സുപ്രീം കോടതി ജഡ്‌ജി ചമഞ്ഞ് തട്ടിപ്പ്; യുവാവ് അറസ്‌റ്റില്‍
പുതുക്കാട്: സുപ്രീം കോടതി ജഡ്‌ജിയെന്ന പേരില്‍ പാലിയേക്കര സ്വദേശിയില്‍നിന്ന് 12.5 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ പിടിയില്‍. കണ്ണൂര്‍ ചിറക്കല്‍ പുതിയതെരു കവിതാലയത്തില്‍ ജിഗീഷ് (37) ആണ് പുതുക്കാട് പോലീസിന്റെ പിടിയിലായത്.
പാലിയേക്കരയിലുള്ള ക്രെയിന്‍ സര്‍വീസ് സ്‌ഥാപനത്തില്‍വച്ചുണ്ടായ അപകടവുമായി ബന്ധപ്പെട്ട കേസ് ഒഴിവാക്കിത്തരാമെന്നു പറഞ്ഞ് സ്‌ഥാപന ഉടമയെ കബളിപ്പിച്ചു എന്നാണ് കേസ്.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ:
2019 ലായിരുന്നു കേസിനാസ്‌പദമായ അപകടം. ക്രെയിനിന്റെ ഇരുമ്ബ് വടം പൊട്ടി വീണ് ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തു. തുടര്‍ന്നു പുതുക്കാട് പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു.
പിന്നീട്, കേസ് റദ്ദാക്കിത്തരാം എന്നു വാഗ്‌ദാനം ചെയ്‌ത് ഒരാള്‍ സ്‌ഥാപന ഉടമസ്‌ഥരെ സമീപിക്കുകയായിരുന്നു. പരിചയത്തിലുള്ള ഒരു സുപ്രീം കോടതി ജഡ്‌ജി എല്ലാം ശരിയാക്കി തരുമെന്നായിരുന്നു വാഗ്‌ദാനം.
തുടര്‍ന്നു ടോള്‍ പ്ലാസക്ക് സമീപം ബെന്‍സ് കാറിലാണു ജഡ്‌ജി ചമഞ്ഞ് ജിഗീഷ് എത്തിയത്. ആദ്യ ഗഡുവായി അഞ്ചര ലക്ഷം നല്‍കാമെന്ന് ക്രെയിന്‍ സര്‍വീസ് ഉടമ സമ്മതിച്ചു. അക്കൗണ്ട് വഴി പണം നല്‍കുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും നേരിട്ട് തന്നാല്‍ മതിയെന്നും പറഞ്ഞു.
തുടര്‍ന്ന് പള്ളിക്ക് മുന്നില്‍വച്ച് അഞ്ചര ലക്ഷം രൂപ നേരിട്ട് നല്‍കി. മറ്റൊരു ദിവസം ടോള്‍പ്ലാസയ്‌ക്ക് സമീപം ബാക്കി തുകയും കൈമാറി. ഒരാഴ്‌ചയ്‌ക്കകം കേസ് റദ്ദാക്കിയതിന്റെ ഉത്തരവ് നല്‍കുമെന്നു പറഞ്ഞിരുന്നെങ്കിലും ആഴ്‌ചകള്‍ കഴിഞ്ഞിട്ടും വിവരമൊന്നുമുണ്ടായില്ല. പരാതിക്കാരന്‍ ബന്ധപ്പെട്ടപ്പോള്‍ ജിഗീഷ് ഡല്‍ഹിയിലാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു.
പിന്നീട് മറ്റൊരാളുടെ പേരിലുള്ള വ്യാജ ചെക്ക് നല്‍കുകയും ചെയ്‌തു. ബാങ്കില്‍ പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങി. കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയ ക്രെയിന്‍ ഉടമ പുതുക്കാട് പോലീസില്‍ പരാതി നല്‍കി. ജിഗീഷിനെതിരേ പരാതിയുമായി പുതുക്കാട് സ്‌റ്റേഷനില്‍ തട്ടിപ്പിനിരയായവര്‍ എത്തിയിട്ടുണ്ട്. ഇയാള്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്നും സ്വത്തു വിവരങ്ങളെപ്പറ്റിയും വിശദമായി അന്വേഷണം നടത്തുമെന്നു പോലീസ് അറിയിച്ചു.
ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷ്, പുതുക്കാട് എസ്.എച്ച്.ഒ. ടി.എന്‍. ഉണ്ണിക്കൃഷ്‌ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ജിഗീഷിനെ പിടികൂടിയത്.
Comments (0)