ഭാരം താങ്ങുമോ... സുരക്ഷാപരിശോധന അന്തിമഘട്ടത്തിൽ
കൊച്ചി: വൈറ്റില കുണ്ടന്നൂർ മേൽപ്പാലങ്ങൾ തുറക്കുന്നതിനു മുന്നോടിയായി പരിശോധന തുടങ്ങി.ഇന്ന് വൈകിട്ട് ഭാരപരിശോധന അവസാനിക്കും. എല്ലാ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കിയ ശേഷമേ പാലം തുറന്നു നൽകുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. പരിശോധന പൂർത്തിയാക്കിയശേഷം സർക്കാരിന് വിശദ റിപ്പോർട്ട് നൽകും.പാലത്തിന്റെ രൂപരേഖയിൽ സൂചിപ്പിച്ച പ്രകാരമുള്ള ഭാരം താങ്ങാൻ കഴിയുന്നുണ്ടോ എന്ന് അറിയാൻ വേണ്ടിയാണ് പരിശോധന. പാലാരിവട്ടം പാലത്തിൽ ഭാര പരിശോധന നടന്നിരുന്നില്ല. കരാറിൽ അന്ന് ഇക്കാര്യം വ്യക്തമാക്കാതിരുന്നതിനെ തുടർന്നാണ് പാലാരിവട്ടം പാലത്തിൽ ഭാര പരിശോധന നടത്താതിരുന്നത്.
ഇക്കുറി കുണ്ടന്നൂർ മേൽപ്പാലത്തിന്റെ കരാറിൽ മാത്രമാണ് ഭാരപരിശോധന രേഖപ്പെടുത്തിയിരുന്നുള്ളു. എന്നാൽ പാലാരിവട്ടത്ത് ഉണ്ടായപോലുള്ള വിവാദം ഒഴിവാക്കാൻ വേണ്ടിയാണ് കരാറിൽ ഇല്ലെങ്കിലും വൈറ്റിലയിലും ഭാര പരിശോധന നടത്താൻ തീരുമാനിച്ചത്.
നിശ്ചിത ഭാരം കയറ്റിയ ലോറികളാണ് പാലത്തിൽ കയറ്റി നിർത്തിയിട്ടിരിക്കുന്നത്. ഞായറാഴ്ച മുതലാണ് പരിശോധന ആരംഭിച്ചത്. 24മണിക്കൂർ ഭാരം കയറ്റി നിർത്തിയ വണ്ടികൾ പിന്നീട് മാറ്റും. ഇങ്ങനെ മൂന്നു ദിവസം ഇടവിട്ട് ഭാരം കയറ്റുകയും നീക്കം ചെയ്യുകയും ചെയ്യും .
ഇതിനിടയിൽ പാലത്തിന്റെ ഗർഡറുകൾക്കുണ്ടാകുന്ന താഴ്ച്ചയും ഉയർന്നതും കൃത്യമായി രേഖപ്പെടുത്തും. പാലും കയറുമ്പോൾ പാലത്തിൽ ഉണ്ടാകുന്ന താഴ്ചയും ഭാരം മാറ്റുമ്പോൾ ഗർഡറുകൾ പൂർവസ്ഥിതിയിലാകുകയും (റീബൗണ്ട്) അനുവദനീയമായ അളവിൽ ആണോ എന്നുള്ളതാണ് ഭാര പരിശോധന കൊണ്ട് ഉദ്ദേശിക്കുന്നത്. വൈറ്റില പാലത്തിൽ 126 ടൺ കുണ്ടന്നൂര് 165 ടണ്ണും ആണ് ഡിസൈൻ പ്രകാരം അനുവദിച്ചിട്ടുള്ളത്.
പൊതുമരാമത്ത് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ, ഡിസൈൻ കൺസൾട്ടന്റായ എസ് ടീം ഡയലപ്പേഴ്സിന്റെ പ്രതിനിധികളും ഭാര പരിശോധനയ്ക്ക് നേതൃത്വം നൽകുന്നു.പ്രശ്നങ്ങൾ ഉണ്ടായാൽ കരാറുകാരൻ അത് പരിഹരിക്കേണ്ടിവരും.അതിനുശേഷമേ പാലം തുറന്നു നൽകു. പരിശോധനാഫലം വിജയിച്ചാൽ ജനുവരി പത്തിനു പാലം തുറന്നു നൽകുമെന്നാണ് കരുതുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് രണ്ട് പാലവും നിർമ്മിച്ചത്.



Author Coverstory


Comments (0)