റിസോര്‍ട്ടുകളിലെ കുടിയും കൂത്തും; കുടിക്കു പുറത്തിറങ്ങാനാകാതെ ആദിവാസി സ്‌ത്രീകള്‍

റിസോര്‍ട്ടുകളിലെ കുടിയും കൂത്തും; കുടിക്കു പുറത്തിറങ്ങാനാകാതെ ആദിവാസി സ്‌ത്രീകള്‍

കല്‍പ്പറ്റ: വയനാടന്‍ വനമേഖലകളില്‍ ആദിവാസികളുടെ സൈ്വര്യജീവിതത്തിനു വിലങ്ങുതീര്‍ത്ത്‌ റിസോര്‍ട്ട്‌ ലോബി. ആദിവാസിക്കുടികളോടു ചേര്‍ന്നാണ്‌ ഇവിടെ റിസോര്‍ട്ടുകള്‍ പലതും. റിസോര്‍ട്ടുകളിലെ മദ്യപാനവും പാട്ടുംകൂത്തും കാരണം സൈ്വര്യജീവിതം പോലും നഷ്‌ടപ്പെട്ടെന്ന്‌ മുത്തങ്ങ വന്യജീവിസങ്കേതത്തിന്റെ ഭാഗമായ കുമിഴി, ചുക്കാലിക്കുനി വനഗ്രാമങ്ങളിലെ ആദിവാസി സ്‌ത്രീകള്‍.
പേരും ഫോട്ടോയും പറുത്തുവരരുതെന്ന അഭ്യര്‍ഥനയോടെയാണ്‌ ഇവര്‍ ദുരിതങ്ങള്‍ വിവരിക്കുന്നത്‌. ആദിവാസികളില്‍ കുറേപ്പേരെ പണവും മദ്യവും നല്‍കി റിസോര്‍ട്ടുകാര്‍ മയക്കിയിട്ടുണ്ട്‌. പേരു വെളിപ്പെടുത്താന്‍ പോലും പേടിയാണ്‌. പ്രതികരിച്ചതിന്‌ ഇപ്പോള്‍ത്തന്നെ ഒറ്റപ്പെട്ട നിലയിലാണെന്നും അവര്‍. നൂല്‍പ്പുഴ പഞ്ചായത്തിലെ കുമിഴി, ചുക്കാലിക്കുനി പ്രദേശങ്ങളിലേക്ക്‌ എത്തണമെങ്കില്‍ കാട്ടിലൂടെ മൂന്നു കിലോമീറ്റര്‍ താണ്ടണം. അടുത്തടുത്ത ആദിവാസി ഗ്രാമങ്ങളാണ്‌ രണ്ടും. ഇവിടെ പണിയര്‍, കാട്ടുനായ്‌ക്കര്‍ തുടങ്ങിയ വിഭാഗങ്ങളിലേതായി 110 ആദിവാസികളും 20 ചെട്ടിനായ്‌ക്ക കുടുംബങ്ങളുമാണുള്ളത്‌. 13 റിസോര്‍ട്ടുകളാണ്‌ കുമിഴിയില്‍. അതിലൊന്ന്‌ മുന്‍ ഡിവൈ.എസ്‌.പിയുടേതാണ്‌. ചില റിസോര്‍ട്ടുകള്‍ക്ക്‌ കോളനിയിലെ വീടുകളുമായി ഒരു മീറ്റര്‍ പോലും ദൂരമില്ല.
രാത്രി വൈകുംവരെ റിസോര്‍ട്ടുകളില്‍ പാട്ടുംകൂത്തുമാണ്‌. കുളിക്കാനും അലക്കാനും ആദിവാസി സ്‌ത്രീകള്‍ ആശ്രയിക്കുന്നത്‌ നൂല്‍പ്പുഴയെയാണ്‌. അര്‍ധനഗ്നരായും അല്ലാതെയും മദ്യലഹരിയില്‍ വിനോദസഞ്ചാരികള്‍ പുഴയിലും കോളനികളിലും എത്തുന്നു. ഫോട്ടോ പകര്‍ത്തുന്നു.
റിസോര്‍ട്ടില്‍ ജോലിക്കു പോയ മിനി എന്ന ആദിവാസി സ്‌ത്രീ നാലുവര്‍ഷം മുമ്ബ്‌ മരിച്ചതില്‍ ദുരൂഹത ഇനിയും അകന്നിട്ടില്ല. പുതുവത്സരവേളയില്‍ റിസോര്‍ട്ടില്‍ വലിയ ആഘോഷം നടന്നു. അന്ന്‌ ജോലിക്കു പോയ മിനി വീട്ടില്‍ തിരിച്ചെത്തിയില്ല. പിറ്റേന്ന്‌ മദ്യപിച്ച്‌ ബോധമില്ലാത്ത നിലയില്‍ റിസോര്‍ട്ട്‌ ജീവനക്കാര്‍ വീട്ടില്‍കൊണ്ടുവന്നു കിടത്തിയതാണ്‌. രക്‌തസ്രാവമുണ്ടായിരുന്നു. പോലീസില്‍ പരാതി നല്‍കിയെങ്കിലും പണംനല്‍കി ഒതുക്കിത്തീര്‍ത്തെന്നും ആദിവാസി സ്‌ത്രീകള്‍.
ഇന്നലെ വയനാട്‌ ജില്ലാ കലക്‌ടര്‍ ഡോ. അദീല അബ്‌ദുള്ളയെ നേരില്‍ കണ്ട്‌ ഇവര്‍ പരാതിക്കെട്ടഴിച്ചു. വയനാടന്‍ വനമേഖല കേന്ദ്രീകരിച്ചു നടക്കുന്ന അനിയന്ത്രിതമായ ടൂറിസം നിയന്ത്രിച്ചില്ലെങ്കില്‍ ഗുരുതര ഭവിഷ്യത്തുകള്‍ ഉണ്ടാവുമെന്ന്‌ കുമിഴിയിലെ ആദിവാസി സ്‌ത്രീകള്‍ക്ക്‌ പിന്തുണനല്‍കുന്ന വയനാട്‌ പ്രകൃതിസംരക്ഷണ സമിതി ഭാരവാഹികളായ എന്‍. ബാദുഷയും തോമസ്‌ അമ്ബലവയലും മുന്നറിയിപ്പ്‌ നല്‍കി.