ജയ്ഷെ മുഹമ്മദ് ഭീകരവാദിയെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെയും അമേരിക്കയുടെയും നിലപാടിനെ എതിര്‍ത്ത് ചൈന
ഡല്‍ഹി : ജയ്ഷെ മുഹമ്മദ് ഭീകരവാദിയെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെയും അമേരിക്കയുടെയും നിലപാടിനെ എതിര്‍ത്ത് ചൈന. പാക്കിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയ്ഷെ മുഹമ്മദിന്റെ ഉപ തലവന്‍ അബ്ദുള്‍ റൗഫ് അസറിന് അനുകൂലമായാണ് ചൈന രംഗത്തെത്തിയിരിക്കുന്നത്. അസറിനെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ 1267 ഉപരോധ സമിതിയുടെ കീഴില്‍ പട്ടികപ്പെടുത്താനുള്ള നിര്‍ദ്ദേശത്തെയാണ് ചൈന തള്ളിക്കളഞ്ഞത്. ഇയാളെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ അമേരിക്ക ഉള്‍പ്പെടെ യുഎന്‍ രക്ഷാസമിതിയിലെ 14 അംഗരാജ്യങ്ങളും പിന്തുണച്ചിരുന്നു. 1999ല്‍ ഇന്ത്യയുടെ വിമാനം തട്ടിയെടുത്ത കേസിലും പാര്‍ലമെന്റ് ആക്രമണ ഗൂഢാലോചനയിലും പഠാന്‍കോട്ട് സൈനിക ക്യാമ്പ് ആക്രമണത്തിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഭീകരവാദിയാണ് അബ്ദുള്‍ റൗഫ് അസര്‍. അസറിനെ അന്താരാഷ്ട്ര ഭീകരവാദിയായി പ്രഖ്യാപിക്കാന്‍ ആയിരുന്നു ഇന്ത്യയുടെയും അമേരിക്കയുടെയും പ്രമേയം. ചൈനയുടെ തീരുമാനം ദൗര്‍ഭാഗ്യകരമെന്നാണ് സുരക്ഷാ കൗണ്‍സിലിലെ നയതന്ത്ര പ്രതിനിധികള്‍ അഭിപ്രായപ്പെട്ടത്. ഭീകരവാദത്തിനെതിരെ ലോകം ഒറ്റക്കെട്ടായി നീങ്ങുന്ന ഘട്ടത്തില്‍ ചൈനയുടെ ഇരട്ടത്താപ്പ് വെളിപ്പെട്ടതായി നയതന്ത്ര പ്രതിനിധികള്‍ വിമര്‍ശിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ഇന്ത്യയില്‍ ചാവേര്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കാനും പാകിസ്ഥാനികളെ പ്രേരിപ്പിച്ചെന്ന് ആരോപിച്ച് യുഎസ് ട്രഷറി 2010 ല്‍ അസറിനെ പട്ടികപ്പെടുത്തിയിരുന്നു. ചില തീവ്രവാദ സംഘടനയുടെ തലവന്മാരെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ 1267 ഉപരോധ സമിതിയുടെ കീഴില്‍ പട്ടികപ്പെടുത്താനുള്ള നിര്‍ദ്ദേശത്തെ ആദ്യമായല്ല ചൈന തള്ളിക്കളയുന്നത്. ലഷ്‌കര്‍ ഇ ത്വയിബയുടെ തലവന്മാരില്‍ ഒരാളായ അബ്ദുള്‍ റഹ്മാന്‍ മാക്കിയെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിക്കുന്നതിനുള്ള നിര്‍ദേശത്തേയും ചൈന തള്ളിക്കളഞ്ഞിരുന്നു.



Editor CoverStory


Comments (0)