മഹാരാജാസ് കോളേജിന് പുറത്ത് എസ്എഫ്ഐ- കെഎസ്‌യു വിദ്യാർഥികൾ തമ്മിൽ സംഘർഷം

മഹാരാജാസ് കോളേജിന് പുറത്ത് എസ്എഫ്ഐ- കെഎസ്‌യു വിദ്യാർഥികൾ തമ്മിൽ സംഘർഷം

കൊച്ചി: മഹാരാജാസ് കോളജ് ക്യാമ്പസിന് പുറത്ത് എസ്.എഫ്.ഐ-കെ.എസ്.യു വിദ്യാർഥികൾ തമ്മിൽ സംഘർഷം, കെ.എസ്.യു പ്രവർത്തകർ പുറത്തിറക്കിയ മാഗസിനെ ചൊല്ലിയാണ് ക്യാമ്പസിന് പുറത്ത് മെൻസ് ഹോസ്മലിന് സമീപത്ത് സംഘർഷം ഉടലെടുത്തത്.ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. എസ്.എഫ്.ഐ ഭരിക്കുന്ന യൂണിയൻ കോളജ് മാഗസിൻ ഇറക്കാത്തതിൽ പ്രതിഷേധിച്ച് രണ്ട് മാസം മുന്നേ കെ.എസ്.യു വിന്റെ നേതൃത്വത്തിൽ 'യാസീൻ മാർഗിലെ ചതിയൻമാർ 'എന്ന പേരിൽ ഓൺലൈൻ മാഗസിൻ ഇറക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് മർദ്ദനമെന്നാണ് കെ.എസ്.യു പ്രവർത്തകർ പറയുന്നത്.

സംഭവത്തിൽ പരിക്കേറ്റ കെ.എസ്, യു യൂണിറ്റ് പ്രസിഡന്റ് മുന്നാം വർഷ ബി.എ.എക്കണോമിക്സ് വിദ്യാർഥി കെ.എം. കൃഷ്ണലാൽ, യൂണിറ്റ് സെക്രട്ടറി രണ്ടാം വർഷ ബി.എ സംസ്കൃത വിദ്യാർഥി ജെ.ഹരികൃഷ്ണൻ എന്നിവരെ കടവത്ര  ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഘർഷ സാധ്യത മുന്നിൽ കണ്ട് കോളജ് പരിസരത്ത് കൂടുതൽ പോലീസുകാരെ നിയോഗിച്ചു. മാഗസിൻ ഇറക്കിയ ദിവസം എസ്.എഫ്.ഐ. നേതാക്കൾ ഭീഷണി മുഴക്കിയിരുന്നു. തിങ്കളാഴ്ച കോളേജ് തുറന്നെങ്കിലും കൃഷ്ണലാലും ഹരികൃഷ്ണനും ക്ലാസിൽ പോയിരുന്നില്ല. ഇന്നലെ കോളജിലെത്തിയപ്പോഴാണ് സംഘർഷമുണ്ടായത്.

കോളജിൽ നിന്ന് ഡി.സി.സി.ഓഫീസിലേക്ക് പോകാൻ ശമിക്കുന്നതിനിടെ പത്തോളം വരുന്ന എസ്.എഫ്.ഐ. പ്രവർത്തകർ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു.കൃഷ്ണലാലിന്റെ ചെവിയിൽ കല്ലുവെച്ച് ഇടിക്കുകയും ഹരികൃഷ്ണനെ വയറ്റിൽ ചവിട്ടുകയും ചെയ്തു. മർദ്ദനമേറ്റ കെ.എസ്.യു പ്രവർത്തകർ ഡി.സി.സി ഓഫീസിൽ അഭയം തേടുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന നേതാക്കളാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഹരികൃഷ്ണന്റെ ചെവിക്ക് കാര്യമായി പരിക്കേറ്റിട്ടുണ്ട്, ആറ് തുന്നിക്കെട്ടലുകൾ ഉണ്ട്. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു മർദ്ദനമെന്ന് കെ.എസ്.യു. പ്രവർത്തകർ ആരോപിച്ചു.