ദരിദ്രന്റെ ദുഖം ഒരിക്കലും അവസാനിക്കുന്നില്ല- പ്രഫ. എം കെ സാനു
വൈപ്പിൻ : ദരിദ്രരുടെ ദുഖം ലോകാവസാനംവരെ അവസാനിക്കുന്നില്ലെന്നും മനുഷ്യന്റെ ഏറ്റവും വലിയ ദുഖം വിശപ്പാണെന്നും എഴുത്തുകാരനും വാഗ്മിയുമായ പ്രഫ. എം കെ സാനു അഭിപ്രായപ്പെട്ടു. ഫെയിസ് ഫൗണ്ടേഷന്റെ അക്ഷയപാത്രം പദ്ധതിയുടെ വൈപ്പിൻ മേഖലാതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലം ഏറെ മാറിയിട്ടും രാജ്യത്ത് ദരിദ്രരുടെ എണ്ണം അനുദിനം വർദ്ധിക്കുകയല്ലാതെ കുറയുന്നില്ല. ഇല്ലാത്തവരുടെ മേൽ ഉള്ളവൻ നടത്തിക്കൊണ്ടിരിക്കുന്ന ചൂഷണമാണ് ലോകത്തെമ്പാടും നടക്കുന്നത്. ജാതിയും മതവും രാഷ്ട്രീയവുമൊന്നുമല്ല വിശപ്പാണ് ലോകം എറെ ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടത്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ പൂർത്തീകരിക്കാത്ത ഒരു സമൂഹവും പരിഷ്‌കൃത സമൂഹമാണെന്ന് നമുക്ക് വിളിക്കാനാവില്ല. വിശക്കുന്നവന് ആഹാരം നൽകുന്ന ഏറ്റവും മഹത്വരമായൊരു പുണ്യ കർമ്മമാണ് ഫെയിസ് ഫൗണ്ടേഷൻ നിർവ്വഹിക്കുന്നത്. പണം ഉണ്ടായാൽ മാത്രം മനുഷ്യന് സമൂഹത്തിൽ മുന്നോട്ട് പോവാൻ കഴിയില്ല. അതിനാൽ പരസ്പരം സഹായിക്കാനും പണം മറ്റുള്ളവരെ സഹായിക്കാനും കൂടി ഉപയോഗപ്പെടുത്തുമ്പോഴാണ് മനുഷ്യൻ യഥാർത്ഥ സാമൂഹ്യ ജീവിയായി മാറുന്നതെന്നും പ്രഫ. എം കെ സാനു പറഞ്ഞു.
ചടങ്ങിൽ എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് അധ്യക്ഷം വഹിച്ചു. ലൈറ്റ് ചാരിറ്റബിൾ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി നൂർ മുഹമ്മദ് സേട്ട് മുഖ്യപ്രഭാഷണം നടത്തി. മതത്തിന്റെ അതിർവരുമ്പുകൾക്കപ്പുറം സമൂഹത്തിന്റെ നന്മയ്ക്കും ക്ഷേമത്തിനുമാണ് സമൂഹം എന്നും പ്രാധാന്യം നൽകേണ്ടതെന്നും നൂർ മുഹമ്മദ് സേട്ട് അഭിപ്രായപ്പെട്ടു.
വൈപ്പിൻ മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിലെ 52 കുടുംബങ്ങളെയാണ് അക്ഷയ പാത്രം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഫെയിസ് ഫൗണ്ടേഷൻ പ്രസിഡന്റ് ടി ആർ ദേവൻ ആമുഖ പ്രസംഗത്തിൽ പറഞ്ഞു.
അക്ഷയ പാത്രം പദ്ധതിയുടെ പുതിയ ഗുണ ഭോക്താക്കളുടെ തിരിച്ചറിയൽ കാർഡ് വിതരണം അനിൽ പ്ലാവിയൻസ് നിർവ്വഹിച്ചു. സർവ്വോദയം കുര്യൻ സ്മാരക ട്രസ്റ്റ് ചെയർമാൻ പോൾ മാമ്പള്ളി, റസിഡന്റ് അസോസിയേഷൻ അപക്‌സ് കമ്മിറ്റി ചെയർമാൻ അബ്ദുറഹിമാൻ, ജോണി വൈപ്പിൻ, ബിജു തുണ്ടിയിൽ, ഫെയിസ് ട്രസ്റ്റി അംഗങ്ങളായ രത്മമ്മ വിജയൻ, ആർ ഗിരീഷ്, പി ആർ ഒ വിനു വിനോദ്, ടിന്റു മോൾ പ്രദീപ് എന്നിവർ സംസാരിച്ചു.
Comments (0)