ബന്ധുവീട്ടിലെ കവര്‍ച്ചയില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടാളിയെ കൊന്നുകത്തിച്ച യുവാവ് അറസ്‌റ്റില്‍
കൊച്ചി : പുതുവര്‍ഷത്തലേന്നു തന്റെ വീട്ടില്‍ നടന്ന വിവാഹത്തിനു പിതൃസഹോദരന്‍ വന്ന തക്കം നോക്കി അയാളുടെ വീട്ടില്‍ അതിക്രമിച്ചുകയറി 120 പവന്‍ സ്വര്‍ണവും പണവും കവരുകയും കൂട്ടാളിയുടെ വിരലടയാളത്തിലൂടെ പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ കൂട്ടാളിയായ 19 വയസുകാരനെ കൊന്നുകത്തിക്കുകയും ചെയ്‌ത യുവാവ് പോലീസ് പിടിയില്‍. തോപ്പുംപടി ചുള്ളിക്കല്‍ കൂട്ടുങ്കല്‍ വീട്ടില്‍ ഡിനോയ് ക്രിസ്‌റ്റോ(24) ആണ് പിടിയിലായത്. മോഷണത്തിനു കൂട്ടുനിന്ന ഫോര്‍ട്ട്‌കൊച്ചി കഴുത്തുമുട്ട് മംഗലത്തുവീട്ടില്‍ ജോബി(19) ആണു കൊല്ലപ്പെട്ടത്.
കഴിഞ്ഞ ബുധനാഴ്‌ച പുല്ലേപ്പടി റെയില്‍വേ ട്രാക്കിനു സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ അന്വേഷണമാണു ബന്ധുവീട്ടിലെ മോഷണവും ക്രൂരമായ കൊലപാതകവും ഒരുമിച്ചു തെളിയുന്നതിലേക്ക് എത്തിച്ചത്. ജോബിയുടെ മൃതദേഹം കത്തിച്ചുകളയാന്‍ പെട്രോളും മറ്റു സഹായങ്ങളും നല്‍കിയ മലപ്പുറം തിരൂര്‍ സ്വദേശി സുലു (ഹാരിസ്-34), കണ്ണമാലി സ്വദേശി മണിലാല്‍ (സൂര്യ-19), കൊല്ലം സ്വദേശി പ്രദീപ് (25) എന്നിവരും അറസ്‌റ്റിലായി.
ഡിനോയിയുടെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വിവാഹത്തലേന്നായ ഡിസംബര്‍ 31ന് ഇയാളുടെ പിതാവിന്റെ സഹോദരന്‍ പ്ലാസിഡ് മാനാശേരിയിലെ ഇവരുടെ വീട്ടിലേക്കു വന്നപ്പോഴാണ് എളമക്കര പുതുക്കലവട്ടത്തെ വീടു കുത്തിത്തുറന്നു ഡിനോയി വന്‍കവര്‍ച്ച നടത്തിയത്. മോഷണത്തിനിടയില്‍ പ്ലാസിഡിന്റെ വീടിന്റെ ഭിത്തിയില്‍ പതിഞ്ഞ ജോബിയുടെ വിരലടയാളത്തിലൂടെ അന്വേഷണം തന്നിലേക്കു നീളാതിരിക്കാനാണ് ജോബിയെ മദ്യം കൊടുത്തു മയക്കിയശേഷം ചുറ്റികയ്‌ക്ക് അടിച്ചു കൊന്നതെന്നും മൃതദേഹം കത്തിച്ചതെന്നും ഡിനോയ് പോലീസിനോടു പറഞ്ഞു. മോഷണമുതല്‍ പങ്കുവയ്‌ക്കുന്നതു സംബന്ധിച്ച തര്‍ക്കവും കൊലയ്‌ക്കു കാരണമായി എന്നാണു പോലീസ് നിഗമനം.
Comments (0)