പോപുലര്‍ ഫിനാന്‍സ് തട്ടിപ്പ്: അന്വേഷണം ഏറ്റെടുക്കാതെ സി.ബി.ഐ
കോന്നി: പോപുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സി.ബി.ഐ ഏറ്റെടുക്കാന്‍ തയാറാകാത്തതില്‍ നിക്ഷേപകര്‍ കടുത്ത ആശങ്കയില്‍.കോടികളുടെ സാമ്ബത്തിക തട്ടിപ്പ് ആയിരുന്നിട്ടുകൂടി കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി.ബി.ഐ കേസില്‍ വേണ്ടത്ര പ്രാധാന്യംകൊടുക്കാത്തതാണ് നിക്ഷേപകരെ ആശങ്കയിലാക്കുന്നത്. സി.ബി.ഐ കേസ് ഏറ്റെടുക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യുകയും ഹൈകോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.പോപുലര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 340ല്‍പരം കേസുകളാണ് കോന്നി പൊലീസ് സ്റ്റേഷനില്‍ മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.
കൂടാതെ കേരളത്തിലെ വിവിധ ജില്ലകളിലും പല സംസ്ഥാനങ്ങളുമായി വ്യാപിച്ചുകിടക്കുന്ന നിക്ഷേപ തട്ടിപ്പ് കേസില്‍ പൊലീസ് അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതില്‍ പ്രായോഗികമായ തടസ്സങ്ങളും നിലവിലുണ്ട്. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഒരു അറിയിപ്പും സി.ബി.ഐയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും പൊലീസ് പറയുന്നു.
സി.ബി.ഐ കേസ് ഏറ്റെടുക്കാന്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ച് നിക്ഷേപകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സി.ബി.ഐ ഓഫിസിന് മുന്നില്‍ സമരം സംഘടിപ്പിച്ചിരുന്നു. വിഷയത്തില്‍ നീതി ലഭിക്കാതെ നിക്ഷേപകര്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളും ഉണ്ടായി.
Comments (0)