ലഹരി മരുന്നിന്റെ ഹബ്ബായി കൊച്ചി മാറുന്നോ? ഒരു മാസത്തിനിടെ 340 കേസുകളില്‍ 360 അറസ്റ്റ് ഇടപാടിന് ക്രിപ്‌റ്റോ കറന്‍സി
കൊച്ചി : കൊച്ചിയില്‍ ലഹരിമരുന്ന് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസുകള്‍ 340 ആണ്. ലഹരി എത്തിക്കുന്ന പ്രധാന സംഘങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഓണ്‍ലൈന്‍ ആയും കൊറിയര്‍ ആയും ലഹരിമരുന്ന് വില്‍പന നടക്കുന്നുണ്ടെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ക്രിപ്‌റ്റോ കറന്‍സിയും ലഹരിമരുന്ന് ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജുവാണ് പറഞ്ഞു. ഡിജെ പാര്‍ട്ടികള്‍ ഉള്‍പ്പെടെ പൊലീസ് നിരീക്ഷണത്തിലാണെന്ന് ഡിസിപി ശശിധരനും പറഞ്ഞു. 340 കേസുകളില്‍ നിന്ന് 360 പേരെ അറസ്റ്റ് ചെയ്തു. ദിവസവും ഏകദേശം 25 പേരെ വച്ച് പിടികൂടുന്നുണ്ട്. കൂടുതലും കഞ്ചാവ് കേസുകളാണ്. ഇതില്‍ മധ്യവയസ്‌കരൊക്കെ പ്രതികളായിട്ടുണ്ട്. പക്ഷേ, എംഡിഎംഎ, ഹാഷിഷ് ഓയില്‍ പോലെയുള്ള സിന്തറ്റിക് ഡ്രഗ് കേസുകളില്‍ പിടിക്കപ്പെടുന്നത് ചെറുപ്പക്കാരാണ്. ഏഴ് തട്ടുകളായി കണ്ണികള്‍ പിടിച്ചുപിടിച്ച് ഇപ്പോള്‍ ബാംഗ്ലൂര്‍ വരെ എത്തി. ബാംഗ്ലൂരില്‍ ഒരു നൈജീരിയക്കാരനെ ഇപ്പോള്‍ പിടിച്ചു. അങ്ങനെ പ്രധാന സോഴ്‌സിലേക്കും പോവുകയാണ്. പലരും കൊച്ചിയിലേക്ക് ഇത് എത്തിക്കുന്നുണ്ട്. കൊച്ചി മെട്രോപൊളിറ്റന്‍ സിറ്റി ആയി. ഇവിടെയുള്ള ആള്‍ക്കാര്‍ പോയി കൊണ്ടുവരിക. അവിടെനിന്ന് ആളുകള്‍ ഇവിടേക്ക് കൊണ്ടുവരിക. ഡാര്‍ക് വെബ് വഴി ഇടപാട് നടക്കുന്നുണ്ട്. ക്രിപ്‌റ്റോ കറന്‍സി ഉപയോഗിക്കുന്നുണ്ട്. കൊറിയര്‍ ഉണ്ട് എന്നും സിഎച്ച് നാഗരാജു പറഞ്ഞു. ഇത് സാമൂഹ്യവിപത്താണ് എന്ന് ഡിസിപി ശശിധരന്‍ പറഞ്ഞു. ഇതിനെതിരെ പ്രതികരിക്കാന്‍ പൊതുജനത്തിന്റെ പിന്തുണ വേണം. കൊച്ചി സിറ്റിയില്‍ ഏറ്റവും കൂടുതല്‍ വ്യാപനവും വിപണനവും നടക്കുന്ന സ്ഥലങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. അവിടെ പ്രത്യേക റെയ്ഡ് നടത്തും. ഡിജെ പാര്‍ട്ടികള്‍ നടക്കുന്ന സ്ഥലങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഡിജെ പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗം അനുവദിക്കില്ല. ഡിജെ പാര്‍ട്ടികളില്‍ ഉദ്യോഗസ്ഥരെ വേഷപ്രച്ഛന്നരായും മറ്റും വിന്യസിക്കുമെന്നും ഡിസിപി ശശിധരന്‍ പ്രതികരിച്ചു.
Comments (0)