തൊട്ടടുത്തുള്ള വീട്ടിലെ നീക്കങ്ങളറിയാന്‍ സമീപവാസി സ്ഥാപിച്ചത് ഏഴു ക്യാമറകള്‍, സ്വകാര്യതയെ ബാധിക്കുന്നുവെന്ന പരാതിയുമായി വീട്ടമ്മ പൊലീസില്‍

തൊട്ടടുത്തുള്ള വീട്ടിലെ നീക്കങ്ങളറിയാന്‍ സമീപവാസി സ്ഥാപിച്ചത് ഏഴു ക്യാമറകള്‍, സ്വകാര്യതയെ ബാധിക്കുന്നുവെന്ന പരാതിയുമായി വീട്ടമ്മ പൊലീസില്‍

കോഴിക്കോട്: തങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തില്‍ അയല്‍വീട്ടുകാര്‍ സ്ഥാപിച്ച സി.സി.ടി.വി കാമറകള്‍ നീക്കണമെന്ന വീട്ടമ്മയുടെ പരാതി കോഴിക്കോട് സിറ്റി നോര്‍ത്ത് അസി. കമ്മിഷണര്‍ അന്വേഷിക്കും.

വീട്ടിലെ കിടപ്പുമുറിയില്‍ വസ്ത്രം മാറുന്നതിനിടെ ഭര്‍ത്താവായ വിമുക്തഭടന്‍ പ്രേമരാജന്റെ പിന്‍ഭാഗം കാമറക്കണ്ണില്‍ പതിഞ്ഞത് നഗ്നതാപ്രദര്‍ശനമാണെന്ന് ആരോപിച്ച്‌ പോക്‌സോ കേസ്സില്‍ കുടുക്കി ജയിലിലാക്കിയത് ചൂണ്ടിക്കാണിച്ചാണ് സിവില്‍ സ്റ്റേഷനു സമീപം തൃക്കൈപ്പറമ്ബത്ത് വീട്ടില്‍ സി.ടി സിന്ധുവിന്റെ പരാതി. അന്വേഷണത്തിലൂടെ നിജസ്ഥിതി വിലയിരുത്തി തുടര്‍നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ എ. വി ജോര്‍ജ്ജ് പറഞ്ഞു.

തങ്ങളുടെ വീടും അയല്‍വീടും തമ്മില്‍ ആറടി അകലം മാത്രമെയുള്ളൂവെന്നും മുകള്‍നിലയിലെ ബാല്‍ക്കണിയിലേക്കടക്കം ഫോക്കസ് ചെയ്ത് അയല്‍വാസി ഏഴു സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. കിടപ്പുമുറിയില്‍ ഡ്രസ്സ് മാറുന്നതുള്‍പ്പെടെ എല്ലാ ചലനങ്ങളും അയല്‍വാസി മനഃപൂര്‍വം കാമറയില്‍ പകര്‍ത്തുകയും റിക്കാര്‍ഡ് ചെയ്തു സൂക്ഷിക്കുകയുമാണ്.

തന്റെ പന്ത്രണ്ടുകാരന്‍ മകനു മുന്നില്‍ പ്രേമരാജന്‍ നഗ്നത പ്രദര്‍ശിപ്പിച്ചെന്നു പറഞ്ഞാണ് കേസില്‍ കുടുക്കിയതും ജയിലിലാക്കിയതും. പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ പലരെയും കാണിക്കുന്നതായി അറിയുന്നു. തന്റെയും ഭര്‍ത്താവിന്റെയും 15 കാരി മകളുടെയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഈ കാമറകള്‍. ഇവ നീക്കം ചെയ്യാന്‍ നടപടി തേടി നേരത്തെ നടക്കാവ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കമ്മിഷണര്‍ക്ക് പരാതി സമര്‍പ്പിക്കുന്നതെന്നും സിന്ധു പറയുന്നു.