ചൈനീസ് പിന്മാറ്റം പിപി-15 മേഖലയില്‍ നിന്നുമാത്രം; ദേംചുക്കും ദെസ്പാംഗ് മേഖലയും നിര്‍ണ്ണായകം

ചൈനീസ് പിന്മാറ്റം പിപി-15 മേഖലയില്‍ നിന്നുമാത്രം; ദേംചുക്കും ദെസ്പാംഗ് മേഖലയും നിര്‍ണ്ണായകം

ന്യൂഡല്‍ഹി : ഇന്നലെ മുതല്‍ ചൈന നടത്തുന്ന പിന്മാറ്റം ഒരു മേഖലയില്‍ നിന്ന് മാത്രമെന്ന് ഇന്ത്യന്‍ സൈന്യം. അതിര്‍ത്തിയിലെ എല്ലാ മേഖലയില്‍ നിന്നും പിന്മാറാമെന്നുള്ള ധാരണയില്‍ പട്രോളിംഗ് പോയിന്റ് 15 എന്ന ഗോഗ്രാ-ഹോട്ട്സപ്രിംഗ് മേഖലയില്‍ നിന്നാണ് പിന്മാറ്റം ആരംഭിച്ചിരിക്കുന്നത്. ഷാന്‍ഹായ് സമ്മേളനത്തില്‍ ചൈനീസ് പ്രസിഡന്റും ഇന്ത്യന്‍ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് എടുക്കുന്ന മഞ്ഞുരുകല്‍ സമീപനം മാത്രമാണെന്നാണ് പ്രതിരോധ വിദഗ്ധര്‍ അറിയിക്കുന്നത്. കഴിഞ്ഞ ജൂലൈ 17ന് നടന്ന 16-ാമത് കമാന്റര്‍തല ചര്‍ച്ചകളെ തുടര്‍ന്നാണ് ഇരുസൈനിക മേധാവികളും ധാരണയിലെത്തിയത്. അതിര്‍ത്തിയില്‍ നിന്ന് കിലോമീറ്ററുകളോളം പിന്മാറാന്‍ ഇന്ത്യ ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തിക്കൊണ്ടിരുന്നത്. ആകെ 40-50 സൈനികര്‍ മാത്രമാണ് ഈ മേഖലയില്‍ ഇരു ഭാഗത്തുമായി സൈനിക ക്യാമ്പുകളി ലുണ്ടായിരുന്നത്. മൂന്ന് മുതല്‍ 10 കിലോമീറ്റര്‍ ദൂരമാണ് അതിര്‍ത്തിയില്‍ ഈ മേഖലയില്‍ പട്രോളിംഗ് നടക്കാറുള്ളത്. ലഡാക് മേഖലയില്‍ 2020 മുതല്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്ന പ്രകോപനത്തിന് പിന്നാലെ വ്യോമാതിര്‍ത്തി ലംഘനവും നടത്തിയതോടെയാണ് ഇന്ത്യ അന്താരാഷ്ട്ര തലത്തില്‍ സമ്മദ്ദം ശക്തമാക്കിയത്. ഐക്യാരാഷ്ട്ര രക്ഷാ കൗണ്‍സിലിലടക്കം ഇന്ത്യ ചൈനയുടെ ഏകപക്ഷീയമായ അതിര്‍ത്തി ലംഘനങ്ങളെ വിമര്‍ശിച്ചു. ദേംചുക്-ദെസ്പാംഗ് മേഖലകളില്‍ 28 മാസമായി ചൈനയുടെ സൈന്യം അതിര്‍ത്തി കേന്ദ്രീകരിച്ച് തമ്പടിക്കുകയും താവളങ്ങള്‍ പണിയുകയുമാണ്. ഇതിന് പിന്നാലെ അരുണാചലില്‍ ചൈന അതിര്‍ത്തി ഗ്രാമങ്ങളും പണിതുയര്‍ത്തിയത് ഇന്ത്യ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. നിലവില്‍ പിന്മാറ്റം നടക്കുന്ന കുരാംഗ് നള്ളയാണ് പിപി-15 എന്ന് അറിയപ്പെടുന്നത്. ഒരു വര്‍ഷമായി ഓരോ ദിവസത്തെ ചൈനീസ് ചലനങ്ങളും രേഖകളാക്കി സൂക്ഷിക്കുന്ന ഇന്ത്യന്‍ സൈന്യം ആറുമാസത്തിലൊരിക്കലുള്ള കമാന്റര്‍ തല ചര്‍ച്ചകളില്‍ നിരന്തരം വിഷയം ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാം സമ്മതിച്ചു പിരിഞ്ഞാലും നേരെ വിപരീതമായ ചൈനീസ് സമീപനങ്ങള്‍ക്കെതിരെ ഇന്ത്യ മുന്നറിയിപ്പും നല്‍കിയിരുന്നു.