വികസനനേട്ടങ്ങള്‍ കരുത്തുറ്റതാക്കാന്‍ എല്ലാ വിഭാഗങ്ങളും ഒരുമിച്ച്‌ നില്‍ക്കണം: മന്ത്രി എ.സി. മൊയ്തീന്‍

വികസനനേട്ടങ്ങള്‍ കരുത്തുറ്റതാക്കാന്‍ എല്ലാ വിഭാഗങ്ങളും ഒരുമിച്ച്‌ നില്‍ക്കണം: മന്ത്രി എ.സി. മൊയ്തീന്‍

എറണാകുളം: ഭാരത റിപ്പബ്ലിക്കില്‍ വ്യത്യസ്തത കൊണ്ടും നേട്ടങ്ങളില്‍ ഒന്നാമതെത്തിയും മുന്നോട്ടു പോകുകയാണ് കേരളം. ഈ വികസന നേട്ടങ്ങളെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ ഒരുമിച്ച്‌ നില്‍ക്കണമെന്ന് മന്ത്രി എ.സി. മൊയ്തീന്‍. കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരേഡ് ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

വ്യത്യസ്ത വിഭാഗം ജനങ്ങളെ ഒരു ചങ്ങലയിലെ കണ്ണി പോലെ കൊണ്ടു പോകാനും എല്ലാ വൈജാത്യങ്ങളെയും ഏകോപിപ്പിക്കാനും എല്ലാ വികാരങ്ങള്‍ക്കും മാന്യത നല്‍കാനും മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ടു പോകാനും കേരളത്തിന് കഴിഞ്ഞിട്ടുണ്ട്.

റിപ്പബ്ലിക്കായതിനു ശേഷമുള്ള 72 വര്‍ഷക്കാലത്തെ പ്രയാണം ഭരണഘടന അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഭരണഘടന ഉറപ്പു നല്‍കുന്ന മത നിരപേക്ഷത നാടിന്‍്റെ ജീവവായു ആണ്. ബഹുസ്വരതയുള്ള ഒരു നാടിനെ ഒരുമിച്ച്‌ നിര്‍ത്താന്‍ ഭരണഘടന ഏറെ സഹായിച്ചു. ഭരണഘടന വിഭാവനം ചെയ്യുന്ന മത നിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകേണ്ട കാലം കൂടിയാണിത്. ഫെഡറല്‍ തത്വങ്ങള്‍ സംരക്ഷിക്കാനും വ്യത്യസ്ത ഭാഷയും സംസ്കാരവും സാമൂഹിക ചുറ്റുപാടുകളുമുള്ള ജനങ്ങളെ കോര്‍ത്തിണക്കാനും ജനാധിപത്യ വ്യവസ്ഥയെ സംരക്ഷിക്കാനും ഏറെ ശ്രദ്ധയോടെ മുന്നോട്ട് നീങ്ങണം.

കോവിഡ് കാലത്ത് വലിയ പ്രതിസന്ധിയാണ് നാം നേരിട്ടത്. സമ്ബദ് വ്യവസ്ഥയെയും മനുഷ്യ ജീവിതത്തെയും കോവിഡ് മഹാമാരി പിടിച്ചുലച്ചു. കോവിഡ് പ്രതിരോധത്തില്‍ മലയാളികളാകെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. കോവിഡ് പ്രതിരോധത്തിനൊപ്പം മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും നാം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ 8.35ന് മാര്‍ക്കേഴ്സ് കോളോടെയാണ് 72-ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് കെ.എ.പി ഒന്നാം ബറ്റാലിയന്‍, കൊച്ചി സിറ്റി പോലീസ്, എറണാകുളം റൂറല്‍, വനിത പോലീസ് സേന എന്നിവയിലെ അംഗങ്ങള്‍ പരേഡിനായി ബേസ് ലൈനില്‍ അണിനിരന്നു. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നാലു പ്ലാറ്റൂണുകള്‍ മാത്രമാണ് പരേഡില്‍ അണിനിരന്നത്. തുടര്‍ന്ന് പരേഡ് കമാന്‍ഡര്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് എ. അനന്ത ലാല്‍ ചുമതലയേറ്റു. സബ് ഇന്‍സ്പെക്ടര്‍ എസ്.പി. ആനി സെക്കന്‍ഡ് ഇന്‍ കമാന്‍ഡറായി. തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പരേഡിന്‍്റെ അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് പരേഡിന്‍്റെ അഭിവാദ്യം സ്വീകരിച്ചു 

മുഖ്യാതിഥിയായ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീനെ കളക്ടറും കമ്മീഷണറും ചേര്‍ന്ന് സ്വീകരിച്ചു. മന്ത്രിക്ക് പരേഡിന്‍്റെ ആദരമര്‍പ്പിച്ചു. ദേശീയ പതാക ഉയര്‍ത്തിയ ശേഷം പരേഡ് പരിശോധിക്കാനായി പരേഡ് കമാന്‍ഡര്‍ മന്ത്രിയെ ആനയിച്ചു. പരേഡ് പരിശോധിച്ച ശേഷം മന്ത്രി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. തുടര്‍ന്ന് കൊച്ചി സിറ്റി കെ9 സ്ക്വാഡിലെ ബെല്ല എന്ന ഡോഗിന്‍്റെ അവതരണം നടന്നു. തുടര്‍ന്ന് സിവില്‍ സ്റ്റേഷന്‍ വളപ്പിലെ ഗാന്ധി പ്രതിമയില്‍ മന്ത്രിയും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഹാരാര്‍പ്പണം നടത്തി.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി നടന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ പരിമിതപ്പെടുത്തിയിരുന്നു. മാര്‍ച്ച്‌ പാസ്റ്റ്, സമ്മാനദാനം എന്നിവ ഉണ്ടായിരുന്നില്ല. പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ ആഘോഷ പരിപാടികളില്‍ നിന്നും ഒഴിവാക്കി. ക്ഷണിതാക്കളുടെ എണ്ണം പരമാവധി 100 ആയി നിജപ്പെടുത്തിയിരുന്നു. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക എന്നീ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചു. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ തെര്‍മല്‍ സ്കാനിങ്ങിന് വിധേയമായി കൈകള്‍ അണുവിമുക്തമാക്കിയ ശേഷമാണ് ഗ്രൗണ്ടില്‍ പ്രവേശിച്ചത്.

എം.എല്‍.എമാരായ പി.ടി. തോമസ്, എം സ്വരാജ്, അന്‍വര്‍ സാദത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍്റ് ഉല്ലാസ് തോമസ്, അസിസ്റ്റന്‍്റ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ, എ.ഡി.എം. സാബു കെ. ഐസക്, കണയന്നൂര്‍ താലൂക്ക് തഹസില്‍ദാര്‍ ബീന പി. ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.