സി.എ.ജി. റിപ്പോര്‍ട്ട്‌ : അടിയന്തരപ്രമേയം ചര്‍ച്ചചെയ്‌ത്‌ തള്ളി

സി.എ.ജി. റിപ്പോര്‍ട്ട്‌ : അടിയന്തരപ്രമേയം ചര്‍ച്ചചെയ്‌ത്‌ തള്ളി

തിരുവനന്തപുരം : കിഫ്‌ബി മസാലാബോണ്ട്‌ ഭരണഘടനാവിരുദ്ധമാണെന്നതുള്‍പ്പെടെ, സി.എ.ജി. റിപ്പോര്‍ട്ടിലെ വിമര്‍ശനങ്ങള്‍ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം നിയമസഭ ചര്‍ച്ചചെയ്‌തു തള്ളി. ആരോപണങ്ങള്‍ക്കു ധനമന്ത്രി കൃത്യമായ മറുപടി നല്‍കിയില്ലെന്നാരോപിച്ച്‌ പ്രതിപക്ഷം സഭയില്‍നിന്ന്‌ ഇറങ്ങിപ്പോയി.
കോണ്‍ഗ്രസിലെ വി.ഡി. സതീശനാണ്‌ അടിയന്തരപ്രമേയത്തിനു നോട്ടീസ്‌ നല്‍കിയത്‌. പതിവിനു വിരുദ്ധമായി, അടിയന്തരപ്രമേയം ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ സമ്മതിച്ചു. തുടര്‍ന്ന്‌, ഇന്നലെ ഉച്ചയ്‌ക്കു 12-നാണ്‌ ഈ സര്‍ക്കാരിന്റെ കാലത്തെ അഞ്ചാമത്‌ അടിയന്തരപ്രമേയം നിയമസഭ ചര്‍ച്ചയ്‌ക്കെടുത്തത്‌. സി.എ.ജി. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള പ്രതിപക്ഷാരോപണങ്ങള്‍ക്കു മന്ത്രി ടി.എം. തോമസ്‌ ഐസക്‌ മറുപടി നല്‍കി. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ ഷെഡ്യൂളും പട്ടികയും വായ്‌പ എടുക്കാനുള്ളതല്ലെന്നും അതിനുള്ള നിയമനിര്‍മാണത്തിനുള്ളതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കിഫ്‌ബി എന്ന സ്‌ഥാപനം ഭരണഘടനാവിരുദ്ധമല്ല. ഉദാരവത്‌കരണം നടപ്പാക്കിയ പാര്‍ട്ടിയുടെ വക്‌താക്കളാണു മസാലാബോണ്ടിനെതിരേ ആരോപണമുന്നയിക്കുന്നത്‌. വികസനം തുടരണോ വേണ്ടയോ എന്നു തീരുമാനിക്കണമെന്നു മാത്രമാണു ജനങ്ങളോടു പറയാനുള്ളത്‌. സര്‍ക്കാരിനു പറയാനുള്ളതു കേള്‍ക്കാതെ, സ്‌തോഭജനകമായ വെളിപ്പെടുത്തലുകളിലൂടെ പ്രതിസന്ധിയിലാക്കാനായിരുന്നു സി.എ.ജി. നീക്കം. സി.എ.ജിയുടേത്‌ അവസാനതീര്‍പ്പോ കോടതിവിധിയോ അല്ല. സി.എ.ജി. റിപ്പോര്‍ട്ട്‌ നിയമസഭയുടെ പബ്ലിക്‌ അക്കൗണ്ട്‌സ് കമ്മിറ്റിക്കു പരിശോധിച്ച്‌ തള്ളാവുന്നതേയുള്ളൂവെന്നും മന്ത്രി ഐസക്‌ ചൂണ്ടിക്കാട്ടി. നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്തിയ ധനമന്ത്രിക്കു തുടരാന്‍ അര്‍ഹതയില്ലെന്ന്‌ ഇറങ്ങിപ്പോക്കിനു മുന്നോടിയായി പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു.
ഓഡിറ്റ്‌ നടത്തുന്നവരും വിധേയരാകുന്നവരും തമ്മില്‍ അവസാനമായി നടക്കുന്ന യോഗത്തിന്റെ (എക്‌സിറ്റ്‌ മീറ്റിങ്‌) മിനിട്‌സുമായി ബന്ധപ്പെട്ട്‌ സഭയില്‍ രൂക്ഷമായ വാദപ്രതിവാദം നടന്നു. എ.ജിയുടെ ഓഫീസില്‍നിന്നു മിനിട്‌സ്‌ ധനവകുപ്പിന്‌ അയച്ചുകൊടുത്തെന്നും എന്നാലത്‌ ഒപ്പിട്ട്‌ മടക്കിനല്‍കിയില്ലെന്നും അടിയന്തരപ്രമേയം അവതരിപ്പിച്ച വി.ഡി. സതീശന്‍ ആരോപിച്ചു. ധനവകുപ്പിനു മിനിട്‌സ്‌ ലഭിച്ചിട്ടില്ലെന്നും മറിച്ച്‌ തെളിയിക്കാനും മന്ത്രി ഐസക്‌ വെല്ലുവിളിച്ചു.
എക്‌സിറ്റ്‌ മീറ്റിങ്ങില്‍ ധനകാര്യ സെക്രട്ടറി പങ്കെടുത്തിരുന്നില്ലെന്നു സതീശന്‍ ആരോപിച്ചു. മിനിട്‌സ്‌ എ.ജി. അയച്ചുകൊടുത്തെങ്കിലും ധനകാര്യ സെക്രട്ടറി ഒപ്പിട്ട്‌ തിരിച്ചയച്ചില്ല. ഇതു തെളിയിക്കാന്‍ തയാറാണെന്നും സതീശന്‍ പറഞ്ഞു. ഇത്‌ ഒത്തുകളിയാണെന്നു മന്ത്രി ഐസക്‌ തിരിച്ചടിച്ചു. ധനവകുപ്പിലെ തപാല്‍ മുഴുവന്‍ തപ്പിയെങ്കിലും അയച്ചെന്നു പറയുന്ന മിനിട്‌സ്‌ ലഭിച്ചില്ല. സി.എ.ജി. എത്ര രേഖകളാണു നിങ്ങള്‍ വഴി പുറത്തുവിട്ടിട്ടുള്ളതെന്നു പി.ടി. തോമസിനെക്കൂടി ഉള്‍പ്പെടുത്തി പരിശോധിച്ചാല്‍ വ്യക്‌തമാകുമെന്നും മന്ത്രി പറഞ്ഞു.