സംസ്ഥാന ബജറ്റില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് താമസ സൗകര്യത്തോടു കൂടിയുള്ള പ്രസ് ക്ലബ്

സംസ്ഥാന ബജറ്റില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് താമസ സൗകര്യത്തോടു കൂടിയുള്ള പ്രസ് ക്ലബ്

തിരുവനന്തപുരത്ത് മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് താമസ സൗകര്യത്തോടെ പ്രസ് ക്ലബ്ബ് സ്ഥാപിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരണത്തില്‍ പറഞ്ഞു.

കേരള മീഡിയ അക്കാദമിക്ക് അഞ്ച് കോടി രൂപയും കേരള മ്യൂസിയത്തിന് ഒരു കോടി രൂപയും ബജറ്റില്‍ വകയിരുത്തി. ജേര്‍ണലിസ്റ്റ്, നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷന്‍ 1000 രൂപ വര്‍ധിപ്പിച്ചു.

വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് താമസ സൗകര്യത്തോടെ പ്രസ് ക്ലബ്ബ് സ്ഥാപിക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനത്തെ നെറ്റ്‌വര്‍ക്ക് ഓഫ് വിമെന്‍ ഇന്‍ മീഡിയ ഇന്ത്യ (NWMI) കേരള ഘടകം സ്വാഗതം ചെയ്തു. ദീര്‍ഘകാലമായി വനിതാമാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്ന ക്രെഷ്, ഹോസ്റ്റല്‍, രാത്രികാല താമസ സൗകര്യം തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഗവണ്മെന്റ് തയ്യാറായി എന്നത് അനുമോദനാര്‍ഹമാണ്.

ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ നിവേദനം 2018ല്‍ കോഴിക്കോട് നടന്ന നാഷണല്‍ വിമന്‍ ഇന്‍ മീഡിയ കോണ്‍ക്ലേവിന്റെ ഭാഗമായി നെറ്റ്‌വര്‍ക്ക് ഓഫ് വിമെന്‍ ഇന്‍ മീഡിയ ഇന്ത്യയും കേരളം മീഡിയ അക്കാദമിയും ചേര്‍ന്നു നല്‍കിയിരുന്നതായി NWMI പത്രക്കുറിപ്പില്‍ പറഞ്ഞു.

മാധ്യമരംഗത്ത് സ്ത്രീകളുടെ പങ്ക് കൂടുതല്‍ ശക്തമാക്കാന്‍ ഈ നടപടികള്‍ സഹായിക്കുമെന്ന് നെറ്റ്‌വര്‍ക്ക് ഓഫ് വിമെന്‍ ഇന്‍ മീഡിയ കേരള ഘടകം അഭിപ്രായപ്പെട്ടു.

അഞ്ച് വര്‍ഷംകൊണ്ട് 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ജോലി ലഭ്യമാക്കുന്ന വിപുലമായ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന സാമ്ബത്തിക വര്‍ഷത്തില്‍ മൂന്ന് ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.