സി.അഭയക്ക് നീതി ലഭിക്കാൻ വൈകിയതെന്തു കൊണ്ട്‌...

സി.അഭയക്ക് നീതി ലഭിക്കാൻ വൈകിയതെന്തു കൊണ്ട്‌...
സി.അഭയക്ക് നീതി ലഭിക്കാൻ വൈകിയതെന്തു കൊണ്ട്‌...

കോട്ടയം ബി.സി.എം കോളേജിലെ രണ്ടാം വര്‍ഷ പ്രീ-ഡിഗ്രി വിദ്യാര്‍ഥിനിയും ക്നാനായ കത്തോലിക്കാ സഭയുടെ കീഴിലുള്ള സെന്‍റ്​ ജോസഫ് കോണ്‍ഗ്രിഗേഷനിലെ കന്യാസ്‌ത്രീയുമായിരുന്നു 21 കാരിയായ സിസ്റ്റര്‍ അഭയ. കോട്ടയം ജില്ലയിലെ അരീക്കരയില്‍ അയിക്കരകുന്നേല്‍ തോമസിന്‍റെയും ലീലാമ്മയുടെയും ഏക മകളായിരുന്നു അവര്‍.
സിസ്റ്റര്‍ അഭയയുടേത്​ ആത്മഹത്യയാണെന്ന്​ പറഞ്ഞ്​ കേസ്​ അന്വേഷണം അവസാനിപ്പിക്കാനാണ്​ ലോക്കല്‍ ​പൊലീസ്​ ശ്രമിച്ചത്​. ലോക്കല്‍ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്ബതര മാസവും അന്വേഷിച്ചു. 1993 ജനുവരി 30 ന് കോട്ടയം ആര്‍.ഡി.ഒ കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ച്‌​ റിപ്പോര്‍ട്ട് നല്‍കി. അഭയയുടേത്​ ആത്മഹത്യയാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍.

കേസ് അട്ടിമറിക്കുന്നതിനെതിരെ കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ പി.സി.ചെറിയാന്‍ മടുക്കാനി പ്രസിഡന്‍റും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കണ്‍വീനറുമായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരുന്നു. അഭയ കേസില്‍ ശരിയായ അന്വേഷണം ആവശ്യപ്പെട്ട്​ നിരവധി സമരങ്ങള്‍ നടന്നു. സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ ആലുവായിലെ മൗണ്ട് കാര്‍മല്‍ കോണ്‍വെന്റിലെ സിസ്റ്റര്‍ ബെനികാസയുടേതടക്കം 34 നിവേദനങ്ങള്‍ മുഖ്യമന്ത്രിക്ക്​ ലഭിച്ചിരുന്നു. ഒടുവില്‍ കേസന്വേഷണം സി.ബി.ഐക്ക്​ വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയും ​ചെയ്​തു.

സംസ്ഥാന സര്‍ക്കാരിന്‍റെ ശുപാര്‍ശയെത്തുടര്‍ന്ന് സി.ബി.ഐ അഭയ കേസന്വേഷണം ഏറ്റെടുത്തു. സി.ബി.ഐ കൊച്ചി യൂണിറ്റ് ഡി.വൈ.എസ്.പി വര്‍ഗീസ് പി.തോമസിന്‍റെ നേതൃത്വത്തില്‍ ആറുമാസം കൊണ്ട്​ നടത്തിയ അന്വേഷണത്തില്‍ അഭയയുടെ മരണം കൊലപാതകമാണെന്ന്​ കണ്ടെത്തി. എന്നാല്‍, പിന്നീട്​ സംഭവിച്ചത്​ സി.ബി.ഐയുടെ ചരിത്രത്തില്‍ അന്നോളം കേട്ടു കേള്‍വിയില്ലാത്ത കാര്യങ്ങളായിരുന്നു. അഭയയുടെ മരണം ആത്മഹത്യയാക്കാന്‍ സി.ബി.ഐ എസ്.പി വി.ത്യാഗരാജന്‍ സമ്മര്‍ദ്ദം ചെലുത്തുകയും വഴങ്ങാതെ വന്നപ്പോള്‍ പീഡിപ്പിക്കുകയും ചെയ്​തെന്ന്​ അന്വേഷണ ഉദ്യേഗസ്​ഥന്‍ വര്‍ഗീസ് പി. തോമസ് 1994 മാര്‍ച്ച്‌ 7 ന് എറണാകുളത്ത് വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. ത്യാഗരാജന്‍റെ ഇടപെടലില്‍ പ്രതിഷേധിച്ച്‌​ വര്‍ഗീസ് പി. തോമസ് സര്‍വീസില്‍ നിന്ന്​ രാജിവെച്ചിരുന്നു. എം.പിമാര്‍ പാര്‍ലമെന്‍റില്‍ വിഷയം ഉന്നയിക്കുകയടക്കം ചെയതതോടെ അഭയ കേസ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റി.വിവാദങ്ങളെ തുടര്‍ന്ന്​ ത്യാഗരാജനെ അഭയക്കേസിന്‍റെ മേല്‍ നോട്ടത്തില്‍ നിന്നും മാറ്റി. സി.ബി.ഐ ഡി.ഐ.ജി ആയിരുന്ന എം.എല്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘത്തിന്​ അന്വേഷണ ചുമതല നല്‍കി. സി.ബി.ഐ സംഘം കോട്ടയത്ത് എത്തി പയസ് ടെന്‍ത്കോണ്‍വെന്റിലെ കിണറ്റില്‍ ജയ്‌പൂരിലെ ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ അഭയയുടെ ഡമ്മി പരീക്ഷണം നടത്തി.

1996 ഡിസംബര്‍ 6 ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സി.ബി.ഐ റിപ്പോര്‍ട്ട്​ സമര്‍പ്പിച്ചു. പ്രതികളെ കണ്ടെത്താനാകാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുവാന്‍ അനുമതി നല്‍കണമെന്നായിരുന്നു റിപ്പോര്‍ട്ടിലെ ആവശ്യം. എന്നാല്‍, ​സി.ബി.ഐ റിപ്പോര്‍ട്ട്​ േകാടതി തള്ളി. തുടരന്വേഷണം നടത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് 1997 മാര്‍ച്ച്‌ 20 ന് ഉത്തരവ് നല്‍കി.
എന്നാല്‍, രണ്ടാം തവണയും അന്വേഷണം അവസാനിപ്പിച്ച്‌ കൊണ്ടുള്ള റിപ്പോര്‍ട്ടാണ്​ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ചത്​. 1999 ജൂലൈ 12 നാണ്​ സി.ബി.ഐ സമര്‍പ്പിച്ച രണ്ടാം റിപ്പോര്‍ട്ടും കോടതി തള്ളി. അഭയ കേസില്‍ രണ്ടാം തവണയും തുടരന്വേഷണം നടത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് 2000 ജൂണ്‍ 23 ന് ഉത്തരവിട്ടു. മൂന്നാം തവണയും അന്വേഷണം അവസാനിപ്പിക്കാന്‍ സി.ബി.ഐ അനുമതി തേടുകയും കോടതി തുടരന്വേഷണത്തിന്​ ഉത്തരവിടുകയും ചെയ്​തു. 2005 ആഗസ്റ്റ് 30 നായിരുന്നു​ സി.ബി.ഐ മൂന്നാം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്​. കേസില്‍ തുടരന്വേഷണം നടത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത് 2006 ആഗസ്റ്റ് 21 നാണ്​.

സി.ബി.ഐ എസ്‌.പി ആര്‍.എം കൃഷ്ണയുടെയും ഡി.വൈ.എസ്.പി ആര്‍.കെ.അഗര്‍വാളിന്‍റെയും നേതൃത്വത്തിലുള്ള സി.ബി.ഐ സംഘം കോട്ടയത്ത് ക്യാമ്ബ് ചെയ്‌തായിരുന്നു ഇത്തവണ അന്വേഷണം. പിന്നീട് അഭയ കേസിന്‍റെ അന്വേഷണം ഡല്‍ഹി യൂണിറ്റില്‍ നിന്നും കൊച്ചിന്‍ യൂണിറ്റിലേക്ക് 2008 സെപ്റ്റംബര്‍ 4 ന് മാറ്റി. കൊച്ചി യൂണിറ്റ് സി.ബി.ഐ ഡി.വൈ.എസ്.പി നന്ദകുമാര്‍ നായര്‍ 2008 നവംബര്‍ 1 ന് അന്വേഷണം ഏറ്റെടുത്തു.

 

16 വര്‍ഷങ്ങള്‍ക്ക് ശേഷം, 2008 നവംബര്‍ 18 ന്​ സി.ബി.ഐ സംഘം മൂന്നു പ്രതികളെ അറസ്റ്റ് ചെയ്‌തു. ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെയാണ്​ ഡി.വൈ.എസ്.പി നന്ദകുമാര്‍ നായരുടെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘം അറസ്​റ്റ്​ ചെയ്​തത്​. 2009 ജൂലൈ 17 ന് സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കി.
വിചാരണ കൂടതെ കുറ്റവിമുക്തരാക്കണം എന്ന് ആവശ്യപ്പെട്ട് മൂന്നു പ്രതികളും 2011 മാര്‍ച്ച്‌ 16 ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്​ കോടതിയില്‍ ഹര്‍ജി നല്‍കി. കുറ്റപത്രം നല്‍കി രണ്ടു വര്‍ഷം കഴിഞ്ഞാണ് പ്രതികള്‍ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്. കേസില്‍ തെളിവ് നശിപ്പിച്ചുവെന്ന്​ ആരോപണം നേരിടുന്ന ക്രൈംബ്രാഞ്ച് എസ്.പി കെ.ടി. മൈക്കിള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം ​വേണമെന്ന്​ 2014 മാര്‍ച്ച്‌ 19 ന് ഹൈക്കോടതി ഉത്തരവ് ഉണ്ടായിരുന്നു. അഭയ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.സാമുവലിനെ പ്രതിയാക്കി 2015 ജൂണ്‍ 30 ന് തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്​തു.

വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്ന പ്രതികളുടെ ഹര്‍ജിയിലെ നടപടികള്‍ സി.ബി.ഐ കോടതിയില്‍ ഒന്‍പത് വര്‍ഷത്തോളം നീണ്ടുപോയി. ഒടുവില്‍ സി.ബി.ഐ കോടതി ഒന്നാം പ്രതി ഫാ.കോട്ടൂരിന്‍റെയും, രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിന്‍റെയും, സിസ്റ്റര്‍ സെഫിയുടെയും വിടുതല്‍ ഹര്‍ജിയില്‍ അന്തിമ വാദം കേട്ട് ഒരുമിച്ചു വിധി പറഞ്ഞു. ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരും, മൂന്നാം പ്രതി സെഫിയും വിചാരണ നേരിടണമെന്ന്​ കോടതി വിധിച്ചു. തിരുവനന്തപുരം സി.ബി.ഐ കോടതി 2018 മാര്‍ച്ച്‌ 7 നാണ്​ ഒന്നാം പ്രതിയുടെയും മൂന്നാം പ്രതിയുടെയും വിടുതല്‍ ഹര്‍ജി തള്ളിയത്​. അതേസമയം രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിടുകയും ചെയ്​തു. ഫാ.ജോസ് പൂതൃക്കയിലിനെതിരായ നൈറ്റ്​ വാച്ച്‌​മാന്‍ ചെല്ലമ്മ ദാസിന്‍റെ മൊഴിയില്‍ തിയതി ഇല്ലെന്ന ന്യായം ചൂണ്ടികാണിച്ചാണ്​ കോടതി ​അദ്ദേഹത്തെ വെറുതെ വിട്ടത്​.
ഫാ.ജോസ് പൂതൃക്കയില്‍ രാത്രി 11 മണിക്ക് ശേഷം പയസ് ടെന്‍റ്​ കോണ്‍വെന്‍റിന്‍റെ മുന്‍ വശത്ത് സ്‌കൂട്ടര്‍ വെച്ച്‌​ മതില്‍ ചാടി കടന്ന്​ കിണറിന്‍റെ ഭാഗത്തേക്ക്​ പോകുന്നത്​ കണ്ടെന്നും പുലര്‍ച്ചെ 5 മണിക്ക് തിരിച്ചു വരുന്നത് കണ്ടെന്നുമായിരുന്നു ചെല്ലമ്മ ദാസിന്‍റെ മൊഴി. എന്നാല്‍ മൊഴിയില്‍ തിയതി രേഖപ്പെടുത്തിയിരുന്നില്ല. അതാണ്​ ഫാ.ജോസ് പൂതൃക്കയിലിനെ വെറുതെ വിടാന്‍ കോടതി ചൂണ്ടികാണിച്ച കാരണം. ചെല്ലമ്മ ദാസ് 2014 ഫെബ്രുവരി 28 ന്​ മരിച്ചതിനാല്‍ വിചാരണ ഘട്ടത്തില്‍ വിസ്തരിക്കാനുമായില്ല.

അതേസമയം, അഭയ മരിച്ച ദിവസം പുലര്‍ച്ചെ അഞ്ചു മണിക്ക് രണ്ട് വൈദികരെ കോണ്‍വെന്‍റിന്‍റെ സ്റ്റെയര്‍കേസില്‍ കണ്ടു എന്ന്​ ദൃക്‌സാക്ഷി അടക്ക രാജു നല്‍കിയ മൊഴി ജോസ്​ പൂതൃക്കയിലിന്​ എതിരായിരുന്നു. ഫാ.ജോസ് പൂതൃക്കയിലിനെ വെറുതെ വിട്ടതിനെതിരെ സി.ബി.ഐയും​ ആക്ഷന്‍ കമ്മിറ്റിയുടെ ജോമോന്‍ പുത്തന്‍പുരയ്ക്കലും നല്‍കിയ ഹരജികള്‍ ഹൈകോടതി തള്ളുകയായിരുന്നു. രണ്ടാം പ്രതി ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സി.ബി.ഐ കോടതിയില്‍ പ്രോസിക്യൂട്ടര്‍ അറിയിച്ചിട്ടുണ്ട്

ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണമെന്ന കോടതി വിധിക്കെതിരെ പ്രതികള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. സുപ്രീം കോടതിയില്‍ പ്രതികള്‍ക്കായി ഹാജരായത്​ പ്രമുഖ അഭിഭാഷകരായ മുകുള്‍ റോഹ്​ത്തഗി, അഭിഷേക് മനു സിംഗ്​വി എന്നിവരാണ്​. എന്നാല്‍, ​പ്രതികളുടെ ഹരജി സുപ്രീം കോടതിയും തള്ളി. 2019 ആഗസ്റ്റ് 26 മുതല്‍ സി.ബി.ഐ കോടതയില്‍ അഭയ കേസിന്‍റെ വിചാരണ ആരംഭിച്ചു.
വിചാരണ നീട്ടിവെക്കാനും പ്രതികള്‍ ഇടപെടല്‍ നടത്തികൊണ്ടിരുന്നു. കോവിഡ്​ പശ്ചാത്തലത്തില്‍ വിചാരണ നീട്ടിവെക്കണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യം ഉന്നയിച്ച്‌​ പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈകോടതി തള്ളിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഒക്‌ടോബര്‍ 20 മുതല്‍ സി.ബി.ഐ കോടതിയില്‍ വിചാരണ പുനരാരംഭിച്ചത്. സി.ബി.ഐയുടെ കുറ്റപത്രത്തില്‍ 133 പ്രോസിക്യൂഷന്‍ സാക്ഷികളാണ് ആകെയുള്ളത്. 28 വര്‍ഷം മുമ്ബുള്ള കേസായതിനാല്‍ പല സാക്ഷികളും ഇന്ന്​ ജീവിച്ചിരിക്കുന്നില്ല. 49 സാക്ഷികളെയാണ്​ പ്രോസിക്യൂഷന് കോടതിയില്‍ വിസ്തരിക്കാനായുള്ളൂ. ഡിസംബര്‍ 10 നാണ്​ പ്രോസിക്യൂഷന്‍ വാദവും പ്രതിഭാഗത്തിന്‍റെ വാദവും പൂര്‍ത്തിയായത്​. അഭയ കൊല്ലപ്പെട്ടിട്ട് 28 വര്‍ഷവും 9 മാസവും കഴിഞ്ഞ ശേഷമാണ്​ തിരുവനന്തപുരം സി.ബി.ഐ കോടതി ഡിസംബര്‍ 22 ന് കേസില്‍ വിധി പറയുന്നതും പ്രതികൾ കുറ്റം ചെയ്തതായി കണ്ടെത്തുന്നതും.