ഹോട്ടലുകളിലേക്ക് 'മിലിട്ടറി' കാള്‍; പാര്‍സല്‍ ഓര്‍ഡര്‍ ചെയ്ത് പണം തട്ടിപ്പ്
കൊച്ചി: ഹോട്ടലുകളില്‍ സൈനിക ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ഓണ്‍ലൈന്‍ പണം തട്ടിപ്പ് വ്യാപകം. ഹൈവേയിലൂടെ പട്ടാളവാഹനത്തില്‍ സഞ്ചരിക്കുകയാണെന്നും ഭക്ഷണം പാര്‍സലായി തയാറാക്കിവെക്കാനും നിര്‍ദേശം നല്‍കി, പിന്നീട് പണം ഓണ്‍ലൈനായി നല്‍കാന്‍ അക്കൗണ്ട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടാണ് തട്ടിപ്പ്. ഇതിനകം നൂറോളം സ്ഥാപനങ്ങള്‍ തട്ടിപ്പിന് ഇരയായതായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷന്െറതന്നെ കണക്കിലുണ്ട്. ചൊവ്വാഴ്ച ഉച്ചക്ക് എറണാകുളം എടവനക്കാട് ഭാഗത്തെ ഹോട്ടലില്‍ മിലിട്ടറിയില്‍നിന്ന് വിളിക്കുന്നെന്ന വ്യാജേന ഹിന്ദി സംസാരിക്കുന്ന ആള്‍ വിളിച്ച് തട്ടിപ്പിന് ശ്രമിച്ചതാണ് ഒടുവിലത്തെ സംഭവം.
ഉച്ചക്ക് രേണ്ടാടെ ഡ്രൈവറെ വിടാമെന്നും ഭക്ഷണം പാര്‍സലായി എടുത്തുവെക്കണമെന്നും നിര്‍ദേശം നല്‍കി. 3000 രൂപയുടെ ഓര്‍ഡറാണ് നല്‍കിയത്. ഭക്ഷണം പാര്‍സലായി എടുത്തുവെച്ചത് അറിയിച്ചപ്പോള്‍ ബില്‍ തുക നല്‍കാന്‍ ഡെബിറ്റ് കാര്‍ഡ് ഫോട്ടോയെടുത്ത് വാട്സ്ആപ്പില്‍ അയക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ തട്ടിപ്പാകുമെന്ന് ബോധ്യംവന്ന ഹോട്ടലുടമ, ഗൂഗിള്‍പേ വഴി പണം നല്‍കിയാല്‍ മതിയെന്ന് മറുപടി നല്‍കി.
അങ്ങനെ പണം നല്‍കാന്‍ മിലിട്ടറി അനുവാദമില്ലെന്നായി വിളിച്ചയാള്‍. അക്കൗണ്ട് നമ്ബര്‍ നല്‍കി അതിലേക്ക് പണം നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും അതും നിരസിച്ചു. ഡെബിറ്റ് കാര്‍ഡ് ഫോട്ടോതന്നെ അയക്കണമെന്ന് തുടര്‍ന്നും വിളിച്ചയാള്‍ ആവശ്യപ്പെട്ടതോടെ ഉപയോഗത്തില്‍ ഇല്ലാത്ത ഒരുഡെബിറ്റ് കാര്‍ഡിന്‍െറ പടമെടുത്ത് അയച്ചു നല്‍കി. ഇതോടെ ഫോണില്‍ ഒ.ടി.പി വരുമെന്നും അത് പറഞ്ഞാല്‍ പണം അക്കൗണ്ടില്‍ എത്തുമെന്നും വിളിച്ചയാള്‍ അറിയിച്ചതോടെ സംഗതി തട്ടിപ്പാണെന്ന് ഉറപ്പിച്ച ഹോട്ടലുടമ പൊലീസില്‍ പരാതി നല്‍കുമെന്ന് അറിയിച്ച് ഫോണ്‍ കട്ട് ചെയ്തു.
വിളിച്ച നമ്ബര്‍ പിന്നീട് പ്രവര്‍ത്തനരഹിതമായി. ''സമാനരീതിയില്‍ രണ്ടുമാസം മുമ്ബ് വൈപ്പിനിലെ ഒരു ഹോട്ടലുടമക്ക് കാള്‍ വന്നിരുന്നു. മിലിട്ടറിയില്‍നിന്നാണെന്നാണ് പറഞ്ഞത്. 25,000 രൂപയുടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് നടത്തിയ തട്ടിപ്പില്‍ അക്കൗണ്ടിലെ പണവും നഷ്ടപ്പെട്ടു.
അതിന്‍െറ അനുഭവം അറിഞ്ഞതുകൊണ്ടാണ് ഇത്തവണ മുന്‍കരുതല്‍ എടുത്തത്'' -എടവനക്കാട്ടെ ഹോട്ടലുടമ പറഞ്ഞു. ലോക്ഡൗണിനുശേഷം തുറന്ന ഹോട്ടലുകളില്‍ സൈന്യത്തില്‍നിന്നെന്ന് പറഞ്ഞ് പാര്‍സല്‍ ഓര്‍ഡര്‍ ചെയ്ത് വ്യാപകമായി തട്ടിപ്പ് നടന്നിരുെന്നന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് മൊയ്തീന്‍കുട്ടി ഹാജി പറഞ്ഞു. ഹോട്ടലുടമകള്‍ക്ക് ബോധവത്കരണവും പൊലീസില്‍ പരാതിയും നല്‍കിയിരുെന്നന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Comments (0)