ഹോക്ക്-ഐയില്‍ നിന്ന് ആന്റി എയര്‍ഫീല്‍ഡ് ആയുധ പരീക്ഷണം വിജയം; എച്ച്‌എഎല്ലിന് നേട്ടം
ബെംഗളൂരു: ഇന്ത്യ വികസിപ്പിച്ച ഹോക്ക്-ഐ എയര്‍ക്രാഫ്റ്റില്‍ നിന്ന് ആന്റി എയര്‍ഫീല്‍ഡ് ആയുധ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. രാജ്യത്തെ യുദ്ധവിമാന നിര്‍മ്മാതാക്കളായ ഹിന്ദുസ്ഥാന്‍ എയറനോട്ടിക്കല്‍ ലിമിറ്റഡ്(എച്ച്‌എഎല്‍) ആണ് സ്മാര്‍ട്ട് ആന്റി എയര്‍ഫീല്‍ഡ് ആയുധം(എസ്‌എഎഡബ്ല്യു) ഒഡിഷ തീരത്തുനിന്ന് പരീക്ഷിച്ചത്. റിസര്‍ച്ച് സെന്റര്‍ ഇമാറത് (ആര്‍സിഐ), ഡിആര്‍ഡിഒ എന്നിവരാണ് ആയുധം വികസിപ്പിച്ചതെന്ന് എച്ച്‌എഎല്‍ അറിയിച്ചു. ഇന്ത്യന്‍ ഹോക്ക്-എംകെ 132ല്‍ നിന്ന് തൊടുക്കുന്ന ആദ്യത്തെ സ്മാര്‍ട്ട് ആയുധമാണ് ഇത്. 100 കിലോമീറ്റര്‍ പരിധിയില്‍ ശത്രുക്കളുടെ റഡാര്‍, ബങ്കര്‍, ടാക്‌സി ട്രാക്ക്‌സ്, റണ്‍വേ എന്നിവ തകര്‍ക്കാനുള്ള ശേഷിയുണ്ട്.
പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ പ്രചാരണത്തിന് എച്ച്‌എഎല്‍ പ്രധാന്യം നല്‍കുമെന്ന് എച്ച്‌എഎല്‍ ഡയറക്ടര്‍ ആര്‍ മാധവന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഡിആര്‍ഡിഒ, സിഎസ്‌ഐആര്‍ ലാബുകളില്‍ വികസിപ്പിക്കുന്ന ആയുധങ്ങള്‍ പരീക്ഷിക്കാന്‍ നല്‍കാന്‍ ഹോക്ക്-ഐ പ്ലാറ്റ്‌ഫോം കൂടുതലായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എച്ച്‌എഎല്‍ ടെസ്റ്റ് പൈലറ്റ് വിംഗ് കമാന്‍ഡര്‍ പി അശ്വതി, വിംഗ് കേഡര്‍(റിട്ട) എം പട്ടേല്‍ എന്നിവരാണ് യുദ്ധവിമാനം പറത്തി ആയുധം പരീക്ഷിച്ചത്.



Author Coverstory


Comments (0)