മഹേഷ് വിജയൻ്റെ വിവരാവകാശ ഇടപെടലിന് വീണ്ടും നീതിയുടെ പൊൻവെളിച്ചം.

മഹേഷ് വിജയൻ്റെ വിവരാവകാശ ഇടപെടലിന് വീണ്ടും നീതിയുടെ പൊൻവെളിച്ചം.

കോട്ടയം: മറ്റൊരു വിവരാവകാശ ഇടപെടൽ കൂടി വിജയത്തിലേക്ക് ,കൽക്കത്ത സ്വദേശിയെ പറ്റിച്ച് അഞ്ചേക്കർ വസ്തു തട്ടിയെടുക്കുന്നതിനായി പണിത വാഗമണ്ണിലെ അനധികൃത ഹോംസ്റ്റേ കെട്ടിടങ്ങൾ പൊളിച്ച് മാറ്റാൻ ഉത്തരവ് . വാഗമൺ വഴിക്കടവ് കുരിശുമല ആശ്രമത്തിന് സമീപം, ‘ഹിൽ പാലസ്’ എന്ന പേരിൽ പ്രവർത്തിക്കുന്ന ഹോംസ്റ്റേ-യുടെ ഇരുനില കെട്ടിടം ഉൾപ്പടെയുള്ള രണ്ട് അനധികൃത കെട്ടിടങ്ങൾ പൊളിച്ച് മാറ്റാൻ തീക്കോയി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടു. കൽക്കത്ത സ്വദേശിയായ സഞ്ജയ് മിത്രയുടെ ഭൂമി കയ്യേറി, തീക്കോയി സ്വദേശി പൊതനപ്രക്കുന്നേല്‍ വീട്ടിൽ ജോൺസൺ മാത്യു എന്ന യോഹന്നാൻ നിർമ്മിച്ചവയാണ് പൊളിച്ച് കളയാൻ ഉത്തരവിട്ട രണ്ട് കെട്ടിടങ്ങളും. തീക്കോയി ഗ്രാമ പഞ്ചായത്തിന്റെ പേരിൽ വ്യാജ കെട്ടിട ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് തയ്യാറാക്കിയാണ്, അനധികൃതമായി നിർമ്മിച്ച കെട്ടിടത്തിൽ ഇയാൾ വൈദ്യുതി കണക്ഷൻ എടുത്തിട്ടുള്ളത്. തുടർന്ന്, ഇവിടെ 8 വർഷമായി നിയമവിരുദ്ധമായി ഹോംസ്റ്റേ നടത്തിവരികയായിരുന്നു. പഞ്ചായത്തിന്റെ പേരിൽ വ്യാജസർട്ടിഫിക്കറ്റ് ചമച്ചതിനും സഞ്ജയ് മിത്രയുടെ വസ്തു കയ്യേറിയതിനും ജോൺസൺ മാത്യുവിനെതിരെ, ഈരാറ്റുപേട്ട പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. 1989-ൽ ഡോ എലിസബത്ത് ബേക്കറിൽ നിന്നുമാണ് സഞ്ജയ് മിത്ര അഞ്ചേക്കർ വസ്തു വാങ്ങിയത്. കേരളത്തിലെ നിയമങ്ങൾ അറിയാത്തതിനാൽ, വസ്തു വാങ്ങിയെങ്കിലും ആയത് യഥാസമയം പോക്കുവരവ് ചെയ്തിരുന്നില്ല. ഇത് മനസ്സിലാക്കിയ ജോൺസൺ മാത്യു വസ്തു കയ്യേറി ഒരു കെട്ടിടം പണിത് വസ്തു കൈവശത്തിലാക്കുകയും സഞ്ജയ് മിത്രയ്ക്ക് എതിരേ സിവിൽ കേസുകൾ ഫയൽ ചെയ്യുകയും ചെയ്തു. ഇതിനായി ഒരു വ്യാജ ആധാരവും വ്യാജ റവന്യൂ രേഖകളും ഇയാൾ തയ്യാറാക്കിയിരുന്നു. സിവിൽ കേസുകൾ പരമാവധി നീട്ടിക്കൊണ്ട് പോകാനായിരുന്നു പിന്നീട് ജോൺസൺ മാത്യു ശ്രമിച്ചത്. കൂടാതെ, ഉദ്യോഗസ്ഥരെ സ്വാധീനിച്ചും നിയമനടപടികൾ ഇയാൾ വൈകിപ്പിച്ചു. ഇതിനാവശ്യമായ മുഴുവൻ തുകയും അനധികൃത ഹോംസ്റ്റേ-യിൽ നിന്നും യഥേഷ്ടം ഇയാൾക്ക് ലഭിച്ചിരുന്നു. തന്റെ വസ്തു വസ്തു പോക്കുവരവ് ചെയ്ത് തരണം എന്നാവശ്യപ്പെട്ട് സഞ്ജയ് മിത്ര 2004 മുതൽ നിരവധി അപേക്ഷകൾ നല്കിയിരുന്നുവെങ്കിലും സിവിൽ കേസ് നിലവിലുണ്ട് എന്ന കാരണം പറഞ്ഞ് റവന്യൂ അധികൃതർ അതെല്ലാം നിരസിച്ചു. ഭാഷ അറിയാത്തതും സിവിൽ കേസ് നടത്തുന്നതിൽ വന്ന വീഴ്ചകളും എല്ലാം സഞ്ജയ്ക്ക് വിനയായി. കോടികൾ വിലമതിക്കുന്ന വസ്തുവിന് ഉടമയായിട്ടും മക്കൾ ഇല്ലാത്തതിനാൽ നിത്യവൃത്തിക്ക് പോലും വഴിയില്ലാത്ത അവസ്ഥയിലേക്ക് സഞ്ജയ് മിത്രയും ഭാര്യ സുമിത്രയും എത്തി. കൂടെ, വാർദ്ധക്യ സഹജമായ അസുഖങ്ങളും 77 വയസ്സുള്ള അദേഹത്തെ അലട്ടി. സഞ്ജയ് മിത്രയുടെ വസ്തു തട്ടിയെടുക്കുവാൻ, അദ്ദേഹത്തിന്റെ മരണത്തിനായി ജോൺസൺ മാത്യുവും സംഘവും കഴുകനെ പോലെ കാത്തിരുന്നു. ഈ ഒരു ഘട്ടത്തിലാണ് , ഒരു സുഹൃത്ത് മുഖേന സഞ്ജയ് മിത്ര എന്റെ സഹായം തേടിയത്. ഞാൻ വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിൽ, കെട്ടിടം അനധികൃതമാണെന്നും വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് വൈദ്യുത കണക്ഷൻ എടുത്തിട്ടുള്ളത് എന്നും ജോൺസന്റെ പേരിലുള്ള ആധാരം വ്യാജമാണെന്നും ബോധ്യപ്പെടുകയായിരുന്നു. വ്യാജ ആധാരം രജിസ്റ്റർ ചെയ്തതിനെതിരെ രജിസ്ട്രേഷൻ നിയമപ്രകാരമുള്ള പ്രോസിക്യൂഷൻ നപടികളും കോട്ടയം ജില്ലാ രജിസ്ട്രാർ ആരംഭിച്ചിട്ടുണ്ട്. തെളിവ് സഹിതം ഞാൻ പരാതികൾ നല്കി വിവരാവകാശ നിയമപ്രകാരം നിരന്തരം ഫോളോഅപ്പ് ചെയ്തതോടെ മേൽനടപടികൾ സ്വീകരിക്കുവാൻ അധികൃതർ നിർബന്ധിതരാകുകയായിരുന്നു. ആവശ്യമായ രേഖകൾ ഹാജരാക്കി 15 ദിവസത്തിനകം അനധികൃത കെട്ടിടങ്ങൾ ക്രമപ്പെടുത്താത്ത പക്ഷം പൊളിച്ച് നീക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ്, തീക്കോയി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് സാമുവൽ നോട്ടീസ് നല്കിയിട്ടുള്ളത്. പൊലീസ് അന്വേഷണവും ഊർജിതമായി നടക്കുന്നു. ജോൺസൺ ഫയൽ ചെയ്ത സിവിൽ കേസ് തള്ളിയതോടെ വസ്തു യഥാർഥ ഉടമയായ സഞ്ജയ് മിത്രയുടെ പേരിൽ പോക്കുവരവ് ചെയ്യുന്നതിനുളള നടപടികളും റവന്യൂ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഞാൻ ഈ വിഷയത്തിൽ ഇടപെട്ടിട്ട് ഇപ്പോൾ മൂന്ന് വർഷമാകുന്നു. ഇടയ്ക്ക് അയർലണ്ടിൽ പോകേണ്ടി വന്നതിനാൽ, വേഗത അല്പം കുറഞ്ഞിരുന്നു. എങ്കിലും, ഇത്തവണ അവധിക്ക് നാട്ടിൽ വന്നപ്പോൾ തുടർച്ചയായി ഇടപെടലുകൾ നടത്തിയത് ഫലം കണ്ടു. അങ്ങനെ സഞ്ജയ് മിത്രയുടെ നീതിക്ക് വേണ്ടിയുള്ള 24 വർഷം നീണ്ട പോരാട്ടമാണ്, അതിന്റെ അന്ത്യമഘട്ടത്തിൽ എത്തി നിൽക്കുന്നത്; ആ പോരാട്ടത്തിന്റെ ഒരു ഭാഗമാകാൻ കഴിഞ്ഞത്, ഏറെ ചാരിതാർഥ്യം നല്കുന്ന ഒന്നാണ് . ടി തട്ടിപ്പിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്. അവർക്കെതിരായ ക്രിമിനൽ നടപടികൾ ഊർജിതമാക്കും. സഞ്ജയ് മിത്രയ്ക്ക് വേണ്ടി ഞാൻ നടത്തിയ അന്വേഷണം ചെന്നെത്തിയത്, തീക്കോയി, പൂഞ്ഞാർ നടുഭാഗം വില്ലേജുകൾ കേന്ദ്രീകരിച്ച് സർക്കാർ മിച്ചഭൂമി വ്യാപകമായി തട്ടിയെടുത്ത ഒരു മാഫിയയെ കുറിച്ചാണ്. എന്റെ അന്വേഷണത്തിൽ നിലവിൽ ഉദ്ദേശം അൻപത് ഏക്കറോളം മിച്ചഭൂമി തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. അതിനെ കുറിച്ചുള്ള ഒരു പരമ്പര വൈകാതെ ആരംഭിക്കുന്നതാണ്.