പെട്രോള്‍‍ ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണം; പെട്രോളിയം കമ്ബനികളുടെ അധികാരം എടുത്തുകളയണം; ഇന്ധനവില വര്‍ധനയ്ക്കെതിരെ ബിഎംഎസ്

പെട്രോള്‍‍ ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണം; പെട്രോളിയം കമ്ബനികളുടെ അധികാരം എടുത്തുകളയണം; ഇന്ധനവില വര്‍ധനയ്ക്കെതിരെ ബിഎംഎസ്

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്ക്കെതിരെ മോട്ടോര്‍ മസ്ദൂര്‍ സംഘ് (ബിഎംഎസ്) സെക്രേട്ടറിയറ്റിലേക്ക് മാര്‍ച്ച്‌ നടത്തി. മുന്‍ യുപിഎ സര്‍ക്കാര്‍ പെട്രോളിയം കമ്ബനികള്‍ക്ക് വില നിര്‍ണയിക്കാന്‍ നല്‍കിയ അധികാരം എടുത്തുകളയുക, സംസ്ഥാനസര്‍ക്കാര്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഈടാക്കുന്ന നികുതി കുറവുചെയ്യുക, പെട്രോള്‍ ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുക, ഓട്ടോ തൊഴിലാളികള്‍ക്ക് സബ്സിഡി നിരക്കില്‍ ഇന്ധനം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്‌.

ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘം ജില്ലാ പ്രസിഡന്റ് എസ്. ജയശങ്കര്‍ അധ്യക്ഷത വഹിച്ചു. അസം സര്‍ക്കാരിന്റെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നികുതിയില്‍ ഇളവുവരുത്തി പെട്രോള്‍ ഡീസല്‍ വില കുറയ്ക്കണമെന്ന് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തുകൊണ്ട് ബിഎംഎസ് ജില്ലാ സെക്രട്ടറി കെ. ജയകുമാര്‍ ആവശ്യപ്പെട്ടു. കേന്ദ്രനികുതിയില്‍ നിന്നുള്ള സംസ്ഥാനത്തിന്റെ പങ്കും സംസ്ഥാനത്തെ വാറ്റും കൂട്ടിയാല്‍ 33 ശതമാനമാണ് ഒരു ലിറ്റര്‍ പെട്രോളില്‍ നിന്നും കേരളത്തിന് ലഭിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങളെയും ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം തയ്യാറായപ്പോള്‍ സംസ്ഥാനമാണ് എതിര്‍ത്തതെന്നും ജയകുമാര്‍ പറഞ്ഞു.

ഫെഡറേഷന്‍ സംസ്ഥാനപ്രസിഡന്റ് ജ്യോതിഷ്‌കുമാര്‍, മോട്ടോര്‍ യൂണിയനുകളുടെ സംസ്ഥാന ജനറല്‍സെക്രട്ടറി ഗോവിന്ദ് ആര്‍. തമ്ബി, ടെംമ്ബോ, ടാക്സി മസ്ദൂര്‍സംഘം ജില്ലാസെക്രട്ടറി ബി. സതികുമാര്‍, ബിഎംഎസ് ജില്ലാ പ്രസിഡന്റ് കെ. മനോഷ് കുമാര്‍, ഓട്ടോറിക്ഷാ യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി വി. രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്ക്കെതിരെ മോട്ടോര്‍ മസ്ദൂര്‍ സംഘ് (ബിഎംഎസ്) സംഘടിപ്പിച്ച സെക്രേട്ടറിയറ്റ് മാര്‍ച്ച്‌ ബിഎംഎസ് ജില്ലാ സെക്രട്ടറി കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.