മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; കേരളം കാത്തിരുന്ന പ്രഖ്യാപനം നടത്തി കെ. സുരേന്ദ്രന്‍; തെരഞ്ഞെടുപ്പ് നേരിടാന്‍ സജ്ജം

മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; കേരളം കാത്തിരുന്ന പ്രഖ്യാപനം നടത്തി കെ. സുരേന്ദ്രന്‍; തെരഞ്ഞെടുപ്പ് നേരിടാന്‍ സജ്ജം

പത്തനംതിട്ട: മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വിജയയാത്രയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ സംസാരിക്കുകയായിരുന്നു അദേഹം. അടുത്ത ദിവസം മറ്റു സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പിന് പാര്‍ട്ടി പൂര്‍ണമായി തയാറെടുത്തെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കിഫ്ബി അഴിമതിയില്‍ കേന്ദ്ര ഏജന്‍സികളെ ഭീഷണിപ്പെടുത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കം അന്വേഷണത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണ്. മടിയില്‍ കനമില്ലാത്ത പിണറായി എന്തിനാണ് കേന്ദ്ര ഏജന്‍സികളെ ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു എന്നുള്ളതുകൊണ്ട്, ഒരു കേസന്വേഷണത്തില്‍ നിന്ന് അന്വേഷണ ഏജന്‍സികള്‍ പിന്മാറണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്. കേന്ദ്ര ഏജന്‍സികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു എന്നതുകൊണ്ടു മാത്രം ഉദ്യോഗസ്ഥര്‍ ഹാജരാകില്ലെന്ന് പറയനാവില്ല. മുഖ്യമന്ത്രി നിയമ വാഴ്ച അട്ടിമറിക്കുകയാണ്. കുറ്റവാളികളെ സംരക്ഷിക്കാനാണ് പിണറായി ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

തെരുവില്‍ കാണാം എന്ന് പറയുന്ന ഐസക് ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്നും, ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ അത് ജനം തിരിച്ചറിയുമെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഭീഷണിപ്പെടുത്തുന്നത് ആരാണെന്ന് ഉദ്യോഗസ്ഥരോട് ചോദിച്ചാല്‍ അറിയാമെന്നും സുരേന്ദ്രന്‍ പറയുന്നു.

ഇഡി അന്വേഷണം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ല. അന്വേഷണ ഏജന്‍സികളെ വിളിച്ചു വരുത്തിയത് മുഖ്യമന്ത്രി തന്നെയാണ്. ആദ്യം പറഞ്ഞ ന്യായങ്ങളില്‍ നിന്ന് മുഖ്യമന്ത്രി മാറുകയാണ്. ജനങ്ങളെ ഈട് വച്ച്‌ അധിക പലിശയ്ക്ക് വായ്പയെടുക്കുന്ന തട്ടിപ്പ് വിദ്യയാണ് മസാല ബോണ്ട്. കിഫ്ബിയില്‍ എന്താണ് നടന്നതെന്ന് ജനം അറിയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ജനങ്ങളെ കബളിപ്പിക്കുന്ന ഐസക്കിന്റെ പ്രചാരവേല അവസാനിപ്പിക്കണം. വികസനത്തിന്റെ കാര്യത്തില്‍ ഐസക്ക് പറയുന്നതെല്ലാം പാഴ്വാക്കുകള്‍ മാത്രമാണ്. പാക്കേജുകള്‍ പ്രഖ്യാപിക്കുകയല്ലാതെ പണമൊന്നും അനുവദിക്കുന്നില്ല. കേരളത്തിലെ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുമ്ബോള്‍ ദല്‍ഹിയില്‍ ട്രാക്ടര്‍ ഓടിക്കുകയാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.