വ്യാപാരി വ്യവസായി ഏകോപന സമിതി രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുന്നു
കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കുന്നു. 'കേരള കര്‍ഷക വ്യാപാരി പാര്‍ട്ടി' എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനും ഏകോപന സമിതിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
പാര്‍ട്ടി പ്രഖ്യാപനം ഈ മാസാവസാനത്തോടെ നടത്തുമെന്ന് സംഘടന അറിയിച്ചു. വലിയ സംഘടനയായിട്ടുപോലും ഭരിക്കുന്ന മുന്നണികള്‍ വ്യാപാരികള്‍ക്ക് ഒരു പരിഗണനയും നല്‍കാത്ത സാഹചര്യത്തിലാണ് പാര്‍ട്ടി രൂപവത്കരിക്കുന്നത്. ചെറിയ പാര്‍ട്ടികള്‍ക്കു പോലും സര്‍ക്കാറിന്റെ സൗകര്യങ്ങള്‍ ലഭിക്കുന്നു. വ്യാപാരികള്‍ക്ക് പിണറായി സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചില്ലെന്നും സംഘടന വൃത്തങ്ങള്‍ പറഞ്ഞു. അതിനാല്‍ ഇത്തവണ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സംഘടനനേതാക്കളുടെ യോഗത്തില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി പങ്കെടുത്തിരുന്നില്ല.
കോര്‍പറേറ്റുകള്‍ക്കെതിരായ കൂട്ടായ്മയായിരിക്കും കര്‍ഷകരെ കൂടി ഉള്‍പ്പെടുത്തിയുള്ള പാര്‍ട്ടി എന്നാണ് വ്യാപാരി നേതാക്കള്‍ പറയുന്നത്. പത്തു ലക്ഷം അംഗങ്ങളും 3,000 യൂനിറ്റുകളും സംഘടനക്കുണ്ട്. സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി രാജു അപ്സര, വൈസ് പ്രസിഡന്‍റ് ഷാജഹാന്‍, പാലക്കാട് ജില്ലാ പ്രസിഡന്‍റ് ലത്തീഫ്, എറണാകുളം ജില്ല പ്രസിഡന്‍റ് ജേക്കബ്, സംസ്ഥാന സെക്രട്ടറി കെ. സേതുമാധവന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)