അതിഥി തൊഴിലാളികളുടെ അവസാന ആശ്രയമായി അതിഥിവെൽഫയർ ഫോറം: സർക്കാർ സംവിധാനങ്ങൾ ഏട്ടിലെ പശുക്കൾ മാത്രം

അതിഥി തൊഴിലാളികളുടെ അവസാന ആശ്രയമായി അതിഥിവെൽഫയർ ഫോറം: സർക്കാർ സംവിധാനങ്ങൾ ഏട്ടിലെ പശുക്കൾ മാത്രം


നെടുമ്പാശ്ശേരി: വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തിയിട്ടുള്ള തൊഴിലാളികളുടെ മരണ നിരക്ക് കൂടുന്നു.കേരളത്തിൽ 50 ലക്ഷത്തോളം അതിഥി തൊഴിലാളികൾ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.പ്രതിമാസം 30 ന് മുകളിൽ  തൊഴിലാളികൾ മരണപ്പെടുന്നുണ്ടെന്നും കണക്കാക്കുന്നു.ആഴ്ചയിൽ നാലോളം മൃതദേഹങ്ങൾ  കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡൊമസ്റ്റിക്ക് കാർഗോ വഴി പോകുന്നുണ്ട്.സംസ്ഥാനത്തിന്റെ മറ്റു വിമാനത്താവളങ്ങൾ വഴിയും മൃതദേഹങ്ങൾ കൊണ്ടുപോകുന്നുണ്ട്.കേരളത്തിലെത്തുന്ന തൊഴിലാളികളെ കുറിച്ചോ മരണപ്പെടുന്നവരെ കുറിച്ചോ കൃത്യമായ കണക്കുകൾ സർക്കാരിനുൾപ്പെടെ ലഭ്യമല്ല.

 നാല് സംസ്ഥാനങ്ങളിലുള്ള അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളം വഴി കൊണ്ട് പോയത്.ഇതിൽ മൂന്നുപേരുടെ മൃതദേഹം കൊണ്ടുപോയത് പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അതിഥി വെൽഫെയർ ഫോറം എന്ന സന്നദ്ധ സംഘടനയാണ്.കൂത്താട്ടുകുളം,പായിപ്ര,കാലടി എന്നിവിടങ്ങളിലായി മരണപ്പെട്ട ആസാം,ഒറീസ,പശ്ചിമബംഗാൾ സ്വദേശികളുടെ മൃതദേഹങ്ങളാണ് അതിഥി വെൽഫെയർ ഫോറം പ്രവർത്തകരുടെ നേതൃത്വത്തിൽ അവരവരുടെ നാട്ടിലെത്തിച്ചത്.ബീഹാർ സ്വദേശിയുടെ മൃതദേഹം സ്വകാര്യ ഏജൻസി നാട്ടിലെത്തിക്കുകയായിരുന്നു.ഹൃദയാഘാതം മൂലവും,മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള വിവിധ രോഗങ്ങൾ മൂലവും ആണ് കൂടുതൽ പേരും മരിക്കുന്നതെന്നും  കൃത്യമായ ചികിത്സ ലഭിക്കാത്തതാണ് പലപ്പോഴും മരണകാരണം ആകുന്നതെന്നതെന്നും അതിഥി ഫോറം പ്രവർത്തകർ പറഞ്ഞു.

   മുൻപ്  ലേബർ ഡിപ്പാർട്ട്മെൻ്റായിരുന്നു മരണപ്പെടുന്ന അഥിതി തൊഴിലാളികളുടെ  മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള പണം നൽകിയിരുന്നത്.പിന്നീട് ലേബർ ഡിപ്പാർട്ട്മെൻ്റിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മൃതദേഹങ്ങൾ മാത്രം അവർ  എത്തിച്ചിരുന്നു.കഴിഞ്ഞ കുറെ നാളുകളായി സാമ്പത്തിക സഹായങ്ങൾ ഒന്നും തന്നെ ലേബർ ഡിപ്പാർട്ട്മെൻറ് ചെയ്യുന്നില്ല.ഇതിന് ആവശ്യമായ ഫണ്ട് ലഭിക്കുന്നില്ല എന്നതാണ് പ്രശ്നമായി ലേബർ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്.ഇപ്പോൾ മൃതദേഹങ്ങൾ കൊണ്ടുപോകുന്നത് തൊഴിലുടമയോ,മരണപ്പെട്ട തൊഴിലാളിയുടെ ബന്ധുക്കളോ പണം മുടക്കിയാണ്.തൊഴിലാളികൾ പരസ്പരം പിരിവെടുത്ത് മൃതദേഹം കൊണ്ടുപോകുന്ന സംഭവങ്ങളും  ഉണ്ട്.നാട്ടിലേക്ക് കൊണ്ടു പോകാൻ  കഴിയാത്ത മൃതദേഹങ്ങൾ കേരളത്തിൽ സംസ്കരിക്കുന്നുമുണ്ട്.

      ആംബുലൻസിൽ മൃതദേഹങ്ങൾ അവരുടെ നാടുകളിലേക്ക് എത്തിക്കുമ്പോൾ രണ്ടു മുതൽ നാലു ദിവസം വരെ  എടുക്കുന്നതിനൊപ്പം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ചിലവും വരും.തുക ഉറപ്പിച്ചതിനു ശേഷം കൊണ്ടുപോകുന്ന വഴിയിൽ വിവിധ ആവശ്യങ്ങൾ പറഞ്ഞ് പണം വാങ്ങിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് സി എം ഐ ഡി പ്രവർത്തകർ പറഞ്ഞു.വിമാന മാർഗം ആകുമ്പോൾ മൃതദേഹം വേഗത്തിൽ എത്തിക്കാൻ കഴിയുന്നതിനൊപ്പം ചിലവുകളും കുറവാണ്.അതുകൊണ്ടാണ്  മൃതദേഹങ്ങൾ വിമാനം മാർഗ്ഗം നാട്ടിലേക്ക് കൊണ്ടുപോകുന്നത്.മുൻപ് നാൽപതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ സ്വകാര്യ ഏജൻസികൾ വാങ്ങിയാണ് തൊഴിലാളികളുടെ മൃതദേഹങ്ങൾ വിമാന മാർഗം കൊണ്ടുപോയിരുന്നത്.

     പെരുമ്പാവൂർ ആസ്ഥാനമായി അതിഥി തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന അതിഥി വെൽഫെയർ ഫോറം,എറണാകുളം,പെരുമ്പാവൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സി എം ഐ ഡി,കാലടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവിക മൈഗ്രേൻ്റ് വർക്കേഴ്സ് മൂവ്മെൻറ് എന്നീ സന്നദ്ധ സംഘടനകൾ സജീവമായതോടെയാണ് അതിഥി തൊഴിലാളികൾക്കിടയിലെ ചൂഷണങ്ങൾക്ക് അറുതി വന്നത്.ജാർഖണ്ഡ് സർക്കാർ തൊഴിലാളികളുടെ മൃതദേഹം എത്തിക്കുന്നതിന് പണം നൽകുന്നുണ്ട്.മരണപ്പെടുന്ന തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അവരുടെ സംസ്ഥാന സർക്കാരുകൾ ചെറിയ സാമ്പത്തിക സഹായം നൽകുന്നുണ്ട്.അതിന് മരണ സർട്ടിഫിക്കറ്റ് ആവശ്യമാണ്.സ്വകാര്യ ഏജൻസികൾ വഴി മൃതദേഹങ്ങൾ കൊണ്ടുപോകുമ്പോൾ പിന്നീട് മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഇവർക്ക് ലഭിക്കാറില്ല.അതിനാൽ തന്നെ ഇവരുടെ സർക്കാർ നൽകുന്ന സാമ്പത്തിക സഹായവും ഇവർക്ക് ലഭിക്കുകയില്ല.

മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിന് ആവശ്യമായ സഹായങ്ങൾക്ക് അതിഥി വെൽഫെയർ ഫോറം നേതൃത്വം നൽകുമ്പോൾ,തൊഴിലാളികൾക്കിടയിൽ ഉണ്ടാകുന്ന തൊഴിൽ പ്രശ്നങ്ങൾ,ആതുര സേവനം,സാമ്പത്തിക പ്രശ്നങ്ങൾ,തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളിൽ  സിഎംഐഡിയും,ജീവികയും  ഇടപെടുന്നു.21000 രൂപയ്ക്കും 30000 രൂപക്കും ഇടയിലാണ് ഒരു മൃതദേഹം എമ്പാം ചെയ്ത് കൊച്ചി വിമാനത്താവളം വഴി തൊഴിലാളിയുടെ നാട്ടിൽ എത്തിക്കുന്നതിന് ചിലവരുന്നത്.ചിലവാകുന്ന തുക മാത്രം വാങ്ങിയാണ് തങ്ങൾ തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതെന്ന് അതിഥി വെൽഫെയർ ഫോറം വർക്കിംഗ് ചെയർമാൻ ബാവ ഹുസൈൻ,ജനറൽ സെക്രട്ടറി ഷിഹാബ് പറേലി,ട്രഷറർ ജസ്റ്റിൻ ഓ എസ് എന്നിവർ പറഞ്ഞു.9400911233 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും,മരണ സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതിന് വേണ്ടിയുള്ള സഹായങ്ങൾ ഉൾപ്പെടെ നൽകുമെന്നും  ഇവർ പറഞ്ഞു.