ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി, ഹരിയാനയിലെ അമൃത ആശുപത്രി മാതാ അമൃതാനന്ദമയിയുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി, ഹരിയാനയിലെ അമൃത ആശുപത്രി മാതാ അമൃതാനന്ദമയിയുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും

ഹരിയാന : അമ്മയുടെ അനുഗ്രഹത്താല്‍ മാതാ അമൃതാനന്ദമയി മഠം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി, ഹരിയാനയിലെ അമൃത ആശുപത്രി മാതാ അമൃതാനന്ദമയിയു ടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കുകയാണ്. രാജ്യം ഇതുവരെ കാണാത്ത വിധത്തിലുള്ള ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സജ്ജീകരണങ്ങളും സൗകര്യങ്ങളു മാണ് ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ളത്. മാതാ അമൃതാനന്ദമയി മഠത്തിനും ലോകമെങ്ങുമുള്ള അമ്മയുടെ മക്കള്‍ക്കും മലയാളികള്‍ക്കും അഭിമാനിക്കാവുന്ന നേട്ടമായി മാറുകയാണ് ആരോഗ്യ രംഗത്തെ ഈ സംരംഭം. രാജ്യത്തിന്റെ ആരോഗ്യ പരിരക്ഷാ രംഗത്തെ വികസനത്തിന് വളരെ പ്രധാനപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന വിധത്തില്‍ വടക്കേ ഇന്ത്യയിലും വടക്കുകിഴക്കന്‍ ഇന്ത്യയിലും സേവനം വ്യാപിപ്പി ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ദ്രപ്രസ്ഥത്തോട് ചേര്‍ന്ന് അമൃത ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഈ വലിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹെല്‍ത്ത് കെയര്‍ സൗകര്യത്തിലൂടെ രോഗികള്‍ക്ക് സൗഖ്യവും സഹായങ്ങളും ലഭ്യമാക്കുകയെന്നതും മെഡിക്കല്‍ സയന്‍സിന്റെ പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങളുമാണ് ലക്ഷ്യം വെക്കുന്നത്. കാല്‍ നൂറ്റാണ്ടായി ദക്ഷിണേന്ത്യയില്‍ ആതുരശുശ്രൂഷാ രംഗത്ത് മുന്‍നിരയിലുള്ള കൊച്ചിയിലെ അമൃത ആശുപത്രിയുടെ മഹത്തായ പാരമ്പര്യം ഫരീദാബാദിലെ പുതിയ ആശുപത്രിയിലൂടെ രാജ്യത്തിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് മഠം.
ഫരീദാബാദിലെ സെക്ടര്‍ 88 ല്‍ സ്ഥിതി ചെയ്യുന്ന ആശുപത്രി കെട്ടിടത്തിന് 14 നിലകളുള്ള ടവര്‍ ഉള്‍പ്പെടെ ആകെ ഒരു കോടി ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട്. 500 കിടക്കകളുമായാണ് തുടക്കം. രണ്ട് വര്‍ഷത്തി നുള്ളില്‍ 750 കിടക്കകളും അഞ്ച് വര്‍ഷത്തിനുള്ളില്‍ 1000 കിടക്കകളും സജ്ജമാക്കും. ആശുപത്രി പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ 534 ക്രിട്ടിക്കല്‍ കെയര്‍ ബെഡുകള്‍ ഉള്‍പ്പെടെ ആകെ 2,400 കിടക്കകളു ണ്ടാകും. എണ്ണൂറിലധികം ഡോക്ടര്‍മാരുള്‍പ്പെടെ പതിനായിരത്തിലധികം ജീവനക്കാരും. 64 മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍, അത്യാധുനിക ഇമേജിംഗ് സേവനങ്ങള്‍, പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് ആയ റോബോട്ടിക് ലബോറട്ടറി, ഏറ്റവുമധികം കൃത്യത ഉറപ്പുതരുന്ന റേഡിയേഷന്‍ ഓങ്കോളജി, ന്യൂക്ലിയര്‍ മെഡിസിന്‍, അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ ഒന്‍പത് കാര്‍ഡിയാക്, ഇന്റര്‍വെന്‍ഷണല്‍ കാത്ത് ലാബ് എന്നിവയും ഇവിടെയുണ്ട്.
ഓങ്കോളജി, കാര്‍ഡിയാക് സയന്‍സസ്, ന്യൂറോ സയന്‍സസ്, ഗ്യാസ്‌ട്രോ സയന്‍സസ്, റിനല്‍ സയന്‍സസ്, ബോണ്‍ ഡിസീസ് ആന്‍ഡ് ട്രോമ, ട്രാന്‍സ്പ്ലാന്റ്‌സ്, മാതൃ-ശിശു വിഭാഗം തുടങ്ങി എട്ട് മികവിന്റെ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 81 സ്‌പെഷ്യാലിറ്റി വിഭാഗങ്ങളുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയിലാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്. മാതൃ-ശിശു വിഭാഗത്തിനായി ഒന്നരലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഒരു നിലയാണ് മാറ്റിവച്ചിരിക്കുന്നത്. മാതൃ-ശിശു സംരക്ഷണം, ഫീറ്റല്‍, റീ പ്രൊഡക്റ്റീവ് കെയര്‍, നിയോനേറ്റല്‍ ഇന്റന്‍സീവ് കെയര്‍ എന്നിവയ്ക്കുള്ള സജ്ജീകരണങ്ങള്‍ ഇവിടെയുണ്ട്. ഈ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ പീഡിയാട്രിക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി സെന്റര്‍ എന്ന ബഹുമതി ആശുപത്രിക്ക് സ്വന്തമാകും.
 രാജ്യത്തെ ഏറ്റവും വലിയ ട്രാന്‍സ്പ്ലാന്റ് സെന്റര്‍ കൂടിയാകും ഈ ആശുപത്രി. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വിജയകരമായി നടപ്പാക്കുന്നതും രാജ്യത്തെ വളരെ ചുരുക്കം ആശുപത്രികളില്‍ മാത്രം നടത്തുന്നതുമായ കൈ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഈ ആശുപത്രിയിലും സജ്ജമാക്കും. കരള്‍, വൃക്ക, ശ്വാസനാളം, വോക്കല്‍ കോഡുകള്‍, കുടല്‍, ഹൃദയം, ശ്വാസകോശം, പാന്‍ ക്രിയാസ്, ചര്‍മ്മം, അസ്ഥി, മജ്ജ എന്നിവയുടെ മാറ്റിവയ്ക്കലും ഇവിടെ നടത്തും.
 മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും ഡോക്ടര്‍മാരുടെയും പരിശീലനത്തിനും പുതിയ ആശുപത്രിയില്‍ പ്രത്യേക ശ്രദ്ധനല്‍കുന്നുണ്ട്. നാല് നിലകളിലായി ഒന്നര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ അത്യാധുനിക റോബോട്ടിക്‌സ്, ഹാപ്റ്റിക്, സര്‍ജിക്കല്‍-മെഡിക്കല്‍ സിമുലേഷന്‍ സെന്റര്‍ എന്നിവ ആശുപത്രിയിലുണ്ട്. മെഡിക്കല്‍ കോളജും അനുബന്ധ ആരോഗ്യ ശാസ്ത്ര കാമ്പസുമുള്‍പ്പെടെ ഡോക്ടര്‍മാര്‍ക്കുള്ള രാജ്യത്തെ ഏറ്റവും വലിയ പഠന-വികസന സൗകര്യമാണ് ഇവിടെ സജ്ജമാക്കുന്നത്.
 അത്യാധുനിക മെഡിക്കല്‍ ഗവേഷണത്തിന് പ്രത്യേക ഊന്നല്‍ നല്‍കുന്നതിനായി ഏഴ് നിലകളിലായി മൂന്ന് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ റിസര്‍ച്ച് ബ്ലോക്കുണ്ട്. ഇതില്‍ എ ടു ഡി ജിഎംപി ലാബ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്. എഐ, എംഎല്‍, ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് മുതലായവയിലും ശ്രദ്ധകേന്ദ്രീകരിക്കും. വൈദ്യശാസ്ത്ര മേഖലയില്‍ ലോകത്തിലെ തന്നെ പ്രശസ്തമായ വിവിധ ആശുപത്രികള്‍, സര്‍വകലാശാലകള്‍ എന്നിവയുമായി ചേര്‍ന്നുള്ള ഗവേഷണ സഹകരണവും ആശുപത്രിയില്‍ ഉറപ്പാക്കുന്നു.
ലോ കാര്‍ബണ്‍ കാഴ്ചപ്പാടോടെയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീന്‍ ബില്‍ഡിംഗ് ഹെല്‍ത്ത് കെയര്‍ പ്രൊജക്ടുകളില്‍ ഒന്നാണ് ഈ ആശുപത്രിയെന്ന പ്രത്യേകതയുമുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ രോഗികളെ എത്തിക്കുന്നതിനായി കാമ്പസില്‍ ഒരു ഹെലിപാഡും രോഗികളുടെ കൂടെയുള്ളവര്‍ക്ക് താമസിക്കുന്നതിനായി 498 മുറികളുള്ള ഗസ്റ്റ് ഹൗസും ആശുപത്രിയിലുണ്ട്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് രാജ്യം നേരിട്ട അനുഭവങ്ങള്‍ കണക്കിലെടുത്ത് പകര്‍ച്ചവ്യാധികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച സൗകര്യവും ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുണ്ട്.
പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി ഫരീദാ ബാദിലും പരിസര പ്രദേശങ്ങളിലുള്ള വിവിധ റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷനുകളുമായി സഹകരിച്ച് നിരവധി ക്യാമ്പുകളാണ് ഇതിനകം സംഘടിപ്പിച്ചിട്ടുള്ളത്. ന്യൂറോ അനുബന്ധ അസുഖങ്ങള്‍ ഉള്ള വയോധികര്‍ക്കായി ആരോഗ്യ പരിശോധനകളും സ്‌കൂള്‍ കുട്ടികള്‍ക്കായി ബോധവത്കരണ ക്ലാസുകളും നടന്നു വരുന്നു.
രോഗികള്‍ക്ക് സൗഖ്യം നല്‍കുന്നതിനും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കുന്നതിനും വൈദ്യശാസ്ത്രത്തിന്റെ പുരോഗതിക്കുമായി ഇന്ത്യയിലെ ജനങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെടുകയാണ് ബൃഹത്തായ ഈ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹെല്‍ത്ത് കെയര്‍ സൗകര്യം. ഏറ്റവും പുതിയ ആരോഗ്യപരിപാലന സൗകര്യങ്ങളും ഉയര്‍ന്ന നിലവാരത്തിലുള്ള രോഗീ പരിചരണ സംവിധാനങ്ങളും അമൃത ആശുപത്രിയിലൂടെ ഉത്തരേന്ത്യയിലെ മുഴുവന്‍ പ്രദേശങ്ങളിലുള്ളവരിലേക്കും എത്തുകയാണ്, അമ്മയുടെ കരുതലായി, കാരുണ്യ സ്പര്‍ശമായി