കോവിഡ് വാക്‌സിന്‍ എറണാകുളത്ത് ആദ്യമായി സ്വീകരിച്ചത് ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം
കൊച്ചി: എറണാകുളം ജില്ലയില്‍ ആദ്യ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം . വാക്സീന്‍ സ്വീകരിച്ചത് സുഖകരമായ അനുഭവമായെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആദ്യമായി വാക്സീന്‍ സ്വീകരിച്ച ശേഷമായിരുന്നു പ്രതികരണം.
'ഒരു പ്രശ്നങ്ങളും ഉണ്ടായില്ല, വളരെ പരിശീലനം ലഭിച്ച നഴ്സിങ് സ്റ്റാഫാണ് എടുത്തത്, വളരെ ചെറിയ സൂചിയാണ്. ഉള്ളിലേക്കു കയറുന്നതു പോലും അറിയുന്നില്ല. സുഖകരമായ അനുഭവമാണ്. ആദ്യ വാക്സീനുകള്‍ എടുക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരെ തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭയപ്പെടേണ്ട അവസ്ഥ ഇല്ലെന്നും എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മൂത്ത മകന്റെ വിവാഹ ചടങ്ങിനിടയിലാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിക്കാനെത്തിയത് എന്ന കൗതുകവും ഉണ്ട്. നിരവധി ഹൃദയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം കൊടുത്തിട്ടുള്ള ആളാണ് ഡോക്ടര്‍. അതുകൊണ്ട് തന്നെയാണ് ജില്ലയിലെ ആദ്യ വാക്‌സിന്‍ സ്വീകരിക്കാന്‍ ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറത്തെ തെരഞ്ഞെടുത്തത്. വാക്‌സിന്‍ കുത്തിവയ്പ് 11.20 ഓടെയാണ് നടന്നത്.
ആദ്യ അരമണിക്കൂറിനുള്ളില്‍ ഏഴു പേര്‍ ഇവിടെ വാക്സിന്‍ സ്വീകരിച്ചു. ആദ്യഘട്ടത്തില്‍ ജില്ലയിലെ 12 കേന്ദ്രങ്ങളിലാണ് വാക്സീന്‍ വിതരണം നടക്കുന്നത്. വരും ദിവസങ്ങളില്‍ മുതല്‍ കേന്ദ്രങ്ങളിലേക്ക് വാക്സിനേഷന്‍ വ്യാപിപ്പിക്കും.



Author Coverstory


Comments (0)