കൺടെയ്ൻമെന്റ് സോണുകളിൽ ഉത്സവം പാടില്ല
തിരുവനന്തപുരം : കൺടെയ്ൻമെൻറ് സോണുകളിൽ ഉത്സവങ്ങളോ അതുമായി ബന്ധപ്പെട്ട പരിപാടികളോ സംഘടിപ്പിക്കരുതെന്ന് ആരോഗ്യവകുപ്പ്. 65 വയസ്സിന് മുകളിലുള്ളവർ, പത്തുവയസ്സിൽ താഴെയുള്ള കുട്ടികൾ,ഗർഭിണികൾ, ഗുരതര രോഗങ്ങളുള്ളവർ എന്നിവർ ഉത്സവങ്ങളിലോ സാസ്കാരിക പരിപാടികളിലോ ജാഥകളിലോ പങ്കെടുക്കരുതെന്നും ഇവ സംഘടിപ്പിക്കുന്നവർ ആരോഗ്യവകുപ്പിൻറ മുൻകൂർ അനുമതി വാങ്ങണമെന്നും നിർദേശമുണ്ട്.
ഒന്നിച്ചുള്ള ഭക്ഷണം അനുവദിക്കില്ല. ആചാരത്തിൻറെ ഭാഗമായി അത് നടത്തേണ്ടിവരുകയാണെങ്കിൽ വ്യക്തികൾ തമ്മിൽ അകലം പാലിക്കുന്നുവെന്നുറപ്പാക്കണം. ഉത്സവസ്ഥലത്ത് ആൾക്കൂട്ടമുണ്ടാവാതിരിക്കാൻ സംഘാടകർ ശ്രദ്ധിക്കണം. വ്യക്തികൾ തമ്മിൽ ഒരുമീറ്റർ അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും അതിന് പ്രത്യേകം സ്ഥലം രേഖപ്പെടുത്തുകയും വേണം. അടച്ചിട്ട സ്ഥലങ്ങളിലും ആളുകൾ നിശ്ചിതയെണ്ണത്തിൽ കൂടരുത്. പ്രവേശന കവാടത്തിൽ രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്താനുള്ള പരിശോധനകളുണ്ടാകണം.
റാലികളോ ഘോഷയാത്രകളോ സംഘടിപ്പിക്കുന്നവരും റൂട്ട് മുൻകൂട്ടി നിശ്ചയിച്ച് അധികൃതരെ അറിയിക്കണം. ഒന്നിലധികം ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളിലും നിയന്ത്രണങ്ങൾ പാലിക്കണം.പ്രദർശനങ്ങളും മറ്റും നടക്കുന്ന സ്ഥലങ്ങളിൽ പ്രവേശനത്തിനും പുറത്തേക്കിറങ്ങുന്നതിനും ഒന്നിലധികം പ്രത്യേക വാതിലുകളുണ്ടാകണം. മതപരമായ സ്ഥലങ്ങളിൽ വിഗ്രഹങ്ങളിലോ, വിശുദ്ധ ഗ്രന്ഥത്തിലോ സ്പർശിക്കരുത്. രോഗപ്പകർച്ചാ സാധ്യതയുള്ള സ്ഥലങ്ങളിൽ സംഗീതഗ്രൂപ്പുകളെയും മറ്റും അനുവദിക്കരുതെന്നും റെക്കോഡ് ചെയ്ത ഭക്തിഗാനങ്ങൾ കേൾപ്പിക്കുന്നതാണ് ഉചിതമെന്നും നിർദേശത്തിൽ പറയുന്നു.
Comments (0)