മുന്‍ ഫുട്‌ബോള്‍ താരങ്ങളടക്കമുള്ള കായികതാരങ്ങള്‍ക്ക് അംഗീകാരം
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ കായികമേഖലയ്ക്ക് മികച്ച സംഭാവന നല്‍കിയ മുന്‍കാല കായികതാരങ്ങള്‍ക്ക് അര്‍ഹതക്കനുസരിച്ചുള്ള അംഗീകാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍. സന്തോഷ് ട്രോഫി ടീമില്‍ കേരളത്തിനുവേണ്ടി കളിച്ച 7 മുന്‍ ഫുട്‌ബോള്‍ താരങ്ങളടക്കം 22 കായികതാരങ്ങളെ പൊലീസ് വകുപ്പില്‍ അസിസ്റ്റന്റ് കമാന്‍ഡന്റുമാരായി സ്ഥാനക്കയറ്റം നല്‍കി. ഐ.എം. വിജയനോടൊപ്പം ഫുട്‌ബോള്‍ കളിച്ചിരുന്ന കെ.ആന്‍സന്‍, മോയ്തീന്‍ ഹുസൈന്‍, അശോകന്‍ സി.വി., റോയ് റോജസ്, അജിത്. വി.ജെ, എഡിസണ്‍, കെ.രാജേഷ് എന്നിവര്‍ക്കാണ് അസിസ്റ്റന്റ് കമാന്‍ഡന്റുമാരായി സ്ഥാനക്കയറ്റം നല്‍കിയത്. 1990 മുതല്‍ 2002 വരെ സന്തോഷ് ട്രോഫി മത്സരങ്ങളില്‍ കേരളത്തിനുവേണ്ടി മൈതാനത്തിറങ്ങിയവരാണ് ഇവരെല്ലാവരും.
ഇതുകൂടാതെ ഷൂട്ടിങ് താരമായ എലിസബത്ത് സൂസന്‍ കോശി നീന്തല്‍ താരങ്ങളായ ഐ.സി. പ്രദീപന്‍, കെ.എസ്. ബിനു, മോഹന്‍ കെ., വോളിബാള്‍ താരങ്ങളായ സാലു കെ. തോമസ്, മനോജ്, ബാസ്‌ക്കറ്റ്ബാള്‍ താരമായ പ്രവി ഇ.വി., അത്‌ലറ്റുകളായ ബിജു.കെ.എസ്., റോയ് പി., മാര്‍ട്ടിന്‍, ജസ്റ്റിന്‍, ബഷീര്‍ കെ.എ., അബ്ദുള്‍ റഷീദ് എന്നിവര്‍ക്കും അസിസ്റ്റന്റ് കമാന്‍ഡന്റ് പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു.
കായികതാരങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന രീതിയില്‍ അംഗീകാരം നല്‍കുക എന്നതാണ് ഈ സര്‍ക്കാരിന്റെ നയം. ഐ.എം. വിജയനെ കഴിഞ്ഞ ദിവസം മലപ്പുറത്ത് പുതുതായി ആരംഭിക്കുന്ന ഫുട്‌ബോള്‍ അക്കാദമിയുടെ ഡയറക്ടറായി നിയമിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായി 195 കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ നിന്ന് നിയമനം നല്‍കി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആകെ 523 കായികതാരങ്ങള്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്.
Comments (0)