മുതുകാടെ തരംതാഴരുത് ഗുരു നിന്ദ ആരുടെ കയ്യടി നേടാനാണ്
ഗോപാനാഥ് മുതുകാട് അറിയുന്ന ലോകം മാത്രമല്ല ഉള്ളത് എന്ന് താങ്കൾ അറിഞ്ഞാൽ താങ്കൾക്ക് നന്ന്. സ്വന്തം അജ്ഞത മറ്റുള്ളവർക്ക് പകർന്നു നല്കരുതെന്നൊരു അഭ്യർഥനയുണ്ട്. ഭാരതം അർദ്ധരാത്രിയിൽ സ്വാതന്ത്രമായതിന്റെ പ്രത്യേകത ഭാരതത്തെയും പാകിസ്താനിലെയും ഭരണകൂടങ്ങളിൽ ദൃശ്യമാണ്. ആൾദൈവം എന്ന് താങ്കൾ പേരിട്ടു വിശേഷിപ്പിക്കുന്നവർ എല്ലാം കള്ളനാണയങ്ങൾ ആണ് എന്ന് പറയുന്നതിനോട് യോജിപ്പില്ല.
സമൂഹത്തെ യോജിപ്പിച്ചു ഉന്നതിയിലേക്ക് നയിക്കുന്ന പ്രവർത്തനം നടത്തുന്ന അമാനുഷ കഴിവുള്ളവരെ തന്നെക്കാൾ കഴിവുള്ളവർ എന്നെങ്കിലും അംഗീകരിക്കുന്നതിൽ എന്താണ് തെറ്റ്...? താങ്കൾ താങ്കളുടെ വിഡിയോയിൽ ഉദ്ദേശിക്കുന്നത് അമൃതാനന്ദമയി മഠത്തെ ആണെങ്കിൽ അവിടെ അമ്മ സ്വയം ദൈവമാണ് എന്ന് ആരോടും പറഞ്ഞിട്ടുമില്ല പ്രചരിപ്പിച്ചിട്ടുമില്ല. ജലവിദ്യകൾ കാണിക്കുന്നുമില്ല. എന്നെക്കാളും താങ്കളേക്കാളും കഴിവുള്ള സ്ത്രീയാണവർ എന്ന് അംഗീകരിക്കുന്നതിൽ വിഷമമുണ്ടെങ്കിൽ അത് വെളിവാക്കുന്നത് താങ്കളുടെ രാഷ്ട്രീയം മാത്രമാണ്.
ശാസ്ത്രം എന്ന് പറയുന്നത് തന്നെ സിദ്ധിവിഭാഗത്തിൽ പെടുന്നു. അതിനൊരിക്കലും പൊരുളിനെ അനുഭവ വേദ്യമാക്കി ജനങ്ങളിൽ എത്തിക്കുവാൻ കഴിയില്ല. ആ അനുഭൂതി നൽകുവാൻ കഴിവുള്ളവരെയാണ് ഗുരുക്കന്മാർ എന്ന് പറയപ്പെടുന്നത്. അവരെ ശിഷ്യഗണങ്ങൾ തങ്ങളുടെ ദൈവമായി ആരാധിക്കുന്നതിൽ താങ്കളുടെ പ്രശ്‌നം എന്താണ്...? താങ്കൾ പറയുന്ന മെന്റലിസ്റ്റും, കയ്യടക്കവും ഒക്കെ തെരുവ് ഇന്ദ്രജാലക്കാരൻ കാണിക്കുന്ന അടവുകൾ മാത്രമേയുള്ളു. ഭാരതീയ ഗുരുസങ്കൽപ്പത്തിന് പകരം വെക്കുവാനുള്ളതല്ല 'ഇന്ദ്രജാലക്കാരൻ' ഒരു ഗുരു എന്ന് പറയുന്നത് താങ്കളെ പോലുള്ളവർക്ക് മനസ്സിലാകുന്നതിനപ്പുറമുള്ള സങ്കൽപ്പമാണ്.
ഭാരതം അത്തരത്തിൽ ഗുരുപാരമ്പരകളുടെ നാടാണ്. മൺറോ സായിപ്പും അതുപോലുള്ള താങ്കളുടെ റോൾ മോഡലായ ഇഗ്ലീഷുകാരുമല്ല നമുക്ക് മാതൃകയാകേണ്ടത്. നമ്മുടെ ഗുരുപരമ്പരകൾ തന്നെയാണ്. ഭൗതിക നേട്ടങ്ങളല്ല, ആത്മീയ ഔന്നിത്യമാണ് നമ്മുടെ മുഖമുദ്ര. നമുക്ക് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. താങ്കൾ പറയുന്ന ലോകത്തിനു മുൻപേ നടന്ന ചരിത്രമാണ് നമുക്കുള്ളത്. അതുകൊണ്ടാണ് നമ്മെ ലോകത്തിന്റെ വെളിച്ചം എന്ന് അറിവുള്ളവർ വിശേഷിപ്പിച്ചത്. കൃഷ്ണനും, രാമനും, ബുദ്ധനും, മഹാവീരനും, മീരയും, ചൈതന്യമഹാപ്രഭുവും, സായി ബാബയും എല്ലാം ഇവിടെ ഉണ്ടായപ്പോഴും ഇതുപോലെ എതിർപ്പുകളുമായി പൗണ്ഡ്രക വാസുദേവന്മാർ ഉണ്ടായിരുന്നു. ഈ എതിർപ്പുകൾ അസുരകീയമാണ്. ഇതും താങ്കളെ വെളിച്ചത്തിലേക്കു നയിക്കും. രാവണനെയും, ഹിരണ്യകശിപുവിനെയും പോലെ.
ദയവു ചെയ്തു അധികം ചിന്തിക്കുവാൻ കഴിവില്ലാത്തവരെ തന്റെ ബുദ്ധിപരമായ വാക്ചാതുര്യം കൊണ്ട് അജ്ഞാനത്തിന്റെ പടുകുഴിയിൽ ഒരിക്കലും രക്ഷപെടുവാൻ കഴിയാത്തത്ര കുരുക്കിൽ ആക്കരുത് എന്നൊരു അപേക്ഷയുണ്ട്. ഭരിക്കുന്നവരിൽ നിന്നും പാട്ടും വളയും നേടുവാനും ഗ്യാലറികളിൽ നിന്ന് കയ്യടി വാങ്ങുവാനും ഇത്രയും തരം താഴാണോ...?
Comments (0)