരസഭ ആസ്ഥാന മന്ദിരവും എല്‍.എം.എസ് ജംഗ്ഷന്‍ മുതല്‍ വെള്ളയമ്പലം വരെയുള്ള ഭാഗവുമാണ് അലങ്കരിച്ചത്. ഓഫീസ് കെട്ടിടം ദീപാലങ്കാരം നടത്തിയതിന് 4.79 ലക്ഷവും റോഡിനിരുവശവുമുള്ള വൃക്ഷങ്ങള്‍ വൈദ്യുത ദീപങ്ങളാല്‍ അലങ്കരിച്ചതിന് 4.73 ലക്ഷവുമാണ് ചെലവിട്ടത്. ബില്‍ത്തുകയുടെ 3% ബില്‍ പ്രിപ്പറേഷന്‍ ചാര്‍ജായും 1% തുക ചെക്ക് മെഷര്‍മെന്റ് ചാര്‍ജായും കണക്കാക്കുമ്പോള്‍ തുക 9.71 ലക്ഷമാകും. പ്രതിപക്ഷ കക്ഷി അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും തുക ചെലവഴിക്കുന്നതിന് മേയ് 13ന് മേയര്‍ നല്‍കിയ മുന്‍കൂര്‍ അനുമതി സാധൂകരിക്കാന്‍ കൗണ്‍സില്‍ യോഗം അനുമതി നല്‍കി. സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തുക ചെലവഴിച്ചതെന്ന് ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു വിശദീകരിച്ചു. നഗരവികസനത്തിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതെ രാഷ്ട്രീയ പോരില്‍ പിരിയുന്ന ആറാമത്തെ കൗണ്‍സിലറായിരുന്നു ഇന്നലത്തേത്. സ്വാതന്ത്ര്യദിനം നഗരസഭ സമുചിതമായി ആഘോഷിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ബി.ജെ.പി അംഗങ്ങള്‍ ആരോപണങ്ങള്‍ക്ക് തുടക്കമിട്ടത്. എല്‍.ഡി.എഫ് അംഗങ്ങള്‍ ചരിത്രം പറഞ്ഞ് അതിനെ പ്രതിരോധിച്ചു. രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവില്‍ ബി.ജെ.പി കൗണ്‍സില്‍ ബഹിഷ്‌കരിച്ച് മടങ്ങുകയായിരുന്നു. മഹാത്മാഗാന്ധിയെ വധിച്ചത് ആര്‍.എസ്.എസാണെന്ന ഡെപ്യൂട്ടി മേയറുടെ പരാമര്‍ശത്തിലാണ് ബി.ജെ.പി നടുത്തളത്തില്‍ പ്രതിഷേധവുമായി ഇറങ്ങിയത്. പരാമര്‍ശം പിന്‍വലിക്കാന്‍ ഇടപെടണമെന്ന് ബി.ജെ.പി അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും മേയര്‍ നിരാകരിച്ചു. തുടര്‍ന്ന് ബി.ജെ.പി അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച് മേയറുടെ ചേംബറിന് മുന്നിലെത്തി. പ്രതിഷേധത്തെ തുടര്‍ന്ന് മറ്റ് അജന്‍ഡകളെല്ലാം ചര്‍ച്ചയില്ലാതെ രണ്ട് മിനുട്ടില്‍ ഭരണസമിതി പാസാക്കി. അതത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ അജന്‍ഡകള്‍ വായിച്ച് ചര്‍ച്ച ചെയ്യേണ്ട ചില സ്ഥിരംസമിതി അദ്ധ്യക്ഷന്മാര്‍ ഇല്ലാത്ത സാഹചര്യത്തില്‍ കൗണ്‍സിലര്‍മാരും മറ്റ് സ്ഥിരംസമിതി അദ്ധ്യക്ഷരുമാണ് അജന്‍ഡകള്‍ പാസാക്കിയത്. ഇത് ചട്ടവിരുദ്ധമാണെന്നും ആരോപണമുണ്ട്. പ്രശ്നം രൂക്ഷമായപ്പോള്‍ ഡെപ്യൂട്ടി മേയറെ കൗണ്‍സില്‍ നിയന്ത്രണം ഏല്പിച്ച് മേയര്‍ മടങ്ങുകയായിരുന്നു. പരാമര്‍ശത്തിനെതിരെ ബി.ജെ.പി അംഗങ്ങള്‍ ഡെപ്യൂട്ടി മേയറുടെ ഓഫീസ് ഉപരോധിച്ചു.ഒടുവില്‍ പൊലീസെത്തി ബി.ജെ.പി അംഗങ്ങളുമായും മേയറുമായും ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ പരാമര്‍ശത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ബി.ജെ.പി.
Comments (0)