വ്യാജ വെബ്‌സൈറ്റ്‌ കേസ്‌ : സര്‍ട്ടിഫിക്കറ്റ്‌ ഏതുമാകട്ടെ, വ്യാജന്‍ ഞൊടിയിടയില്‍ റെഡി

വ്യാജ വെബ്‌സൈറ്റ്‌ കേസ്‌ : സര്‍ട്ടിഫിക്കറ്റ്‌ ഏതുമാകട്ടെ, വ്യാജന്‍ ഞൊടിയിടയില്‍ റെഡി

തിരുവനന്തപുരം: കേരള പരീക്ഷാ ഭവന്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ്, കൊച്ചിന്‍ യൂണിവേഴ്സിറ്റി, കേരള സര്‍വകലാശാല... സര്‍വകലാശാലകളും പരീക്ഷാ ബോര്‍ഡും ഏതു മാകട്ടെ വ്യാജ സര്‍ട്ടിഫിക്കറ്റ് അപ്പംപോലെ ചുട്ടെടുക്കും അവിനാഷ് റായി വര്‍മ. ഇതിനായി മൊബൈല്‍ ഫോണിലും ലാപ്ടോപ്പിലും ബ്ലാങ്ക് സര്‍ട്ടിഫിക്കറ്റുകള്‍ ഏറെ. ആവശ്യത്തിനനുസരിച്ച്‌ ഫോട്ടോയും പേര് അടക്കമുള്ള വിവരങ്ങള്‍ ചേര്‍ത്തും ഞൊടിയിടയില്‍ സര്‍ട്ടിഫക്കറ്റ് കൈമാറും. ഡിജിറ്റല്‍ ഒപ്പും സീലും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. കശ്മീര്‍ മുതല്‍ കന്യാകുമാരിവരെയുള്ള നാല്‍പ്പതിലേറെ യൂണിവേഴ്സിറ്റികളുടെ സര്‍ട്ടിഫിക്കറ്റ് വ്യാജമായുണ്ടാക്കുന്നുണ്ട്.

സര്‍ട്ടിഫിക്കറ്റിന്റെ പരിശോധനാ ഘട്ടത്തില്‍ പിടിക്കാതിരിക്കാനാണ് പരീക്ഷാ ബോര്‍ഡുകളുടെയും യൂണിവേഴ്സിറ്റികളുടെയും ഒറിജിനലിനെ വെല്ലുന്ന വ്യാജ വെബ്സൈറ്റുകള്‍ സൃഷ്ടിച്ചത്.

യഥാര്‍ഥ വൈബ്സൈറ്റില്‍ ഒരു വരയോ, കുത്തോ മാറ്റി വളരെ സൂക്ഷ്മതയോടെയാണ് വ്യാജ സൈറ്റുകളുണ്ടാക്കിയത്. അതിനാല്‍ സൈറ്റ് സേര്‍ച്ച്‌ ചെയ്താല്‍ വ്യാജന്‍തന്നെ ആദ്യം മുകളില്‍വരും. ആര്‍ക്കും വ്യാജനെന്ന് മനസ്സിലാകില്ല. ആ വെബ്സൈറ്റില്‍ സെര്‍ച്ച്‌ ചെയ്താല്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് അതില്‍ ദൃശ്യമാകും.അതോടെ വ്യാജന്‍ ‘ഒറിജിനലാ’ കും.

കേരള പരീക്ഷാ ബോര്‍ഡിന്റെയടക്കം വ്യാജ വെബ്സൈറ്റ് നിര്‍മിച്ച്‌ തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ അവിനാഷ് റായി വര്‍മയ്ക്ക് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. ഇതിനായി ഡല്‍ഹിയില്‍അറസ്റ്റിലായ വ്യാജ വെബ്സെറ്റ് നിര്‍മാതാവ് അവിനാഷ് റായി വര്‍മയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും.

മലയാളത്തില്‍ അടക്കമുള്ള ഒട്ടേറെ വ്യാജ കത്തുകളും മറ്റും ഇയാളില്‍നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണിലും ലാപ് ടോപ്പിലും മലയാളത്തിലുള്ള സര്‍ട്ടിഫക്കറ്റ് കോപ്പിയും മറ്റുമുണ്ട്. അവിനാഷ് നേതൃത്വം നല്‍കുന്ന ഡല്‍ഹി കേന്ദ്രീകരിച്ചുള്ള വന്‍ തട്ടിപ്പ് സംഘത്തെക്കുറിച്ച്‌ അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. കേരള പരീക്ഷാ ഭവന്റെ വ്യാജ വെബ്സൈറ്റ് നിര്‍മിച്ച കേസില്‍ ഞായറാഴ്ചയാണ് മുഖ്യപ്രതി അവിനാഷിനെ തിരുവനന്തപുരം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തിച്ചു. ചൊവ്വാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും.