കശ്മീര്‍ വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയ മുന്‍മന്ത്രി കെ ടി ജലീല്‍ എംഎല്‍എക്കെതിരെ പത്തനംതിട്ട കീഴ്വായ്പൂര്‍ പൊലീസ് കേസെടുത്തു.
പത്തനംതിട്ട : കശ്മീര്‍ വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയ മുന്‍മന്ത്രി കെ ടി ജലീല്‍ എംഎല്‍എക്കെതിരെ പത്തനംതിട്ട കീഴ്വായ്പൂര്‍ പൊലീസ് കേസെടുത്തു. ജലീലിനെതിരെ കേസെടുക്കാന്‍ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഇന്നലെ കീഴ്വായ്പൂര്‍ എസ്എച്ച്ഒയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 153 ബി പ്രകാരവും പ്രിവന്‍ഷന്‍ ഓഫ് ഇന്റന്‍ഷന്‍ ടു നാഷണല്‍ ഓണര്‍ ആക്ട് 1971 സെക്ഷന്‍ 2 പ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജലീലിന്റെ വിവാദ ഫെയ്‌സ്ബുക് പോസ്റ്റിനെതിരെ ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് അരുണ്‍ മോഹനാണ് കോടതിയെ സമീപിച്ചത്. പരാമര്‍ശം ഉണ്ടായ ശേഷം ഈ മാസം 12ന് കീഴ്വായ്പൂര്‍ പൊലീസിലും ജില്ലാ പൊലീസ് മേധാവിക്കും ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അരുണ്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. ഇതെത്തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. ഇന്നലെ കേസ് പരിഗണിച്ച ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് രേഷ്മ ശശിധരന്‍ ജലീലിനെതിരെ കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തല്‍, കലാപ ആഹ്വാനം, ദേശീയ ബഹുമതികളെ അവമതിക്കല്‍ തുടങ്ങിയവ പരാമര്‍ശത്തില്‍ ഉണ്ടെന്ന് കാട്ടിയാണ് ഹര്‍ജി നല്‍കിയത്. പാക്ക് അധിനിവേശ കശ്മീരിനെ 'ആസാദ് കശ്മീര്‍' എന്നും കശ്മീര്‍ താഴ്വരയെയും ജമ്മുവിനെയും ലഡാക്കിനെയും ചേര്‍ത്ത് 'ഇന്ത്യന്‍ അധീന കശ്മീര്‍' എന്നുമായിരുന്നു ജലീല്‍ പരാമര്‍ശിച്ചത്. 'പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം 'ആസാദ് കാശ്മീര്‍'' എന്നറിയപ്പെട്ടു. പാകിസ്ഥാന്‍ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറന്‍സിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാഉല്‍ ഹഖ് പാകിസ്ഥാന്‍ പ്രസിഡണ്ടായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാകിസ്ഥാന്‍ സര്‍ക്കാരിന് ഭരണപരമായി പാക്കധീന കശ്മീരില്‍ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം'-ഇങ്ങനെയാണ് കുറിപ്പിന്റെ ഒരു ഭാഗം.
Comments (0)