വാട്ടര്‍ മെട്രോ നിര്‍മാണത്തിന്​ നോക്കുകൂലി: പൊലീസ്​ സംരക്ഷണ ഹര്‍ജിയില്‍ നോട്ടീസ്​

കൊച്ചി: നോക്കുകൂലി ആവശ്യപ്പെട്ട് ട്രേഡ് യൂനിയനുകള്‍ ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തില്‍ വാട്ടര്‍ മെട്രോ നിര്‍മാണത്തിന്​ പൊലീസ്​ സംരക്ഷണം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈകോടതി വിശദീകരണം തേടി. നോക്കുകൂലിയുടെ പേരില്‍ വാട്ടര്‍ മെട്രോ വൈപ്പിന്‍ മേഖലയിലെ നിര്‍മാണപ്രവര്‍ത്തനം നിലച്ചെന്ന്​ ചൂണ്ടിക്കാട്ടി കരാറുകാരായ മൂവാറ്റുപുഴ മേരി മാത ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്ബനി നല്‍കിയ പൊലീസ്​ സംരക്ഷണ ഹര്‍ജിയിലാണ്​ ഡിവിഷന്‍ബെഞ്ച്​ എതിര്‍കക്ഷികള്‍ക്ക് അടിയന്തര നോട്ടീസ് ഉത്തരവായത്​. ഹരജി വീണ്ടും വ്യാഴാഴ്​ച പരിഗണിക്കും. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി യൂനിയനുകളിലെ തൊഴിലാളികളുടെ നേതൃത്വത്തിലാണ് വൈപ്പിനിലെ നിര്‍മാണപ്രവര്‍ത്തനം തടയുന്നതെന്നും ഇവര്‍ സൈറ്റി​ന്‍െറ ചുമതലക്കാരനെ ഉപദ്രവിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു.

ഫെബ്രുവരി 22ന് പദ്ധതിയുടെ ഉദ്ഘാടനം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കെ കൊച്ചി വാട്ടര്‍ മെട്രോയുടെ നിര്‍മാണം ഫെബ്രുവരി രണ്ടാം വാരത്തോടെ പൂര്‍ത്തിയാക്കേണ്ടതുണ്ട്​. യൂനിയന്‍ പ്രവര്‍ത്തകര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.