നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി വി ഫോര്‍ കേരള

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി വി ഫോര്‍ കേരള

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി വി ഫോര്‍ കേരള. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനില്‍ വി ഫോര്‍ കൊച്ചി എന്ന പേരില്‍‌ മത്സരിച്ച സംഘടന 10 ശതമാനത്തിലധികം വോട്ട് നേടിയിരുന്നു. വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുമ്ബ് തുറന്ന് കൊടുത്തും വി ഫോര്‍ കേരള പ്രവര്‍ത്തകര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ 10.2 ശതമാനം വോട്ട് നേടിയതിന് പിന്നാലെയാണ് വി ഫോര്‍ കൊച്ചി പ്രവര്‍ത്തകര്‍ വി ഫോര്‍ കേരളയെന്ന പേരില്‍ സംഘടന രൂപീകരിച്ചത്. കൊച്ചി കോര്‍പ്പറേഷനില്‍ 22,009 വോട്ടുകളാണ് വി ഫോര്‍ കൊച്ചി നേടിയത്. എറണാകുളം ജില്ലയിലെ നഗരകേന്ദ്രീകൃതമായ മണ്ഡലങ്ങളിലാണ് വി ഫോര്‍ കേരള പ്രധാനമായും മത്സരത്തിനൊരുങ്ങുന്നത്. എറണാകുളം, കൊച്ചി, തൃപ്പൂണിത്തുറ, തൃക്കാക്കര മണ്ഡലങ്ങളില്‍ വി ഫോര്‍ കൊച്ചി സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നാണ് സൂചന. ഇതിന് പുറമേ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സമാന സ്വഭാവമുള്ള സംഘടനകളുമായി ചേര്‍ന്ന് സ്ഥാനാര്‍ഥികളെ നിര്‍ത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.

കൊച്ചി കോര്‍പ്പറേഷനില്‍ 12 ഡിവിഷനുകളില്‍ വി ഫോര്‍ കൊച്ചിയുടെ സാനിധ്യം യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ തോല്‍വിക്ക് കാരണമാക്കിയിരുന്നു. അത് കൊണ്ട് തന്നെ വി ഫോര്‍ കേരള എന്ന പേരില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തെത്തുന്നതും യു.ഡി.എഫ് ക്യാമ്ബിനെയാണ് കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്.