ഭക്ഷണശാലകളെ കൃത്രിമ കൊഴുപ്പ് മുക്തമാക്കാന്‍ സര്‍ക്കാര്‍; ട്രാന്‍സ് ഫാ‌റ്റ് തോത് കുറക്കാന്‍ തീരുമാനം

ഭക്ഷണശാലകളെ കൃത്രിമ കൊഴുപ്പ് മുക്തമാക്കാന്‍ സര്‍ക്കാര്‍; ട്രാന്‍സ് ഫാ‌റ്റ് തോത് കുറക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: രാജ്യത്തെ ബേക്കറി ഭക്ഷണത്തിലും ഭക്ഷ്യഎണ്ണകളിലും കാണുന്ന ട്രാന്‍സ് ഫാ‌റ്റ് (കൃത്രിമ കൊഴുപ്പ്) അളവ് കുറയ്‌ക്കാന്‍ തീരുമാനം. നിലവില്‍ അഞ്ച് ശതമാനം ട്രാന്‍സ് ഫാ‌റ്റ് ഉപയോഗിക്കാനായിരുന്നു അനുമതി. ഇത് മൂന്ന് ശതമാനമായി കുറച്ചെന്ന് ഭക്ഷ്യ സുരക്ഷ ഗുണനിലവാര അതോറി‌റ്റി  ( എഫ്.‌എസ്‌.എസ്‌.എ.ഐ) അറിയിച്ചു.

കൊഴുപ്പിലും എണ്ണകളിലും കാണുന്ന ട്രാന്‍സ് ഫാ‌റ്റ് ക്രമത്തില്‍ കുറക്കാനാണ് എഫ്.എസ്.എസ്.എ.ഐയുടെ തീരുമാനം. 2021ല്‍ മൂന്ന് ശതമാനമായും 2022ല്‍ ഇത് രണ്ട് ശതമാനമായും കുറയ്‌ക്കും. ഹൃദയസംബന്ധമായ നിരവധി അസുഖങ്ങള്‍ക്ക് കാരണമാകുന്ന തരം കൊഴുപ്പാണ് ട്രാന്‍സ് ഫാ‌റ്റ്. സസ്യ എണ്ണയോട് ഹൈഡ്രജന്‍ ചേര്‍ത്താണ് ഇവ നിര്‍മ്മിക്കുന്നത്.

ട്രാന്‍സ് ഫാ‌റ്റ് അടങ്ങിയ ഭക്ഷണം ഏറെനാള്‍ സൂക്ഷിച്ചുവയ്‌ക്കാന്‍ കഴിയും എന്നതാണ് ഇവയുടെ ഗുണം. ബേക്കറി വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനുള‌ള വസ്‌തുക്കളിലും, വനസ്‌പതിയിലും ഈ കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ നടന്ന എട്ടാമത് അന്താരാഷ്‌ട്ര ഷെഫ് കോണ്‍ഫറന്‍സില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ 'ട്രാന്‍സ് ഫാ‌റ്റ് മുക്തം' ലോഗോ പ്രകാശനം ചെയ്‌തിരുന്നു. ട്രാന്‍സ് ഫാ‌റ്റ് കുറച്ച്‌ ഭക്ഷണമുണ്ടാക്കുന്ന ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഇവ പ്രദര്‍ശിപ്പിക്കും.ഒരു വര്‍ഷം 5,40000 പേരെങ്കിലും കൊഴുപ്പടങ്ങിയ ഭക്ഷണം കഴിച്ചുണ്ടാകുന്ന രോഗങ്ങളാല്‍ ലോകത്ത് മരണമടയുന്നുണ്ട്. രാജ്യത്ത് ഇത് ഏതാണ്ട് 60,000 വരുമെന്നാണ് സര്‍ക്കാര്‍‌ വ്യക്തമാക്കുന്നത്.