വഴികളടച്ച് കര്‍ണാടക , കേരളത്തില്‍നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
മാനന്തവാടി/കണ്ണൂര്‍: കോവിഡ് കൂടുന്ന സാഹചര്യത്തില്‍ കേരളത്തില്‍നിന്നുള്ള യാത്രക്കാരെ തടഞ്ഞ് കര്‍ണാടക. കണ്ണൂര്‍-കാസര്‍ഗോഡ് അതിര്‍ത്തികളില്‍ 17 ഊടുവഴികള്‍ കര്‍ണാടക അടച്ചു. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവരെ മാത്രമേ ചെക്ക്‌പോസ്‌റ്റുകള്‍ വഴി കടത്തിവിടുന്നുള്ളൂ. കണ്ണൂര്‍ ജില്ലയിലെ കൂട്ടുപുഴ, കാസര്‍ഗോട്ടെ തലപ്പാടി, വയനാട്ടിലെ മുത്തങ്ങ, ബാവലി ചെക്ക്‌പോസ്‌റ്റുകളിലാണു സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയെത്തിയ യാത്രക്കാരെ ചെക്കുപോസ്‌റ്റുകളില്‍ കര്‍ണാടക ഉദ്യോഗസ്‌ഥര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.
കേരളത്തിലേക്കുള്ള റോഡുകള്‍ അടച്ചതോടെ ആയിരക്കണക്കിന് വിദ്യാര്‍ഥികളും വ്യാപാരികളും ചികിത്സയ്‌ക്കു പോകുന്ന രോഗികളുമടക്കം ദുരിതത്തിലായി. കാസര്‍ഗോഡ് അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴിച്ച് മറ്റെല്ലാം കര്‍ണാടക അടച്ചു.
ബസുകളിലും മറ്റു വാഹനങ്ങളിലും എത്തിയ യാത്രക്കാരെയും ചരക്ക് വാഹനങ്ങളും ഉദ്യോഗസ്‌ഥര്‍ ഇന്നലെ രാവിലെ ബാവലിയില്‍ തടഞ്ഞിട്ടു. കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍, കര്‍ണാടകയില്‍നിന്നു കേരളത്തിലേക്ക് വന്ന വാഹനങ്ങള്‍ പ്രതിഷേധസൂചകമായി തടഞ്ഞതോടെ അധികൃതര്‍ ഇടപെട്ടു.
കര്‍ണാടക, കേരള പോലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥര്‍ യാത്രക്കാരുമായി ചര്‍ച്ച നടത്തി. ഒടുവില്‍ ആറുമണിക്കൂറിനു ശേഷം, ഉച്ചയ്‌ക്ക് 12 മണിയോടെ വാഹനങ്ങള്‍ കടത്തിവിട്ടു. വരും ദിവസങ്ങളില്‍ നിയന്ത്രണം കടുപ്പിക്കുമെന്നാണ് കര്‍ണാടകയുടെ നിലപാട്. കര്‍ണാടക ആരോഗ്യവകുപ്പ് അധികൃതര്‍ മുഴുവന്‍ യാത്രക്കാരെയും ശരീര ഊഷ്‌മാവ് പരിശോധന നടത്തിയ ശേഷമാണ് കടത്തിവിട്ടത്.
72 മണിക്കൂറിനുള്ളില്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്‌റ്റ് നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ആരെയും ഇന്നു മുതല്‍ കര്‍ണാടക ചെക്ക് പോസ്‌റ്റ് കടത്തിവിടില്ലെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്‌തമാക്കി.
ബസുകളില്‍ യാത്ര ചെയ്ുയന്നവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കര്‍ണാടകയുടെ നീക്കത്തിനെതിരേ കെ.പി.സി.സി. സെക്രട്ടറി ബി. സുബ്ബയ്യറൈ കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കാസര്‍ഗോഡ്‌്-കര്‍ണാടക അതിര്‍ത്തിയിലെ നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് കര്‍ണാടകത്തില്‍നിന്ന് വരുന്ന വാഹനങ്ങള്‍ ലീഗ്- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.
അതിനിടെ, കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി തമിഴ്‌നാട്. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ നിരീക്ഷണം ശക്‌തമാക്കി. വിമാന മാര്‍ഗം സംസ്‌ഥാനത്തേക്കു മടങ്ങിയെത്തുന്നവര്‍ നിര്‍ബന്ധമായും ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്‌ക്ക് വിധേയരാകണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.
Comments (0)