കോണ്‍ഗ്രസ് നേതാവ് പ്രതാപ വര്‍മ തമ്പാന്‍ അന്തരിച്ചു

കോണ്‍ഗ്രസ് നേതാവ് പ്രതാപ വര്‍മ തമ്പാന്‍ അന്തരിച്ചു

കൊല്ലം : കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ പ്രതാപ വര്‍മ തമ്പാന്‍ അന്തരിച്ചു. 2001-2006 കാലയളവില്‍ ചാത്തന്നൂരില്‍ നിന്ന് നിയമസഭാംഗമായി. കൊല്ലം ഡി.സി.സിയുടെ മുന്‍ അധ്യക്ഷനായിരുന്നു. നിലവില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു. പി. ഗോപാല പണിക്കറുടെയും കെ. ഭാരതിയുടെയും മകനായി 1959 സെപ്തംബര്‍ 20ന് അടൂരിലാണ് പ്രതാപ വര്‍മ തമ്പാന്റെ ജനനം. എം.എയും എല്‍.എല്‍.ബിയും നേടിയ അദ്ദേഹം 1974ല്‍ കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. കെ.എസ്.യു സ്‌കൂള്‍ യൂണിറ്റ് പ്രസിഡന്റ്, യൂണിറ്റ് സെക്രട്ടറി, കൊല്ലം എസ്.എന്‍ കോളജ് കെ.എസ്.യു യൂണിറ്റ് സെക്രട്ടറി, കൊല്ലം താലൂക്ക് പ്രസിഡന്റ്, കൊല്ലം ജില്ലാ സെക്രട്ടറി, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, സംസ്ഥാന ട്രഷറര്‍, കെ.എസ്.യു കലാവേദി സംസ്ഥാന കണ്‍വീനര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംസ്ഥാന സമിതിയംഗവുമായിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് 12 വര്‍ഷം തുടര്‍ന്നു.1979ല്‍ കൊല്ലം എസ്.എന്‍. കോളജ് വിദ്യാര്‍ഥിയായിരിക്കെ കോളജ് പ്ലാനിങ് ഫോറം കണ്‍വീനറായും മികച്ച വാഗ്മിയായും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, കേരള സര്‍വകലാശാല അക്കൗണ്ട്‌സ് കമ്മിറ്റിയംഗം, സെനറ്റ് അംഗം (1983-84), പേരൂര്‍ സര്‍വീസ് കോ ഓപറേറ്റീവ് ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.