മഴക്കെടുത്തിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗം ഇന്ന് എത്തിച്ചേരും
ആലപ്പുഴ : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗം ഇന്ന് ആലപ്പുഴ ജില്ലയില്‍ എത്തിച്ചേരും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഇന്നലെ രാത്രി വൈകി ചേര്‍ന്ന അടിയന്തര യോഗത്തിന് ശേഷം ജില്ലാ കലക്ടര്‍ കൃഷ്ണ തേജ അറിയിച്ചതാണിത്. ശക്തമായ മഴ തുടരുകയും കിഴക്കന്‍ വെള്ളത്തിന്റെ അളവ് ഗണ്യമായി വര്‍ധിക്കുകയും ചെയ്യ്താല്‍ താഴ്ന്ന പ്രദേശങ്ങളില്‍നിന്നും ആളുകളെ അതിവേഗം ഒഴിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. പമ്പയാര്‍, അച്ചന്‍ കോവിലാര്‍, മണിമലയാര്‍ എന്നീ നദികളിലും കൈവഴികളിലും കക്കി-ആനത്തോട് റിസര്‍വോയറിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യമാണ്. കക്കി-ആനത്തോട് ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും ശക്തമായി മഴ തുടരുന്നുണ്ട്. ഡാം ഷട്ടറുകള്‍ ഉയര്‍ത്താനിടയുണ്ട്. ഈ സാഹചര്യത്തില്‍ നദികളുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. പൊന്മുടി, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, ഇരട്ടയാര്‍, മൂഴിയാര്‍, കുണ്ടള ഡാമുകളിലാണ് റെഡ് അലര്‍ട്ട്. പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. വലിയ ഡാമുകളില്‍ നിലവില്‍ ആശങ്കയുടെ സാഹചര്യമില്ല, എങ്കിലും പരമാവധി സംഭരണശേഷിയിലക്ക് എത്തിക്കാതെ ക്രമീകരണം തുടരാനാണ് നിലവിലെ തീരുമാനം. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് റൂള്‍ കര്‍വിനോട് അടുത്താല്‍ ഇന്ന് തന്നെ സ്പില്‍ വേ ഷട്ടറുകള്‍ തുറക്കും. ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണവിധേയമാണ്. പെരിങ്ങല്‍കുത്തില്‍ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതാണ് ആശ്വാസത്തിന്റെ പ്രധാന കാരണം.
Comments (0)